Latest News

പോലീസ് പരസ്യമായി തല്ലിച്ചതച്ചതില്‍ മനംനൊന്ത് ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു

നെയ്യാറ്റിന്‍കര: പൊലീസ് പരസ്യമായി തല്ലിച്ചതച്ച ഓട്ടോ ഡ്രൈവര്‍ അപമാനത്തില്‍ മനംനൊന്ത് മരത്തില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. സംഭവത്തില്‍ ജനമിളകിയതോടെ ബാലരാമപുരം നന്നന്‍കുഴിയില്‍ സംഘര്‍ഷാവസ്ഥയായി. ആര്‍.ഡി.ഒ സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തിയാല്‍ മതിയെന്ന് പറഞ്ഞ് ജനം പ്രതിഷേധിച്ചതോടെ പൊലീസ് പിന്‍വാങ്ങി.

ബാലരാമപുരം നന്നന്‍കുഴി കുളത്തിന്‍കര പുത്തന്‍ വീട്ടിലെ മധു ബേബി ദമ്പതികളുടെ മകന്‍ ഇരുപത്തിയൊന്നുകാരനായ വിനോദാണ് പൊലീസ് മര്‍ദ്ദനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വിനോദിന്റെ മരണം നന്നന്‍കുഴിയിലെ ജനത്തെയാകെ ദുഃഖത്തിലാഴ്ത്തി.

ബുധനാഴ്ച വൈകിട്ട് കാഞ്ഞിരംകുളം പൊലീസാണ് വിനോദിനെ ക്രൂരമായി സ്ത്രീകളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചത്. കാഞ്ഞിരംകുളത്ത് വാഹന പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ കണ്ട് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായിരുന്നു ഇയാളെ ക്രൂരമായി മര്‍ദ്ദിക്കാന്‍ കാരണം. ഓട്ടോറിക്ഷ െ്രെഡവര്‍ക്കുള്ള ലൈസന്‍സിന് ഇയാള്‍ അപേക്ഷിച്ചിരിക്കുകയായിരുന്നു. ലൈസന്‍സ് ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ സുഹൃത്തിന്റെ ഓട്ടോറിക്ഷ ഇടയ്‌ക്കെല്ലാം ഓടിക്കുമായിരുന്നു. അത്തരത്തില്‍ ബുധനാഴ്ച വൈകിട്ട് സവാരിയെടുത്ത് സ്ത്രീയെ പിന്നിലിരുത്തി ഓട്ടോയില്‍ പോകുമ്പോഴായിരുന്നു മുന്നിലായി പരിശോധന നടത്തുന്ന പൊലീസ് സംഘത്തെ കണ്ടത്. പൊലീസിനെ കണ്ടതും വിനോദ് ഓട്ടോറിക്ഷ വളച്ച് തിരിച്ചുവിട്ടു. ഇത് കണ്ട പൊലീസിന് വണ്ടി തിരിച്ചുവിട്ടത് സഹിക്കാനായില്ല. അവര്‍ പരിശോധനയ്ക്കായി പിടിച്ചുവച്ച ഒരു ബൈക്കുമായി ഓട്ടോറിക്ഷയ്ക്ക് പിന്നാലെ പാഞ്ഞു. വഴിയില്‍ വച്ച് ഓട്ടോയെ തടഞ്ഞിട്ട ശേഷം വിനോദിനെ പിടിച്ചിറക്കി പരസ്യമായി തല്ലിച്ചതച്ചു.

നാട്ടുകാരും ഓട്ടോറിക്ഷയിലെ യാത്രക്കാരിയും കണ്ടുനില്‌ക്കെയായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ഓട്ടോറിക്ഷയേയും വിനോദിനേയും കാഞ്ഞിരംകുളം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. െ്രെഡവിംഗ് ലൈസന്‍സിന് അപേക്ഷിച്ചതിന് ലഭിച്ച രസീതിന്റെ കോപ്പി ഹാജരാക്കാമെന്ന് പറഞ്ഞിട്ടും സ്‌റ്റേഷനിലിട്ടും വിനോദിനെ പൊതിരെ തല്ലിയത്രേ. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ മൂന്ന് പേരുടെ ജാമ്യത്തിലാണ് വിനോദിനെ വിട്ടയച്ചത്. തീരെ അവശനായ വിനോദ് അടുത്തുള്ള പുരയിടത്തില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടുകാരാണ് ഇയാള്‍ തൂങ്ങി നില്ക്കുന്നത് കണ്ടത്. ബാലരാമപുരം പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ എത്തിയെങ്കിലും നാട്ടുകാര്‍ അനുവദിക്കാത്തത് സംഘര്‍ഷത്തിന് ഇടയാക്കി. ബിന്ദു, സിന്ധു എന്നിവരാണ് സഹോദരിമാര്‍.

Keywords:Police, Attack, Suicide, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.