വിശുദ്ധ റമസാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ട് സത്യവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. നോമ്പുകാലം സമ്മാനിച്ച ആത്മസമര്‍പ്പണത്തിന്റെയും ആത്മീയ സഹനത്തിന്റെയും ചൈതന്യം ജീവിതത്തില്‍ പകര്‍ത്തിയാണ് ലോക വിശ്വാസികള്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുന്നത്.
ആഘോഷങ്ങള്‍ ഇസ്‌ലാമിന് അന്യമല്ല. മുസ്‌ലിം സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതും മതത്തിന്റെ സൗഹാര്‍ദ സന്ദേശം ഉള്‍വഹിക്കുന്നതുമായ സ്‌നേഹത്തിന്റെ മാര്‍ഗദീപങ്ങളാണ് ദീന്‍ അനുവദിച്ച ആഘോഷങ്ങള്‍. ഇത്തരം ആഘോഷ വേളകളില്‍ ഏറ്റവും പുണ്യകരമായ ഒന്നാണ് ഈദുല്‍ ഫിത്വ്ര്‍.
മുസ്‌ലിംകളുടെ ആഘോഷങ്ങള്‍ക്ക് തനതായ ഒരു സംസ്‌കാരമുണ്ട്. മതാനുഷ്ഠാനത്തിന്റെ ഭാഗമായാണ് വിശ്വാസികള്‍ ആഘോഷങ്ങളെ വരവേല്‍ക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം പുണ്യമുള്ള അമലുകള്‍ ചെയ്യുന്നതിലൂടെയും ആത്മീയ ധന്യതയുടെ ദിനമായി ആചരിക്കുന്നതിലൂടെയുമാണ് മുസ്‌ലിംകളുടെ അകം നിറയുന്നത്. ഈ സുദിനത്തില്‍ ആരാധനകളിലൂടെയാണ് ആഘോഷത്തിന്റെ നിറവും പകിട്ടും മനസ്സുകളെ സന്തോഷിപ്പിക്കുന്നത്.
പെരുന്നാള്‍ ദിനത്തില്‍ നിര്‍ബന്ധമായും സുന്നത്തായും ചെയ്യാനുള്ള കര്‍മങ്ങള്‍ മനസ്സിലാക്കി ആത്മനിര്‍വൃതിയോടെ അവ ചെയ്യാന്‍ തയ്യാറാകുന്നിടത്താണ് ഒരു വിശ്വാസിയുടെ ആഘോഷം ആരംഭിക്കുന്നത്. പെരുന്നാളിന്റെ ഈ ആത്മീയ സൗന്ദര്യം ഉള്‍ക്കൊള്ളുമ്പോള്‍ ഒരു വിശ്വാസി വ്യക്തിജീവിതത്തില്‍ അനുഭവിക്കുന്ന ആഘോഷം സ്വന്തം വീട്ടിലും അയല്‍വീടുകളിലും മറ്റുള്ളവരിലേക്കും എത്തിക്കാന്‍ കഴിയുന്നു. അതേ സമയം, ആഘോഷം എന്ന പേരില്‍ നടമാടുന്ന ആഭാസങ്ങള്‍ പെരുന്നാള്‍ ദിവസം പാടില്ലാത്തതാണ്.
ഇസ്‌ലാമികാഘോഷ സംസ്‌കാരത്തിന് വെല്ലുവിളിയാകുന്ന അനാചാരങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ ജാഗ്രത പുലര്‍ത്തേണ്ട ദിനം കൂടിയാണ് ഈദ്. റമസാനില്‍ നേടിയെടുത്ത പരിശുദ്ധിയും പരിപാവനതയും പെരുന്നാളിന്റെ നിറക്കൂട്ടുകളില്‍ ചാലിച്ച് കളയരുത്. മതത്തിന്റെ നിയമശാസനയും വിധിവിലക്കുകളും പെരുന്നാളിലെ ആഘോഷങ്ങളിലും കൈയാളണം.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന ദിനം എന്നതാണ് ഈദിന്റെ അര്‍ഥവും പൊരുളും. വര്‍ഷംതോറും ആവര്‍ത്തിച്ചു വരുന്ന ആഘോഷം എന്ന നിലയിലും ഈദിനെ വിവക്ഷിക്കാം. പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പെരുന്നാള്‍ ദിനത്തില്‍ സൃഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹു കാരുണ്യവാനും ദയാപരനുമാണ്. ഭൗതിക ജീവിതത്തിനാവശ്യമായ സര്‍വതും അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു. ഭൂമിയിലെ സര്‍വ സംവിധാനവും മനുഷ്യനു വേണ്ടിയാണെന്നാണ് അല്ലാഹു പറഞ്ഞത്. പക്ഷേ ഈ സംവിധാനത്തെ മനുഷ്യന്‍ ദുരുപയോഗം ചെയ്യുകയാണ്.
