Latest News

കാണാതായ മൂന്നര വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി





കാസര്‍കോട്: പെരുന്നാള്‍ദിനത്തില്‍ ഒരു നാടിനെയാകെ വേദനയിലാഴ്ത്തി തെക്കിലില്‍നിന്ന് കാണാതായ മൂന്നരവയസ്സുകാരന്‍ സൈബാന്റെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. 27 മണിക്കൂര്‍ നേരത്തെ തിരച്ചിലിനുശേഷം ചൊവ്വാഴ്ച രാത്രി ഒമ്പതരയ്ക്ക് പെരുമ്പളക്കടവിനു സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്.

തെക്കില്‍ ജുമാമസ്ജിദിനു സമീപത്തെ അബ്ദുല്‍ ലത്തീഫിന്റെയും സാഹിദയുടെയും മകനാണ് അങ്കണവാടി വിദ്യാര്‍ഥിയായ സൈബാന്‍.

പെരുന്നാള്‍ ഒരുക്കത്തിന്റെ തിരക്കിനിടയില്‍ തിങ്കളാഴ്ച സന്ധ്യയോടെയാണ് കുട്ടി അപ്രത്യക്ഷനായത്. മൂത്തകുട്ടി സഹലിനും ഇളയകുട്ടി ഫാത്തിമയ്ക്കുമൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു സൈബാന്‍. ഉപ്പ ലത്തീഫ് നിസ്‌കാരത്തിന് മസ്ജിദിലും ഉമ്മ നോമ്പുതുറയുടെ തയ്യാറെടുപ്പിലുമായിരുന്നു.

ഉപ്പതിരിച്ചെത്തി കുട്ടിയെ തിരക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. പെരുന്നാളിന്റെ തിരക്ക് മാറ്റിവെച്ച് നാട്ടുകാര്‍ ഒന്നടങ്കം രാത്രിമുഴുവന്‍ അന്വേഷിച്ചിരുെന്നങ്കിലും സൂചന കിട്ടിയിരുന്നില്ല. കാസര്‍കോട് അഗ്നിരക്ഷാ കേന്ദ്രം അധികൃതര്‍ വീടിനുസമീപത്തെ ആള്‍മറ ഇല്ലാത്ത ഒരു കിണര്‍ വറ്റിച്ചും രാത്രി പരിശോധന നടത്തിയിരുന്നു.

സ്ഥലത്ത് നാടോടികളെ കണ്ടിരുന്നുവെന്ന് ചിലര്‍ അറിയിച്ചതിനാല്‍ ചൊവ്വാഴ്ച പകല്‍ നാട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ ജില്ലയിലെ നാടോടി കേന്ദ്രങ്ങളിലും അരിച്ചുപെറുക്കിയിരുന്നു.

വീടിന്റെ നൂറുമീറ്റര്‍ അകലെയാണ് പുഴയോരമെങ്കിലും ചതുപ്പു പ്രദേശമായതിനാല്‍ കുട്ടി ആ ഭാഗത്തേക്ക് പോകാന്‍ സാധ്യതയില്ലെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍., വിദ്യാനഗര്‍ പോലീസ് ഈ ഭാഗത്ത് രാവിലെ അന്വേഷിച്ചിരുന്നു. മൂന്നു ബോട്ടുകളിലായി നാട്ടുകാരും അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

തോണികളിലും രാവിലെ മുതല്‍ സംഘങ്ങളായി തിരച്ചില്‍ നടന്നിരുന്നു. പോലീസ്, ഫയര്‍ഫോഴ്‌സ്,. റവന്യൂ അധികൃതര്‍ സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം ജനറല്‍ ആസ്​പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: സഹില്‍, ഫാത്തിമ.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.