Latest News

പ്രളയജലം ഗ്രാമത്തെ മൂടി; ഒമ്പതുമാസം ഗര്‍ഭിണിയായ യുവതി 600 മീറ്റര്‍ പുഴ നീന്തി ആശുപത്രിയിലെത്തി

ഹൈദരാബാദ്: യഥാസമയം ചികില്‍സ ലഭിക്കുന്നതിനായി ഒമ്പതുമാസം ഗര്‍ഭിണിയായ യുവതി 600 മീറ്റര്‍ പുഴ നീന്തിക്കടന്ന് കരയിലെത്തി. ആന്ധ്രയിലെ നീലകണ്ഠരായങ്ങാടി ഗ്രാമത്തിലെ 20കാരിയായ യെല്ലമ്മ ബലപ്പഗഡിയാണ് കുഞ്ഞിന്റെയും തന്റെയും ജീവന്‍ തൃണവല്‍ഗണിച്ച് നദി മുറിച്ചു കടന്നത്. കരയിലെത്തിയ യെല്ലമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യദ്ഗിര്‍ ജില്ലയിലെ ഷോരാപ്പൂര്‍ താലൂക്കിലാണ് യെല്ലമ്മയുടെ ഗ്രാമം. കനത്ത മഴയെ തുടര്‍ന്ന്, കൃഷ്ണ നദിയുടെ നാരായണ്‍പൂര്‍ അണക്കെട്ട് തുറന്നുവിട്ടതിനാല്‍ ഗ്രാമം വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയായിരുന്നു. വീട്ടില്‍ തന്നെ കഴിയുകയാണെങ്കില്‍ ആശുപത്രിയില്‍ എത്താനോ ചികില്‍സ കിട്ടാനോ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ യെല്ലമ്മ മറുകരയിലുള്ള തറവാട്ടു വീട്ടില്‍ ചെല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, നാലു ചുറ്റും വെള്ളത്താല്‍ മൂടപ്പെട്ട ഗ്രാമത്തില്‍നിന്ന് മറുകര എത്തുക എളുപ്പമായിരുന്നില്ല. പുഴ മുറിച്ചു കടക്കുക മാത്രമായിരുന്നു പോംവഴി. തുടര്‍ന്ന്, സഹോദരങ്ങളുടെയും ബന്ധുക്കളുടെയും സഹായത്തോടെ നീന്താന്‍ അവര്‍ തയ്യാറായി. വെള്ളപ്പൊക്കം ശക്തമായതിനാല്‍ നീന്തുക എളുപ്പമായിരുന്നില്ല. എന്നിട്ടും അര കിലോ മീറ്ററിലേറെ ദൂരം നീന്തി അവര്‍ മറുകരയില്‍ എത്തുക തന്നെ ചെയ്തു.

മറുകരയില്‍ എത്തിയ യെല്ലമ്മയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. ഇതിനു ശേഷം ആശുപത്രിയില്‍നിന്ന് അഞ്ചു കിലോ മീറ്റര്‍ അകലെയുള്ള തറവാട്ടു വീട്ടിലേക്ക് ഇവരെ കൊണ്ടുപോയി. യെല്ലമ്മ ഇപ്പോള്‍ ഇവിടെ വിശ്രമിക്കുകയാണ്. 

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.