രാഷ്ട്രീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ നിലനിറുത്തി മനുഷ്യത്വത്തിന് വില പറയുന്ന അരാജക ജീവിതമാണ് നമുക്കു മുന്നിലുള്ളത്. സ്‌നേഹവും സൗഹാര്‍ദവും മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു. ഹൃദയങ്ങളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷപ്പുക നിറഞ്ഞിരിക്കുന്നു. രക്തബന്ധത്തെ പോലും തിരിച്ചറിയാന്‍ കഴിയാത്ത ദുരവസ്ഥയാണ് ആധുനിക ജീവിതങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും നിരന്തരം വേട്ടയാടപ്പെടുന്നു. കുഞ്ഞുങ്ങള്‍ക്കു നേരെ പൈശാചികതയുടെ ധ്രംഷ്ടകളാണ് നീണ്ടു ചെല്ലുന്നത്.
ഫലസ്തീനിലെ മുസ്‌ലിംകള്‍ക്ക് ഒട്ടും സാമാധാനമില്ലാത്ത ഒരു പെരുന്നാളാണ് ഈ വര്‍ഷത്തേത് എന്ന് തീര്‍ത്തും ദുഃഖത്തോടെ നമ്മള്‍ സ്മരിക്കേണ്ടതുണ്ട്. നൂറുകണക്കിന് ജീവനുകളാണ് ഇസ്‌റാഈല്‍ നരമേധത്തില്‍ പൊലിഞ്ഞത്. ആഗോള സമൂഹം അലസതയും മൗനവും പാലിക്കുമ്പോഴും മുസ്‌ലിം ലോകം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശമോതിയാണ് ഈ പെരുന്നാള്‍ ദിനം ആഘോഷിക്കുന്നത്. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട ഫലസ്തീന്‍ മനസ്സുകള്‍ക്ക് വേണ്ടി നമ്മള്‍ പ്രാര്‍ഥന നടത്തേണ്ടതുണ്ട്. ഇത്തരമൊരവസ്ഥയിലാണ് നാം ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങുന്നതെന്നു കൂടി ചിന്തിക്കണം.
രക്തം കിനിയുന്ന ജീവിതങ്ങള്‍ക്കു നടുവില്‍ നിന്ന് നാം അരച്ചെടുക്കുന്ന മൈലാഞ്ചി വര്‍ണത്തിന് സമാധാനത്തിന്റെയും ശാന്തിയുടെയും നിറം പകരാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ഏതാഘോഷത്തിനും പൊലിമയുണ്ടാകുകയുള്ളൂ.
പെരുന്നാള്‍ ദിനത്തില്‍ ചെയ്യേണ്ട കര്‍മങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രവാചകന്‍ മുഹമ്മദ് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. പതിവിലും നേരത്തെ എഴുന്നേറ്റ് കുളിച്ചൊരുങ്ങേണ്ടതുണ്ട്. ഇസ്‌ലാമിക സംസ്‌കാരം വിളിച്ചോതുന്ന പുതുവസ്ത്രങ്ങളണിയുകയും വേണം. സുഗന്ധം ഉപയോഗിക്കല്‍ പ്രത്യേകം സുന്നത്താണ്. ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിന് പോകുന്നതിന് മുമ്പായി അല്‍പ്പം ഭക്ഷണം കഴിക്കുന്നതും പ്രവാചക ചര്യയാണ്. മുഹമ്മദ് നബി(സ) ഒറ്റയായ എണ്ണത്തില്‍ ഈത്തപ്പഴം കഴിച്ചിരുന്നു.
ചെറിയ പെരുന്നാള്‍ ദിനത്തില്‍ റസൂല്‍(സ) നിസ്‌കരിക്കാന്‍ പോകുന്നതിന് മുമ്പ് അല്‍പ്പം ഈത്തപ്പഴം കഴിക്കാറുണ്ടായിരുന്നു എന്ന് അനസ് ബിന്‍ മാലിക് (റ)ഉദ്ധരിച്ചിട്ടുണ്ട്. (ബുഖാരി, 953). മാസം കണ്ടതു മുതല്‍ പെരുന്നാള്‍ നിസ്‌കാരം വരെ തക്ബീര്‍ ചൊല്ലുന്നത് ഈ സുദിനത്തില്‍ വലിയ പ്രാധാന്യമുള്ള സുന്നത്താണ്. അല്ലാഹുവിന്റെ അപദാനങ്ങള്‍ വാഴ്ത്തി ഹൃദയം കൊണ്ടാകണം തക്ബീര്‍ ചൊല്ലേണ്ടത്.
പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് വേണ്ടി നേരത്തെ എത്തണം. വിശ്വാസികള്‍ തമ്മില്‍ ഹസ്തദാനം ചെയ്ത്, ആശ്ലേഷിച്ച് സ്‌നേഹം പങ്കിടാനും കൂടിയുള്ള സുദിനമാണ് ഈദ്. പരസ്പരം വിട്ടുവീഴ്ച ചെയ്ത്, കുടുംബബന്ധം ചേര്‍ത്ത്, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൈമാറിയാകണം പെരുന്നാള്‍ ദിനം ചെലവഴിക്കേണ്ടത്. അയല്‍ വീടുകളിലും കുടുംബങ്ങളിലും സന്ദര്‍ശനം നടത്തണം. പാവപ്പെട്ടവര്‍ക്ക് സ്വദഖ നല്‍കുന്നതിന് പ്രത്യേകം പ്രതിഫലമുള്ള ദിവസമാണ് പെരുന്നാള്‍.
