Latest News

പട്ടാപ്പകല്‍ 10 ലക്ഷം രൂപ കവര്‍ന്നെന്നു പരാതിപ്പെട്ട യുവാവ് എടിഎമ്മില്‍ നിന്നു 10 ലക്ഷം മോഷ്ടിച്ചതിന് അറസ്റ്റില്‍

കിഴക്കമ്പലം: ബാങ്കില്‍ നിക്ഷേപിക്കുവാന്‍ കൊണ്ടു പോയ പത്തു ലക്ഷം രൂപ പട്ടാപ്പകല്‍ തട്ടിയെടുത്തെന്നു പരാതിപ്പെട്ട യുവാവിനെ എടിഎമ്മുകളില്‍ നിന്നു 10 ലക്ഷം രൂപ മോഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഞാറള്ളൂര്‍ തുരുത്തിപ്പറമ്പില്‍ മിഥുന്‍ വര്‍ഗീസ് (24) ആണ് പിടിയിലായത്.

പട്ടിമറ്റം, കിഴക്കമ്പലം ബവ്‌റിജസ് ഔട്ട്‌ലറ്റിലെ പണം കഴിഞ്ഞ വെള്ളിയാഴ്ച ബാങ്കില്‍ അടയ്ക്കാന്‍ പോകുമ്പോള്‍ പട്ടിമറ്റം വാലേത്തുപടിയില്‍ ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തുവെന്നായിരുന്നു മിഥുന്റെ മൊഴി. സംശയം തോന്നിയ ഇയാളെ പട്ടിമറ്റം എസ്‌ഐ പി.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഏറെ നേരം ചോദ്യം ചെയ്തപ്പോഴാണ് എടിഎം തട്ടിപ്പു വിവരം പുറത്തു വന്നത്.

എടിഎമ്മില്‍ പണം നിക്ഷേപിക്കുവാന്‍ ചുമതലപ്പെട്ട ഏജന്‍സിയിലെ ജീവനക്കാരനാണ് മിഥുന്‍. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 7,20,500 രൂപയാണ് ഇയാള്‍ കവര്‍ന്നത്. വാളകം, കടയിരുപ്പ് എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നും പ്രതി പണം മോഷ്ടിച്ചിട്ടുണ്ട്. ആകെ പത്തു ലക്ഷം രൂപയാണ് ഇങ്ങനെ മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മിഥുന് സമീപ പ്രദേശങ്ങളിലെ 20 എടിഎമ്മുകളില്‍ പണം നിറക്കുന്നതിനും യന്ത്രം സര്‍വീസ് നടത്തുന്നതിനും കമ്പനി ചുമതല നല്‍കിയിരുന്നു.

പണം എടിഎമ്മുകളില്‍ നിറച്ച ശേഷം ഏജന്‍സി നല്‍കിയ കോഡ് ഉപയോഗിച്ച് മിഥുന്‍ തന്നെ പിന്‍വലിക്കുകയായിരുന്നു. അതിവിദഗ്ധമായാണ് തട്ടിപ്പെന്നു പോലീസ് പറഞ്ഞു. അതിനാല്‍ ഏജന്‍സിക്ക് ഇയാളെ സംശയം തോന്നിയിരുന്നില്ല. എടിഎമ്മില്‍ നിറയ്ക്കുന്ന തുകകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മൂന്നു മാസത്തിലൊരിക്കലാണ് ഏജന്‍സി പരിശോധിക്കുന്നത്. മേയ് 31ന് പരിശോധിച്ചപ്പോള്‍ മിഥുന്റെ ഇടപാട് കൃത്യമായിരുന്നു. അതിനു ശേഷമാണ് ഇയാള്‍ തട്ടിപ്പു കാണിച്ചതെന്നു പോലീസ് പറഞ്ഞു.

പട്ടിമറ്റത്തു നിന്നും ബൈക്കില്‍ കൊണ്ടു പോയ പണം കാണാതായതുമായി ബന്ധപ്പെട്ട് സംശയം തോന്നിയതു കൊണ്ടു പോലീസ് തന്നെയാണ് സ്വകാര്യ ഏജന്‍സിയോട് മെയ് മാസത്തിനു ശേഷമുള്ള പണം നിറയ്ക്കലിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പറഞ്ഞത്. പരിശോധനയില്‍ തട്ടിപ്പ് വ്യക്തമായി. മോഷ്ടിച്ചതില്‍ മൂന്നര ലക്ഷം രൂപ സുഹൃത്തുക്കള്‍ക്ക് പലിശയ്ക്കു നല്‍കിയെന്ന് മിഥുന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ബാക്കിയുള്ള തുകയ്ക്കു വീടു പണിയും തന്റെ വിവാഹത്തിന്റെ ചെലവുകളും നടത്തി. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

ബവ്‌റിജസ് ഔട്ട്‌ലറ്റിലെ പണം തട്ടിയെടുത്ത സംഭവത്തില്‍ ഏറെ ദുരൂഹതകളുണ്ടായിരുന്നു. മിഥുന്‍ സംശയത്തിന്റെ നിഴലിലുമായിരുന്നു. വടിവാളുകൊണ്ട് തന്നെ വെട്ടി എന്നു പോലീസിനു മൊഴി നല്‍കിയെങ്കിലും വെട്ടു കൊണ്ട അടയാളങ്ങളൊന്നും ദൃശ്യമായിരുന്നില്ല. അക്രമികള്‍ ബൈക്ക് ചവിട്ടി മറിച്ചെന്നു പറഞ്ഞെങ്കിലും ബൈക്കിനു കാര്യമായ കുഴപ്പം ഇല്ലാത്തതു സംശയത്തിന് ഇട നല്‍കി. സംഭവം കൃത്രിമയായി സൃഷ്ടിക്കുവാന്‍ വേണ്ടി ആളൊഴിഞ്ഞ സ്ഥലമായ വാലേത്തുപടി മിഥുന്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ വെള്ളിയാഴ്ച കാണാതെ പോയ പത്തു ലക്ഷം രൂപയെക്കുറിച്ച് ചോദ്യം ചെയ്യലില്‍ മിഥുന്‍ കൃത്യമായ മറുപടി നല്‍കിയില്ല. സമീപത്തെ റബîര്‍ തോട്ടത്തില്‍ കൊണ്ടിട്ടു എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പണം കാണാതായ സംഭവത്തില്‍ സഹായിയായി ഒരാള്‍ കൂടി ഉണ്ടെന്ന് പോലീസിന് സൂചന കിട്ടിയെങ്കിലും ആളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിച്ചില്ല. കിഴക്കമ്പലത്തെ ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു മിഥുന്‍ തന്നെയാണ് പണം മോഷ്ടിച്ചതെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ പട്ടിമറ്റത്തെ പണം തട്ടല്‍ സംഭവവും തെളിയുമെന്നാണ് അന്വേഷകരുടെ പ്രതീക്ഷ.


Keywords: Eranakulam, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.