Latest News

ശ്രീകണ്ഠപുരത്ത് നാടോടികുടുംബത്തെ കെട്ടിയിട്ട് കൊള്ള: ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: വാടകയ്ക്ക് താമസിക്കുകയായിരുന്ന എട്ടംഗ നാടോടി കുടുംബത്തെ കെട്ടിയിട്ട് അക്രമിച്ച് കൊള്ളയടിച്ചതിന് ശേഷം കെട്ടിടം തകര്‍ത്ത കേസിലെ പ്രതിയായ ലോറി ഡ്രൈവറെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീകണ്ഠപുരം ബസ്റ്റാന്റിന് സമീപം പുഴയോരത്തെ കെട്ടിടത്തില്‍ താമസിക്കുന്ന തമിഴ്‌നാട് തിരുനല്‍വേലി സ്വദേശികളായ കന്തസ്വാമി, മുത്തു, ലക്ഷ്മി തുടങ്ങിയവരെയാണ് 2013 സെപ്റ്റബര്‍ 30ന് അക്രമിച്ചത്. ഈ കേസിലെ ആറാം പ്രതിയായ കേളകം ചെട്ടിയാര്‍പ്പറമ്പ വളയം ചാലിലെ ലോറി ഡ്രൈവര്‍ കൊടിയില്‍ രാജേഷി (32)നെയാണ് ശ്രീകണ്ഠപുരം സി.ഐ ബോസ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ണൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കെട്ടിട ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു. സംഘത്തലവന്‍ കേളകത്തെ ഷിനോയ്, അബ്ദുള്‍റഷീദ്, ഷാനവാസ്, ജെ.സി.ബി.ഡ്രൈവര്‍ ജോമോന്‍, സഫീര്‍ എന്നിവരെ നേരത്തെ ശ്രീകണ്ഠപുരം സി.ഐ ജോഷി ജോസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ രാജേഷ് എറണാകുളം-തൃശൂര്‍ റൂട്ടില്‍ നാഷണല്‍ പെര്‍മിറ്റ് ലോറി ഓടിക്കുകയായിരുന്നു. ശ്രീകണ്ഠപുരം സര്‍ക്കാര്‍ മദ്യഷാപ്പിന് സമീപം വച്ച് വ്യാഴാഴ്ചയാണ് ഇയാള്‍ പിടിയിലായത്.

ഷിനോയ് വിളിച്ചതനുസരിച്ചാണ് താന്‍ സംഘത്തില്‍ ചേര്‍ന്നതെന്നാണ് രാജേഷ് മൊഴി നല്‍കിയത്. ആന്തൂരിലെ ഷമീമിന്റെ കെ.എല്‍.59 എഫ് 1686 ആള്‍ട്ടോകാര്‍ വാടകക്കെടുത്താണ് സംഘം എത്തിയിരുന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുകയായിരുന്ന നാടോടി കുടുംബത്തെ രാത്രിയില്‍ സംഘം കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശ്രീകണ്ഠപുരത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. കവര്‍ച്ച ചെയ്ത മൊബൈല്‍ ഫോണ്‍ മുനമ്പ് കടവില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞതായി രാജേഷ് പോലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇവിടം പരിശോധിച്ചെങ്കിലും ഫോണ്‍ കണ്ടെത്തിയില്ല.


Keywords:Kannur, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.