Latest News

ആം ആദ്മി പാര്‍ട്ടി നേതാവ് അഞ്ചു കോടി വാങ്ങി റിയാലിറ്റി ഷോയിലേക്ക്

ന്യൂഡല്‍ഹി: അമേത്തിയില്‍ രാഷ്ട്രീയ പരാജയം സംഭവിച്ചെങ്കിലും കവി കൂടിയായ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന്റെ സമയം അത്ര മോശമല്ലെന്ന് വ്യക്തം. രാഷ്ട്രീയത്തില്‍ കാലിടറിയെങ്കിലും വിശ്വാസിന്റെ താരമൂല്യം പതിന്മടങ്ങ് വര്‍ധിച്ചതായി സമീപകാലത്ത് അദ്ദേഹത്തിനു ലഭിച്ച ഓഫറുകള്‍ വ്യക്തമാക്കുന്നു. 'ബിഗ് ബോസ്' റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് വിശ്വാസിന് അഞ്ചു കോടി വാഗ്ദാനവുമായി ടെലിവിഷന്‍ ചാനല്‍ രംഗത്തുവന്നതായാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബറില്‍ തുടങ്ങുന്ന ഷോയില്‍ പങ്കെടുക്കാനാണ് വിശ്വാസിന് പരിപാടിയുടെ നിര്‍മാതാക്കളായ എന്‍ഡെമോള്‍ ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. പരിപാടിയുടെ നിര്‍മാതാക്കള്‍ താനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയ വിശ്വാസ് പക്ഷേ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല. എന്നാല്‍ കോളജ് ലക്ചറര്‍ കൂടിയായ വിശ്വാസ് പങ്കെടുക്കാന്‍ സന്നദ്ധനായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പുറമേ മറ്റു ചില വമ്പന്‍ ഓഫര്‍ കൂടി ആം ആദ്മി പാര്‍ട്ടി നേതാവിനെ തേടിയെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും കലിഫോര്‍ണിയയിലെ ഗൂഗിള്‍ ആസ്ഥാനത്ത് അവരുടെ ജീവനക്കാര്‍ക്കും ക്ലാസ് എടുക്കാന്‍ വിശ്വാസിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അതിനിടെ വിശ്വാസിന്റെ ഒരു ഗാനം ആലപിക്കാന്‍ ആശാ ഭോസ്‌ലെ രംഗത്തുവന്നതും അദ്ദേഹത്തിന് ആഹഌദിക്കാന്‍ വക നല്‍കുന്നതാണ്. തന്റെ മൂല്യം വര്‍ധിച്ചത് തിരിച്ചറിഞ്ഞ വിശ്വാസ് സ്‌റ്റേജ് ഷോകള്‍ക്കുള്ള ഫീസ് വര്‍ധിപ്പിച്ചതായാണ് വിവരം. അമേത്തിയില്‍ രാഹുലിനെ വെല്ലുവിളിക്കാന്‍ എത്തിയ വിശ്വാസിന് ലഭിച്ചത് വെറും 25,527 വോട്ടുകള്‍ മാത്രമാണ്.

താനും രാഹുലും തമ്മിലാണ് മത്സരമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ബിജെപിയുടെ സ്മൃതി ഇറാനിയാണ് യഥാര്‍ത്ഥത്തില്‍ താരമായത്. വിശ്വാസിന് കെട്ടിവച്ച കാശു പോലും നഷ്ടമായി. തെരഞ്ഞെടുപ്പിനിടെ വിശ്വാസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളിലൊന്ന് അദ്ദേഹം മലയാളി നഴ്‌സുമാരെ പരിഹസിച്ചു നടത്തിയ പ്രയോഗങ്ങളിലൊന്നാണ്. ഇതിന്റെ വീഡിയോ എതിരാളികള്‍ പ്രചരിപ്പിച്ചതോടെ വിശ്വാസിന് പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ട അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

Keywords: Delhi, AAP, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.