Latest News

കലാപഭൂമിയില്‍നിന്ന് വരാന്‍ കഴിയാതെ നീതു; ആശങ്കയോടെ കുടുംബം

കരുവാറ്റ (ആലപ്പുഴ): 'തൊട്ടടുത്ത എട്ടുനില കെട്ടിടത്തില്‍ മിസൈല്‍ വീണു. വെടിയൊച്ചയും തീയും പുകയും ആളുകളുടെ കൂട്ടക്കരച്ചിലും മാത്രമാണ് എവിടെയും'- നീതു ഇതു പറയുമ്പോള്‍ ഫോണിന്റെ ഇങ്ങേ തലയ്ക്കല്‍ ഞെട്ടലോടെ ഭര്‍ത്താവ് സാജു കേട്ടിരുന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായി. പുറത്തേക്ക് ഇറങ്ങാന്‍ ഒരു മാര്‍ഗവുമില്ല, ഭക്ഷണവുമില്ല. നാട്ടിലേക്ക് വരാന്‍ വഴിയും കാണുന്നില്ല. എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞപ്പോഴേക്കും ഫോണ്‍ കട്ടായി. പിന്നീട്, അവ്യക്തമായ ഭാഷയില്‍ അറബി സംഭാഷണം.

ആഭ്യന്തരകലാപം രൂക്ഷമായ ഇറാഖിലെ ദിയാലക്കടുത്ത് ബാഖ്ബ ജനറല്‍ ആസ്​പത്രിയിലെ നഴ്‌സായ കരുവാറ്റ ഷാജി ബില്‍ഡിങ്ങില്‍ സാജുവിന്റെ ഭാര്യ നീതു വേണുഗോപാലാ(27)ണ് ജൂണ്‍ 10 മുതല്‍ പൊട്ടിത്തെറികളുടെയും നിലയ്ക്കാത്ത വെടിയൊച്ചയുടെയും നടുവില്‍ കഴിയുന്നത്. ആസ്​പത്രിയുടെ ജനലില്‍ക്കൂടി അക്രമമെല്ലാം കാണാം. ഇതിനിടയില്‍ ആസ്​പത്രിക്ക് കാവല്‍നിന്ന രണ്ട് സൈനികര്‍ വെടിയേറ്റു മരിച്ചു. നീതുവിനൊപ്പം 19 മലയാളി നഴ്‌സുമാര്‍ കൂടി ആസ്​പത്രിയില്‍ കുടുങ്ങിയിരിക്കുകയാണ്.

കമ്പനി അധികൃതര്‍ പാസ്സ്‌പോര്‍ട്ടും മറ്റ് രേഖകളും പിടിച്ചു വെച്ചിരിക്കുകയാണ്. പുറത്തേക്ക് പോകാന്‍ സാഹചര്യമില്ല. വല്ലപ്പോഴും ഫോണ്‍ ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. ഞായറാഴ്ച വൈകിട്ട് വിളിച്ചപ്പോഴാണ് ഒരുമാസമായി അനുഭവിക്കുന്ന ദുരിതകഥകള്‍ ബന്ധുക്കള്‍ അറിഞ്ഞത്.

നീതുവിനും മറ്റും എയര്‍പോര്‍ട്ടില്‍ എത്തണമെങ്കില്‍ ബാഗ്ദാദില്‍നിന്ന് 586 കി.മീ അകലെയുള്ള ബസ്‌റ എയര്‍പോര്‍ട്ടില്‍ എത്തണം. ഞായറാഴ്ച വൈകിട്ട് കലാപകാരികള്‍ ഇവിടെയും ആക്രമണം നടത്തി.

രണ്ടുവര്‍ഷം ഡല്‍ഹിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു നീതു. 2014 ഫിബ്രവരി 18നാണ് നീതു ഉള്‍പ്പെടെയുള്ള 19 അംഗ സംഘം ഡല്‍ഹിയിലെ ഏജന്‍സി വഴി ഇറാഖില്‍ പോയത്. ആദ്യത്തെ 20 ദിവസം ജോലിയില്ലായിരുന്നു. ഒരുവര്‍ഷത്തെ കരാര്‍ കാലാവധിയുണ്ടായിരുന്നു. ഇതുകഴിയാതെ പോകാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് ആസ്​പത്രി മാനേജ്‌മെന്റ്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഞായറാഴ്ച ഇറാഖിലെ എംബസി ഉദ്യോഗസ്ഥനായ അജയകുമാറിനെ ഫോണില്‍ വിളിച്ച് വിവരം തിരക്കിയിരുന്നു. അടിയന്തരനടപടി സ്വീകരിക്കാമെന്ന് എംബസി അധികൃതര്‍ പറഞ്ഞതായി സാജു പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് വിവരങ്ങള്‍ കാണിച്ച് മന്ത്രി രമേശ് ചെന്നിത്തല ഫാക്‌സ് അയച്ചിട്ടുണ്ട്.

തോട്ടപ്പള്ളി കോസ്റ്റല്‍ എസ്.ഐ. ഹരിപ്പാട് അനന്തപുരം തുണ്ടില്‍ വേണുഗോപാലപിള്ളയുടെയും കൃഷ്ണകുമാരിയുടെയും മകളാണ്. 2013 ജൂണിലാണ് സാജുവുമായുള്ള വിവാഹം നടന്നത്. ഡല്‍ഹിയില്‍ സ്റ്റാഫ് നഴ്‌സായ സാജു ഇപ്പോള്‍ നാട്ടിലുണ്ട്.

Keywords: Alappuzha, Nurse, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.