Latest News

ഒരുമയുടെ ചുവടുമായി "വിവിധ് ഭാരതി'

പയ്യന്നൂര്‍: വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ നൃത്തച്ചുവടുകള്‍ക്കും നാടോടിപ്പാട്ടുകള്‍ക്കുമൊപ്പം താളം പിടിച്ച് ഓണത്തിന്റെ ദേശീയത കേരളത്തിന്റെ അതിര്‍ത്തിക്കുമപ്പുറത്തേക്ക് പകര്‍ത്തുന്നതിന്റെ ആഹ്ലാദത്തിലാണ് പയ്യന്നൂരുകാര്‍. "ഓണം ദേശീയോത്സവം" പരിപാടിയുടെ ഭാഗമായി നഗരസഭയും ഫോക്ലോര്‍ അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംഘടിപ്പിക്കുന്ന ദേശീയനാടന്‍കലാമേളയാണ് അതിര്‍ത്തി മറന്നുള്ള കലാകൂട്ടായ്മയാല്‍ ഓണക്കാലത്ത് ശ്രദ്ധേയമായത്.

ത്രിപുര, മഹാരാഷ്ട, ആസാം, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളില്‍നിന്നുള്ള ഇരുന്നോറോളം കലാകാരന്മാരാണ് രണ്ട് ദിവസമായി വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. 

നവാരി സാരിയും മുടിയില്‍ ജൂഡയും ചാര്‍ത്തി വെള്ളിയാഴ്ച അരങ്ങിലെത്തിയ, മറാത്തി സ്ത്രീകള്‍ ചുവടു വച്ച ലാവനി നൃത്തം ആകര്‍ഷകമായിരുന്നു. പെപ്പയും ദോലും മുഴക്കി ആസാമിന്റെ ബിഹുവും 14 പേര്‍ അണിനിരന്ന മണിപ്പൂരിന്റെ ലായ്ഹറാബയും പശ്ചിമബംഗാളിന്റെ റൈബാന്‍ഷെയും ശ്രദ്ധേയമായി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഗാന്ധിപാര്‍ക്കില്‍ സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷനായി. കെ വി ലളിത, കെ കെ ഗംഗാധരന്‍, ഡോ. എന്‍ സജിത്, കെ രാഘവന്‍, എം കെ രാജന്‍, ഷുക്കൂര്‍ ഹാജി, എന്‍ പി ഭാസ്കരന്‍, പി ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം പ്രദീപ് കുമാര്‍ സ്വാഗതവും ജി ഷെറി നന്ദിയും പറഞ്ഞു. 

ശനിയാഴ്ച ബോഡോഷിഖില(ആസാം), ചെപേലി(ഉത്തരാഖണ്ഡ്), മതുരി ധിംസ(മഹാരാഷ്ട്ര) തുടങ്ങി എട്ടോളം സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍കൂടി അരങ്ങിലെത്തും.



Keywords: Payyannur News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.