Latest News

മൂന്ന് കുട്ടികളെ ഒഴുക്കില്‍ കാണാതായി; ഒരാളുടെ മൃതദേഹം കിട്ടി

തിരൂര്‍: പുഴയോരത്തെ വെള്ളക്കെട്ടില്‍ പിതൃസഹോദരനൊപ്പം കാര്‍ കഴുകാനെത്തിയ മൂന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തിരൂര്‍ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പടി നടക്കാവില്‍ ഇസ്മായിലിന്റെ മക്കളായ മുഹമ്മദ് റഹീസ് (14), മുഹമ്മദ് റനീസ് (12), ഇസ്മായിലിന്റെ സഹോദരന്‍ ജലീലിന്റെ മകന്‍ അജ്മല്‍ (14) എന്നിവരെയാണ് തിരൂര്‍പുഴയ്ക്കു സമീപം കാണാതായത്.

റഹീസിന്റെ മൃതദേഹം വൈകിട്ട് ആറോടെ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെ ഈസ്റ്റ് ചെമ്പ്ര ഇപ്പൂട്ടങ്ങല്‍ പാലത്തിന് സമീപമാണ് കുട്ടികളെ കാണാതായത്. തിരൂര്‍പ്പുഴയും സമീപത്തെ പാടങ്ങളും നിറഞ്ഞുകവിഞ്ഞതിനാല്‍ പ്രദേശമാകെ വെള്ളക്കെട്ടിലാണ്. ഇവിടെയാണ് കാര്‍ കഴുകാന്‍ കൊണ്ടുവന്നത്. സൈക്കിളിലെത്തിയ കുട്ടികള്‍ പ്രദേശത്തെ മറ്റു കുട്ടികള്‍ക്കൊപ്പം ആഴമില്ലാത്ത ഭാഗങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്‍പ സമയത്തിനുശേഷം മൂന്നുകുട്ടികളെ കാണാതായി. സംഭവമറിഞ്ഞയുടന്‍ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ടയര്‍ ട്യൂബുകളും ചങ്ങാടങ്ങളും എത്തിച്ച് ഏറെനേരം തിരച്ചില്‍ തുടര്‍ന്നു.

തിരൂര്‍ അഗ്നിശമനസേനയും എത്തി. തലക്കടത്തൂര്‍ ഭാഗത്ത് പുഴയിലാണ് റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. റഹീസും അജ്മലും എടരിക്കോട് പികെഎംഎം എച്ച്എസ്എസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളും റനീസ് ചെമ്പ്ര യുപി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. തിരൂര്‍, മലപ്പുറം അഗ്നിശമനസേന യൂണിറ്റുകളുടെയും മുങ്ങല്‍ വിദഗ്ധരുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്. രാത്രിതിരച്ചിലിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. തിരച്ചില്‍ തുടരേണ്ടിവന്നാല്‍ തിങ്കളാഴ്ച കൊച്ചിയില്‍നിന്ന് നാവികസേനാ സംഘത്തെ അയയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ പറഞ്ഞു. പികെഎംഎം എച്ച്എസ്എസിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.