നമുക്ക് ചുറ്റും ജീവിക്കുന്നവരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും തണലാകാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. രോഗികളെ സന്ദര്‍ശിക്കാനും സമയം കണ്ടെത്തിയാല്‍ പെരുന്നാള്‍ ആഘോഷത്തിന് ഭംഗി കൂടും. സാമൂഹിക ബാധ്യതകള്‍ മറന്ന് സ്വന്തം വീടുകളിലെ സുഖസുഷുപ്തിയില്‍ ആഘോഷത്തിമര്‍പ്പ് നടത്തുന്ന ഒരു സാഹചര്യത്തില്‍ ഒതുങ്ങിപ്പോകരുത് പെരുന്നാള്‍ ആഘോഷങ്ങള്‍. സ്വാര്‍ഥത്തിന്റെ പ്രതിരൂപങ്ങളാകാതെ വിശാല മനസ്‌കതയുടെയും മാനുഷികതയുടെയും കാവലാളാകാനാണ് ഓരോ വിശ്വാസിയും ഈ സുദിനത്തില്‍ ശ്രമം നടത്തേണ്ടത്.
പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന ദിനമായതിനാല്‍ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആത്മാര്‍ഥതയോടെ ചോദിക്കാനും പെരുന്നാള്‍ ദിവസം ഉപയോഗപ്പെടുത്തണം. മരിച്ചവര്‍ക്കും നമ്മുടെ പ്രാര്‍ഥനകളില്‍ ഇടമുണ്ടായിരിക്കണം. പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളിയില്‍ പോകുമ്പോള്‍ ഒരു വഴിയും നിസ്‌കാരം നിര്‍വഹിച്ച് തിരിച്ച് പോകുമ്പോള്‍ മറ്റൊരു വഴിയും തിരഞ്ഞെടുക്കണം.
തനിക്ക് വേണ്ടിയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെ പേരിലും ഓരോ സ്വതന്ത്രനായ മുസ്‌ലിം ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടത് നിര്‍ബന്ധമാണ്. നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കുകയും ഒപ്പം പെരുന്നാള്‍ ദിവസം മുഖ്യഹാരം ലഭിക്കാത്ത ഒരു മുസ്‌ലിം വീടും ഉണ്ടാകാന്‍ പാടില്ലെന്നതുമാണ് ഫിത്വ്ര്‍ സകാത്തിന്റെ ലക്ഷ്യം. ഇത് പണക്കാര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തെറ്റാണ്. പെരുന്നാള്‍ രാവിലും പകലിലും താമസിക്കാനുള്ള വീട്, കഴിക്കാനുള്ള ഭക്ഷണം, വസ്ത്രം, കടമുണ്ടെങ്കില്‍ അത് വീട്ടാനുള്ള ആസ്തി ഇവ കഴിച്ച് മിച്ചമുള്ളവരൊക്കെ ഫിത്വ്ര്‍ സകാത്ത് നല്‍കണം. ഒരാള്‍ക്ക് വേണ്ടി ഒരു സ്വാഅ് (3.200 ലിറ്റര്‍- ഏകദേശം 2.600 കിലോഗ്രാം) എന്ന തോതിലാണ് നല്‍കേണ്ടത്. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് തന്നെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കലാണ് ഉത്തമം. പകലില്‍ ഏതായാലും കൊടുത്തുതീര്‍ക്കണം. രാത്രിയിലേക്ക് താമസിപ്പിക്കുന്നത് കുറ്റകരമാണ്.
സ്വന്തം ഭാര്യയോടും മക്കളോടും കൂട്ടുകുടുബങ്ങളോടും കൂടുതല്‍ വിശാലത ചെയ്തും സ്‌നേഹം പങ്കിട്ടും പെരുന്നാള്‍ ആഘോഷിക്കുക. ഒപ്പം, സാമൂഹിക ബാധ്യതകള്‍ നിറവേറ്റാനും ദുഃഖിതരുടെ കണ്ണീരൊപ്പാനും പ്രവാചകചര്യകള്‍ പിന്തുടരാനുമായാല്‍ പെരുന്നാള്‍ ദിനം ധന്യമായി.
ആധുനികതയുടെ സമ്മര്‍ദങ്ങള്‍ക്കിടയിലും മുഹമ്മദ് നബി (സ) കാണിച്ചു തന്ന പെരുന്നാള്‍ ആഘോഷങ്ങളിലേക്ക് നടന്നടുക്കാനും മുന്‍ഗാമികളായ ആത്മീയ നേതൃത്വങ്ങള്‍ വഴിനടത്തിയ പെരുന്നാള്‍ സംസ്‌കാരം തിരിച്ചുപിടിക്കാനും സാധിക്കുമ്പോഴാണ് പെരുന്നാള്‍ സാര്‍ഥകമാകുന്നത്. ഈദാശംസകള്‍.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍
(കടപ്പാട്: സിറാജ്)
(കടപ്പാട്: സിറാജ്)
Keywords: EID, Kanadapuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment