Latest News

വിഷപ്പാമ്പിനെ നാവില്‍ കൊത്തിച്ച് ലഹരിയിലാകുന്ന യുവാവ് അറസ്റ്റില്‍

കൊല്ലം: കൂടുതല്‍ ലഹരിതേടി വിഷമുള്ള പാമ്പിനെ സ്വന്തം നാവില്‍ കൊത്തിക്കുന്ന യുവാവിനെ കൊല്ലത്ത് എക്‌സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ അതിന്റെ ലഹരി പോരാഞ്ഞാണ് പാമ്പിനെ നാവിനടിയില്‍ കൊത്തിച്ച് സംതൃപ്തിയടഞ്ഞിരുന്നത്.

കേരളപുരം വയലിത്തറ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷാ(19)യാണ് പാമ്പിന്‍ ലഹരിയുടെ ഉപഭോക്താവ്. 50 പൊതി കഞ്ചാവും ഇയാളില്‍നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ സംഘം കണ്ടെടുത്തു.

'സ്‌നേക്ക് ചെയ്തു' എന്നാണ് ലഹരി ഉപയോഗത്തിന്റെ പേര്. കൊച്ചി ഇരുമ്പനത്തുള്ള ടോണി മുഖേനയാണ് പാമ്പ് പ്രയോഗം. ഓരോ കൊത്തിനും 1,000 രൂപയാണ് ചാര്‍ജ്. നാലുതവണ ഇങ്ങനെ പാമ്പിനെക്കൊണ്ട് ലഹരിനുണഞ്ഞതായി മാഹിന്‍ഷാ സമ്മതിച്ചു.
കഞ്ചാവ് ലഹരി മടുത്തപ്പോള്‍ ഇന്റര്‍നെറ്റുവഴി തിരഞ്ഞാണ് പാമ്പ് പ്രയോഗം മാഹിന്‍ കണ്ടെത്തിയത്. ടോണിക്ക് ഫെയ്‌സ്ബുക്കുവഴി നിരവധി ഉപഭോക്താക്കളും ആരാധകരും ഉണ്ട്.

കുറെദിവസങ്ങളായി എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്ന മാഹിന്‍ ഷായെ കേരളപുരത്ത് എ.ടി.എം. കൗണ്ടറിന്റെ മുന്നില്‍നിന്നാണ് പിടികൂടിയത്. രാത്രി എക്‌സൈസ് ഓഫീസില്‍ അബോധാവസ്ഥയിലായ ഇയാളെ ജില്ലാ ആസ്പത്രിയിലാക്കിയിരുന്നു. രാവിലെ ബോധം വന്നപ്പോഴാണ് പാമ്പിനെക്കൊണ്ട് കൊത്തിക്കാറുണ്ടെന്നും അതിന്റെ ലഹരിയിലാണ് ബോധം പോയതെന്നും പറഞ്ഞത്. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെയാണ് ടോണിയെ പരിചയപ്പെട്ടത്. നിശ്ചിത സ്ഥലങ്ങളില്‍ എത്തുന്ന ടോണിയുടെ കൈവശം 100 മില്ലി വലിപ്പമുള്ള ചില്ലുകുപ്പിയുണ്ടാകും. ഇതിന്റെ അടപ്പിനുപകരം വല(നെറ്റ്) കെട്ടിയിരിക്കും. കുപ്പിയിലുള്ള ചെറിയ പാമ്പിനെ കൊത്തിക്കാന്‍ നെറ്റിന്റെ കെട്ടഴിച്ച് നാക്കിന്റെ അടിയിലേക്ക് കയറ്റും. പാമ്പിനെ ചെറുതായി അമര്‍ത്തുമ്പോള്‍ അത് കടിക്കും. ഇതോടെ സ്‌നേക്ക് ചെയ്യല്‍ പൂര്‍ത്തിയാകും. ലഹരി റെഡി. ഏറ്റവും ഒടുവില്‍ കോവളത്ത് എത്തിയാണ് പാമ്പിനെക്കൊണ്ട് കൊത്തിച്ചത്. പാമ്പിന്‍ലഹരി നാലുമുതല്‍ ഏഴുദിവസം വരെ നീണ്ടുനില്‍ക്കുന്നതാണെന്ന് മാഹിന്‍ഷാ മൊഴിനല്‍കി. നാലാംദിവസം മുതല്‍ ലഹരി കുറഞ്ഞുതുടങ്ങും.

പാമ്പിന്റെ കടിയേറ്റാല്‍ രണ്ട് മിനിട്ടുനേരം മരണവെപ്രാളമായിരിക്കും. നാലുദിവസം വരെ ബോധമുണ്ടാകില്ല. വിഷത്തിന്റെ തീവ്രതയില്‍ ഈ ദിവസം എന്ത് നടന്നെന്നും ഓര്‍മ്മയുണ്ടാകില്ല. നാലുദിവസം കഴിഞ്ഞ് ഉണരുമ്പോള്‍ പുനര്‍ജന്മമാണെന്ന് തോന്നുമത്രെ. ജില്ലാ ആസ്പത്രിയില്‍ പരിശോധിച്ച ഇയാളുടെ ശരീരത്തില്‍ പാമ്പിന്റെ വിഷാംശം കണ്ടെത്തിയതായി എക്‌സൈസ് പറഞ്ഞു. മോഷണവും മറ്റും നടത്തുകയും നേരത്തേ ചില കടകളില്‍ ജോലിചെയ്തിട്ടുമുള്ള യുവാവിന്റെ കൈയില്‍ കഞ്ചാവിന്റെ പടമുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്. കൊല്ലത്തെ ചില സ്ഥാപനങ്ങളില്‍ കഞ്ചാവിന്റെ ചിത്രമുള്ള ബനിയന്‍ രഹസ്യമായി വില്‍ക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇവര്‍ക്കെതിരെയും നടപടി തുടങ്ങി.

പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ശ്യാംകുമാര്‍, ബി.അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, കെ.അനില്‍കുമാര്‍, മനോജ്‌ലാല്‍, അശ്വന്ത് സുന്ദരം, ശ്രീജയന്‍, അജികുമാര്‍ എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.


Keywords:Kollam, Police, casze, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.