Latest News

ക്വട്ടേഷന്‍ സംഘത്തലവന്‍ ഗുരുജി ഹമീദിന്റെ നാല് കൂട്ടാളികള്‍ ബാംഗ്ലൂരില്‍ പിടിയില്‍

കാസര്‍കോട്‌: കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവന്‍ കാസര്‍ക്കോട് സ്വദേശി അമ്മി ഹമീദിന്റെ (ഗുരുജി ഹമീദ്-28) കൂട്ടാളികളായ നാലംഗ സംഘത്തെ ബാംഗ്ലൂരില്‍ വച്ച് കമാന്റോ ഓപ്പറേഷനിലൂടെ പിടികൂടി. പൈവളിഗെ ബായിക്കട്ട ലക്ഷംവീട് കോളനിയിലെ ആസിഫ് (24), കുമ്പള ദേവീ നഗറിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (26), അബ്ദുള്‍ അസീസ് എന്ന അസീ എന്ന തടിയന്‍ അസീസ് (26), ക്വട്ടേഷന്‍ സംഘത്തിന് താമസ സൗകര്യം ഒരുക്കിക്കൊടുത്ത നിസാര്‍ ഉള്‍വാര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം അമ്മി ഹമീദിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബാംഗ്ലൂര്‍ സ്വദേശി മുഹമ്മദ് സാദ്ദിഖിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് നിന്ന് മോഷ്ടിച്ച കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ കര്‍ണ്ണാടക ഉദ്യാവാറില്‍ നിന്നാണ് ഡി.വൈ.എസ്.പി ടി.പി.രഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും പിടികൂടിയത്. കാര്‍ ഓടിച്ചിരുന്ന ടയര്‍ ഫൈസല്‍ അന്ന് ഓടി രക്ഷപ്പെട്ടിരുന്നു. മഞ്ചേശ്വരം എസ്.ഐക്ക് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ട ഫൈസലിന് വേണ്ടി നടത്തിയ അന്വേഷണമാണ് നാലുപേര്‍ പിടിയിലാകുന്നതില്‍ എത്തിയത്. ഫൈസലും മറ്റൊരാളും ഒരു കാറില്‍ കറങ്ങുന്നതായ വിവരം ലഭിച്ച കാസര്‍കോട് എസ്.പി കമാന്റോ ഓപ്പറേഷന് തോക്ക് സഹിതം ഒരു സ്‌ക്വാഡിനെ നിയോഗിക്കുകയായിരുന്നു.

ഇവര്‍ ഒരു സ്വകാര്യ വാഹനത്തില്‍ കാറിനെ പിന്തുടര്‍ന്ന് ബാംഗ്ലൂരിലെത്തി. അവിടെ ഒരു വാടക വീട്ടില്‍ ക്വട്ടേഷന്‍ സംഘം കയറിയതോടെ പോലീസ് വീട് വളഞ്ഞ് തോക്ക് ചൂണ്ടി പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തടിയന്‍ അസീസ് നിരവധി ക്വട്ടേഷന്‍ അക്രമ കേസില്‍ പ്രതിയാണ്. കൊയിലാണ്ടിയില്‍ നിന്ന് ഇന്നോവ കാര്‍ മോഷ്ടിച്ചത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. ആസിഫ് നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു. ഇപ്പോള്‍ അമ്മി ഹമീദിന്റെ കവര്‍ച്ചാസംഘത്തിലെ പ്രധാനിയാണ്. നിരവധി വധശ്രമക്കേസുകളിലും അക്രമക്കേസുകളിലും ഇയാള്‍ പ്രതിയാണ്.2013ല്‍ കുമ്പളയില്‍ വെച്ച് കുഴല്‍പ്പണ സംഘത്തെ അക്രമിച്ച് നാല് ലക്ഷം തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. അബ്ദുള്‍ അസീസ് നിരവധി ഗുണ്ടാ കേസുകളില്‍ പ്രതിയാണ്.

Keywords:Kasargod, Police, Case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.