Latest News

കാലവര്‍ഷം കനത്തു, ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

കാസര്‍കോട് : രണ്ട് ദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ജില്ലയില്‍ ഒരാള്‍ മരിച്ചു. ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി കരുവങ്കയത്തെ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ ജോഷി (35)യാണ് കിണറ്റില്‍ വീണ് മരിച്ചത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീടിനു സമീപത്തെ പുഴയില്‍ കാല്‍കഴുകാനിങ്ങിയ വൃദ്ധനാണ് ഒഴുക്കില്‍പ്പെട്ടത്. പുങ്ങംചാല്‍ കരയില്‍ നെറ്റടുക്കം വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(85) നെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

മഴ കനത്തതോടെ ജില്ലയില്‍ പരക്കെ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. 16.54 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. ഏഴ് ഹെക്ടറോള കൃഷിയിടങ്ങളും നശിച്ചു.

പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അപകടനിലയില്‍ ഒഴുകുന്ന പുഴകളുടെ കരയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി പോകാന്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ ക്ലായിക്കോട് വില്ലേജിലെ 10 കുടുംബങ്ങളെ അധികൃതര്‍ ബന്ധുവീടുകളില്‍ മാറ്റി പാര്‍പ്പിച്ചു. മടിക്കൈ പളളത്തുംവയല്‍ വെളളത്തില്‍ ഒറ്റപ്പെട്ടുപോയ ഏഴ് കുടുംബങ്ങളെ ഫൈബര്‍ ബോട്ടില്‍ രക്ഷപ്പെടുത്തി മാറ്റി പാര്‍പ്പിച്ചു. പുല്ലൂര്‍ വില്ലേജില്‍ 12 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. അമ്പലത്തറ വില്ലേജില്‍ എച്ചിക്കാനം കോറവല്‍ വയനാട്ടു കുലവന്‍ ദൈവം ക്ഷേത്രം വീട്ടിലെ പാത്രങ്ങള്‍ വെളളത്തില്‍ ഒലിച്ചുപോയി. തറവാട്ട് വീട്ടില്‍ താമസക്കാരനായ കുഞ്ഞിരാമനെ തൊട്ടടുത്ത ബന്ധുവീട്ടില്‍ മാറ്റി പാര്‍പ്പിച്ചു.

കരിച്ചേരി പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ വെളളത്തിലായ ആറു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചെറുവത്തൂര്‍ മയ്യിച്ച ദേശീയ പാതയില്‍ കുന്നിടിഞ്ഞ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വീടുകള്‍ക്കും കാര്‍ഷിക വിളകള്‍ക്കും കനത്ത നാശനഷ്ടമാണുണ്ടായത്. കുന്നുംകൈയില്‍ ചെമ്പംകുന്നില്‍ ഉള്‍പ്പൊട്ടിയതിനാല്‍ നീലേശ്വരം ഭീമനടി റൂട്ടില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. നീലേശ്വരംഭീമനടി റോഡില്‍ ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കല്ലും മണ്ണും ഇലക്ട്രിക് പോസ്റ്റും വീണ് ഗതാഗതം തടസപ്പെട്ടു.

നെല്ലിയടുക്കത്ത് ഉരുള്‍ പൊട്ടി കനത്ത കൃഷി നാശമുണ്ടായി. കനത്ത മഴയിലും മണ്ണിടിച്ചലിലും ജില്ലയിലെ മലയോര റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. മടിക്കൈ പഞ്ചായത്തിലെ പൊള്ളത്ത് വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. തുരുത്തില്‍ ഒറ്റപ്പെട്ടുപോയ രണ്ട് കുടുംബങ്ങളെ ഫൈബര്‍ വള്ളത്തിന്റെ സഹായത്തോടെ ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരുംമണിക്കൂറുകളോളം പ്രയത്‌നിച്ചാണ് രക്ഷപ്പെടുത്തിയത്. അമ്പാടി വെളിച്ചപ്പാടന്‍ ഭാര്യ കുമ്പ, മകന്‍ രാധാകൃഷ്ണന്‍, എന്നിവരും കേശവന്‍ പട്ടേരിയുടെ കുടുംബവുമാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒരു ദിവസത്തോളം ഭീതിയില്‍ കഴിഞ്ഞത്.

ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് , റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പെരിയയില്‍ ഉരുള്‍പൊട്ടി അഞ്ച് ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. അമ്പലത്തറയില്‍ വില്ലേജ് ഉദ്യോഗസ്ഥര്‍ നാല് കുടുംബങ്ങളെയും പുല്ലൂരില്‍ 12 കുടുംബങ്ങളെയും വില്ലേജ് ഉദ്യോഗസ്ഥരെത്തി മാറ്റി പാര്‍പ്പിച്ചു. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. 

പുഴതീരത്തെ 10 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുകയും നൂറോളം കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും ചെയ്തു. മയ്യിച്ച, കാര്യങ്കോട് പ്രദേശങ്ങളിലെ കിണറുകള്‍ വെള്ളത്തിനടിയിലാണ്. കളനാട് വില്ലേജിലെ മരവയലിലെ ശൈഷജ, ചന്ദ്രശേഖരന്‍ എന്നിവരുടെ മതിലുകള്‍ ഇടിഞ്ഞു. കീഴൂരിലെ കെ കൃഷ്ണന്റെ വീട് തകര്‍ന്നു. ബല്ല വില്ലേജിലെ അരവിന്ദന്റെ വീട് മണ്ണിടിഞ്ഞ് വീണ് തകര്‍ന്നു. കാസര്‍കോട് താലൂക്കിലെ കുറ്റിക്കോലില്‍ രണ്ട് വീടുകള്‍ ഭാഗിഗമായി തകര്‍ന്നു. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ബല്ല വില്ലേജില്‍ രവി എന്നയാളുടെ വീട് കുന്നിടിഞ്ഞ് ഭാഗികമായി തകര്‍ന്നു. കൊടക്കാട് വില്ലേജില്‍ രണ്ട് വീടുകളും തകര്‍ന്നു. തായ്യന്നൂര്‍ വില്ലേജില്‍ മണ്ണിടിഞ്ഞ് വീണ് കാര്‍ത്യായണിയുടെ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നു.

കുളത്തൂര്‍ വില്ലേജില്‍ നിരവധി കുടുംബങ്ങള്‍ വെള്ളപൊക്ക ഭീഷണിയിലാണ്. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.

മൊഗ്രാല്‍ പുത്തൂരിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.. കോട്ടക്കുന്ന്, കടവത്ത്, മൊഗര്‍, ദിടുപ്പ, ബള്ളൂര്‍, പടിഞ്ഞാര്‍, ദേശാംകുളം തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായി. തെങ്ങ്, വാഴ, കവുങ്ങ് കൃഷികളാണ് വ്യാപകമായി വെള്ളം കയറി നശിച്ചത്. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പല റോഡുകളും ഇടവഴികളും വെള്ളം നിറഞ്ഞതിനാല്‍ കാല്‍നട യാത്രയും വാഹന യാത്രയും ദുരിതമായി. അറഫാത്ത് നഗര്‍, കടവത്ത്, മൊഗര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. ചൌക്കി കുന്നിലില്‍ ഇ.കെ അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കൊപ്ര ഷെഡ്ഡ് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നു. കനത്ത മഴയില്‍ ബീരന്ത്ബയലില്‍ ലളിത കലാസദനത്തിനടുത്ത സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ സതീഷ്‌കുമാറിന്റെ വീട്ടുമതില്‍ ഇടിഞ്ഞുവീണു. ഓവുചാല്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചൊഴുകിയതിനെത്തുടര്‍ന്നാണ് മതിലിടിഞ്ഞത്.

ഉളിയത്തടുക്ക ജി.ഡബ്ല്യു.എല്‍.പി. സ്‌കൂളിന്റെ ചുറ്റുമതില്‍ ഭാഗികമായി തകര്‍ന്നു.

ഇതുവരെ ജില്ലയില്‍ 9 പേര്‍ മരിച്ചു. 28541930 രൂപയുടെ കൃഷി നാശമുണ്ടായി. ഇതില്‍ 23575090 രൂപയുടെ കൃഷി നാശമുണ്ടായി. 17 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് 2478000 രൂപയുടേയും 164 വീടുകള്‍ ഭാഗികമായും തകര്‍ന്ന് 2141100 രൂപയുടേയും നാശനഷ്ടവും കണക്കാക്കുന്നു. 674.2 ഹെക്ടറില്‍ കൃഷി നശിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ശക്തമായ മഴ രേഖപ്പെടുത്തി. 194 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇത് വരെ ജില്ലയില്‍ 1562.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു.





Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.