Latest News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളി: വി.മുരളീധരന്‍

കാസര്‍കോട്: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ ആരോപിച്ചു. 

കാസര്‍കോട് ടൗണ്‍ ബാങ്ക് ഹാളില്‍ ബിജെപി ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് സമരം ചെയ്യുകയും മറുഭാഗത്ത് രഹസ്യബന്ധം സ്ഥാപിച്ചും അണികളെ വഞ്ചിക്കുകയാണ് സിപിഎം. ഇരുപാര്‍ട്ടികളുടേയും ഒത്തുകളിയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ലാവ്‌ലിന്‍ കേസ് അട്ടിമറിക്കപ്പെട്ടത്. 

പിണറായി വിജയനെ വെറുതെ വിട്ടത് ഒത്തുകളിയുടെ ഭാഗമാണെന്ന് ആരോപണമുയര്‍ന്നപ്പോള്‍ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു. അപ്പീല്‍ പോകാത്ത നടപടി നേരത്തെയുള്ള ആരോപണത്തെ ശരിവെക്കുകയാണ്.
നരേന്ദ്രമോദിയെ എങ്ങനെ നേരിടണമെന്നറിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. അഴിമതിയും ജനദ്രോഹ നടപടിയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസിനെ ജനങ്ങള്‍ തൂത്തെറിയുകയാണ്. ബിജെപിയെ മറികടക്കാന്‍ സിപിഎമ്മിനെ വാരിപ്പുണരുകയാണ് കോണ്‍ഗ്രസ്. കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുകയും കേന്ദ്രത്തില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സിപിഎമ്മിന്. ജനങ്ങളുടെ മുന്നില്‍ വോട്ട് ചോദിക്കാനുള്ള അവകാശം പോലും സിപിഎമ്മിനില്ല.
നരേന്ദ്രമോദിയുടെ നായകത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍ബലനായ പ്രധാനമന്ത്രിയും അഴിമതി നടത്തുന്ന പാര്‍ട്ടിയുമല്ല വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. രാജ്യമെങ്ങും ദേശീയമായ ഉണര്‍വ്വ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ മാറ്റത്തിനുവേണ്ടി ആഗ്രഹിക്കുന്നു. അവസരം വിനിയോഗിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, സംസ്ഥാന സമിതി അംഗം പി.രമേശ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും ജില്ലാട്രഷറര്‍ ജി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.