Latest News

വേദനകള്‍ക്ക് നടുവിലും ഗസ്സ പെരുന്നാള്‍ ആഘോഷിച്ചു

ഗസ്സ: ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലും ഇന്ന്​ പെരുന്നാളായിരുന്നു. കടുത്ത ദുരന്തങ്ങള്‍ക്കിടയിലാണ്​ ഫലസ്തീനിലെ ഇസ്‍ലാം മത വിശ്വാസികള്‍ക്ക്‌ ഇത്തവണ പെരുന്നാള്‍ എത്തിയത്​. ഹമാസ്​ 24 മണിക്കൂര്‍ വെടിനിര്‍ത്തലും പ്രഖ്യാപിച്ചിരുന്നു.

പെരുന്നാള്‍ ആഘോഷിച്ച മുസ്‍ലിം ലോകത്തിന്റെ മു‍ഴുവന്‍ പ്രാര്‍ഥനകളിലും നിറഞ്ഞത്​ ചോരപ്പു‍ഴയൊ‍ഴുകുന്ന ഗസ്സയായിരുന്നു . എന്നാല്‍ ആ ഗസ്സയിലെ തെരുവുകളിലെ പെരുന്നാള്‍ പ്രാര്‍ഥനകള്‍ക്ക്‌ പോരാട്ടത്തിന്റെ സ്വരമായിരുന്നു. ഇസ്രായേലിന്റെ ബോംബുകളും മിസൈലുകളും തകര്‍ത്ത നാട്ടില്‍ ഒ‍ഴിഞ്ഞുകിടന്ന സ്ഥലങ്ങളിലേക്ക്‌ ഗസ്സയിലെ ജനത പെരുന്നാള്‍ ആഘോഷിക്കാനിറങ്ങി. ആക്രമണത്തില്‍ തകര്‍ന്ന കളി സ്ഥലങ്ങളിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍, പളളി മുറ്റങ്ങളില്‍, പാതിയര്‍ടന്ന ചുവരുകള്‍ക്കുളളില്‍, ഇനിയും തകര്‍ന്നിട്ടില്ലാത്ത അപ്പാര്‍ട്ടുമെന്റുകളുടെ നടുവില്‍, തുറന്ന മൈതാനങ്ങളില്‍ .... അങ്ങിനെ സാധ്യമായ സ്ഥലങ്ങളിലെല്ലാം അവര്‍ ഈദ് ഗാഹുകള്‍ ഒരുക്കി.

ആക്രമണത്തില്‍ പരിക്കേറ്റവരെയും അംഗ വൈകല്യം വന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയും അവര്‍ അവിടെയെത്തിച്ചു. കരള്‍ പറിച്ചെടുത്ത ദുരന്തങ്ങളെ അവര്‍ പുഞ്ചിരി കൊണ്ട്​ അനായാസം മറച്ചുപിടിച്ചു. തോക്കേന്തി ചുറ്റും നടക്കുന്നവര്‍ക്കും അവര്‍ മധുരം നല്‍കി . ഏതാനും ദിവസങ്ങള്‍ക്കിടെ തങ്ങളുടെ സമീപത്തുനിന്ന്​ ഇസ്രായേല്‍ കവര്‍ന്നെടുത്ത ഉറ്റവരുടെ ഓര്‍മക്കായി അവര്‍ വിഭവങ്ങളൊരുക്കി. ഈദ്​ ഗാഹുകളില്‍ നിന്നിറങ്ങിയവര്‍ പിന്നെ പ്രിയപ്പെട്ടവരുടെ ഖബറുകള്‍ തേടിപ്പോയി. അവരുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടി. ആ ഖബറുകള്‍ക്കരികിലായിരുന്നു പലരുടെയും കുടുംബ സംഗമങ്ങള്‍. ഈദ്​ഗാഹുകളിലും രക്തസാക്ഷികളുടെ ഓര്‍മകള്‍ നിറഞ്ഞു. ഏതു നിമിഷവും ആകാശത്തുനിന്ന്​ പെയ്തിറങ്ങാവുന്ന തീ മേഘങ്ങള്‍ക്കടിയിലിരിക്കുമ്പോ‍ഴും അവരുടെ ഈദിന്​ പോരാട്ടത്തിന്റെ കരുത്തുണ്ടായിരുന്നു.

Keywords: Inter National, Gaza, Eid, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.