Latest News

ഇഷ്ട ടീമിന്റെ തോല്‍വി വിശ്വസിക്കാനാവാതെ പന്ന്യന്‍ രവീന്ദ്രന്‍

കണ്ണൂര്‍: ഇഷ്ട ടീമിന്റെ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഞെട്ടലിലാണ് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പ്രിയതാരം നെയ്മറിനെപ്പോലെ പരിക്കിന്റെ പിടിയിലകപ്പെട്ട പന്ന്യനും ബ്രസീല്‍ ജര്‍മ്മനി മത്സരത്തിന്റെ ഫലം ഇനിയും വിശ്വസിക്കാനായിട്ടില്ല.

കേരള ഹൗസില്‍ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂര്‍ കക്കാട്ടെ വസതിയിലിരുന്നാണ് ഇഷ്ട ടീമിന്റെ കളിക്ക് സാക്ഷ്യം വഹിച്ചത്. നെയ്മറില്ലെങ്കിലും സ്വന്തം മണ്ണില്‍ കളിക്കുന്നുവെന്ന ആത്മവിശ്വാസം ടീമിനെ വിജയത്തിലെത്തിക്കുമെന്ന വിശ്വാസത്തിലായിരുന്നു പന്ന്യന്‍. ആദ്യ രണ്ടുമിനുട്ടിലെ മുന്നേറ്റം പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ദുരന്തമുഖത്തേക്കുള്ള വാതില്‍ തുറക്കപ്പെടുന്നത് നിരാശയോടെ അദ്ദേഹം നോക്കിനിന്നു. 

മിനുട്ടുകള്‍ക്കുള്ളില്‍ ബ്രസീല്‍ വല ഗോളുകള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ തലയില്‍ കൈയും വച്ചിരിപ്പായി പന്ന്യന്‍ രവീന്ദ്രന്‍. തിരിച്ചടിക്കാനുള്ള ബ്രസീല്‍ പ്രതീക്ഷകളെ ഇല്ലാതാക്കി ജര്‍മ്മനി പൂര്‍ണ്ണാധിപത്യം സ്ഥാപിച്ചതോടെ സകലതും കൈവിട്ട അവസ്ഥയിലായി പന്ന്യന്‍. തോല്‍ക്കാം പക്ഷെ ഇങ്ങനെ തോല്‍ക്കരുതെന്ന് ഒടുവില്‍ സഖാവിന്റെ വാക്കുകള്‍

നെയ്മറിനെപ്പോലെ പരുക്കിന്റെ പിടിയിലായ പന്ന്യന്‍ എല്ലാ കളിയും കണ്ടു. ബ്രസീല്‍ തോല്‍ക്കുമെന്നുറപ്പായതോടെ വിദേശത്തുനിന്നടക്കം വന്ന ഫോണ്‍ വിളികളോട് നിരാശയോടെയായിരുന്നു പ്രതികരണം

ഒടുവില്‍ ഏഴിന് മറുപടിയായി ബ്രസീല്‍ ഒരു ഗോള്‍ മടക്കിയപ്പോള്‍ മുഖത്ത് ചെറിയൊരു ആശ്വാസം. മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന ഇതിനെല്ലാം പകരം ചോദിക്കുമെന്ന വിശ്വാസത്തില്‍ അദ്ദേഹം അടുത്ത സെമിക്കായി കാത്തിരിക്കുകയാണ്.

Keywords: Kannur,Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.