Latest News

പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചമര്‍ത്തി പരീക്ഷയെഴുതി ഷെഫീന നേടിയത് ഒന്നാം റാങ്ക്.

പെരുവന്താനം: പിതാവിന്റെ ആകസ്മിക വേര്‍പാടില്‍ ഹൃദയം തേങ്ങുമ്പോഴും പരീക്ഷയെഴുതി ഷെഫീന നേടിയത് ഒന്നാം റാങ്ക്. എംജി സര്‍വകലാശാല കംപ്യൂട്ടര്‍ സയന്‍സ് എംടെക്കിനാണ് ഒന്നാം റാങ്ക്. പെരുവന്താനം പൂവത്തിനാല്‍ ഷെഫീന ഈ നേട്ടം കൈവരിച്ചത് പിതാവിന്റെ ആകസ്മിക വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കിയാണ്. കഴിഞ്ഞ ഡിസംബറിലുണ്ടായ വാഹനാപകടത്തിലാണ് പിതാവ് മുഹമ്മദ് ബഷീറിനെ ഷെഫീനയ്ക്കും കുടുംബത്തിനും അപ്രതീക്ഷിതമായി നഷ്ടമായത്.

തമിഴ്‌നാട്ടിലെ ഒട്ടംഛത്രത്ത് ഡിസംബര്‍ പത്തിന് കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തിലാണ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ബഷീര്‍ മരണപ്പെടുന്നത്. സ്വന്തമായി നിര്‍മിക്കുന്ന പുതിയ വീടിന്റെ വൈദ്യുതീകരണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കോയമ്പത്തൂരിലേക്ക് പോകവേയാണ് മരണം. പിതാവിന്റെ വേര്‍പാട് വേദനയായി ഉള്ളിലൊതുക്കിക്കഴിയുമ്പോഴും ഷെഫീനയെ തേടി ഒന്നാം റാങ്കെത്തി. തന്റെ ഈ നേട്ടത്തില്‍ സന്തോഷം പങ്കിടാന്‍ അത്തച്ചിയില്ലല്ലോയെന്നോര്‍ത്ത് ഷെഫീന വിതുമ്പുന്നു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നിന്നാണ് ഷെഫീന ബിടെക്കും എംടെക്കും പഠിച്ചത്. പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയര്‍ന്ന മാര്‍ക്കോടെയാണ് വിജയിച്ചത്. തിരുവനന്തപുരത്ത് ഐബിഎസ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ് ഷെഫീന ഇപ്പോള്‍. ഷൈലജയാണ് ഷഫീനയുടെ മാതാവ്. സഹോദരി ഷാഹിന മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്. അനിയത്തി ഷെമീറ ബികോം പഠിക്കന്നു. പെരുവന്താനത്ത് വാടകവീട്ടിലാണ് ഇപ്പോഴും ഇവരുടെ താമസം. സ്വന്തമായി വീടെന്ന അത്തച്ചിയുടെ മോഹം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഷെഫീന ഇപ്പോള്‍.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.