Latest News

ഗാസയില്‍ പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ

ജറുസലേം: രൂക്ഷമായ പോരാട്ടത്തിന്റെ വേദിയായ ഗാസയില്‍ പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രായേലും ഹമാസും ധാരണയായി. ഒരാഴ്ചത്തെ വെടിനിര്‍ത്ത കരാറിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ തിരക്കിട്ട ശ്രമം നടക്കുന്നതിനിടെയാണ് ഇരുവരുടെയും ഭാഗത്ത് നിന്ന് ശുഭസൂചകമായ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഇസ്രായേല്‍ കരുയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പ്രതിരോധമന്ത്രി മോഷെ യാലോന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് പോരാട്ടത്തിന് താല്‍ക്കാലികമായി ഇടവേള നല്‍കിക്കൊണ്ട് ഇരുവരും പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സേന പൂര്‍ണമായി പിന്‍വാങ്ങാതെ വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് ചിന്തിക്കില്ല എന്നതായിരുന്നു ഹമാസിന്റെ നിലപാട്. ഇരുകൂട്ടരും കര്‍ക്കശ നിലപാടുകളില്‍ അയവുവരുത്തിയതോടെ മാധ്യസ്ഥശ്രമങ്ങള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്. താത്കാലിക കരാറിലെത്തിക്കഴിഞ്ഞാല്‍ ഈജിപ്ത് തലസ്ഥാനമായ കയ്‌റോയില്‍ ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി സമാധാനചര്‍ച്ച നടത്താനാണ് ശ്രമം. ബ്രിട്ടന്‍, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കുറച്ചുകാലത്തേയ്ക്ക് കൂടി നീട്ടുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും മാധ്യസ്ഥച്ചര്‍ച്ചകളില്‍ സജീവമാണ്.

മനുഷ്യത്വപരമായ സമീപനം എന്ന നിലയിലാണ് പന്ത്രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ധാരണയായതെന്ന് ഗാസയിലെ ഹമാസ് നേതാവ് സമി അബു സുഹ്‌രി മാധ്യമങ്ങളെ അറിയിച്ചു. വെടിനിര്‍ത്താന്‍ ധാരണയായതായി ഇസ്രായേലി സേനയുടെ ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍, അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം തുരുമെന്നും സേന ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍, ഹമാസ് താല്‍കാലിക കരാര്‍ ലംഘിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജൂലായ് എട്ടിന് ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതുവരെയായി കുട്ടികള്‍ അടക്കം 800 ഓളം പാലസ്തീന്‍കാരും 38 ഇസ്രായേലുകാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Keywords:Gaza, World News,  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.