Latest News

ബൈക്കില്‍ കറങ്ങി പണം തട്ടിയ ഉദുമയിലെ യുവാവിനായി പോലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: ബൈക്കില്‍ ചുററികറങ്ങി ആളുകളുമായി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയും തെററിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്യുന്ന യുവാവിനെതിരെ തട്ടിപ്പിരനായ അഞ്ചോളം പേര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

ഉപ്പിലക്കൈ സ്വദേശിയായ വിജയന്‍, രാധാകൃഷ്ണന്‍, പുല്ലൂരിലെ ബാലകൃഷ്ണന്‍, പെരളത്തെ ചന്ദ്രന്‍, മഡിയനിലെ ഗോവിന്ദന്‍ എന്നിവരാണ് ഉദുമ നാലാംവാതുക്കല്‍ സ്വദേശിയായ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
തട്ടിപ്പിനായി യുവാവ് ഉപയോഗിച്ചിരുന്ന ബൈക്കിന്റെ നമ്പറും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വെളളിക്കോത്ത്, പെരളം, മഡിയന്‍, പുല്ലൂര്‍, തടത്തില്‍, മടിക്കൈ, ഉപ്പിലിക്കൈ തുടങ്ങിയ ഭാഗങ്ങളില്‍ നിരവധി പേരാണ് ഈ യുവാവിന്റെ തട്ടിപ്പിനിരയായത്. പണം തട്ടാന്‍ സൗകര്യവും സഹചര്യവുമുളള ആളുകളെ പ്രത്യേകം തിരഞ്ഞുപിടിച്ചാണ് യുവാവ് തന്റെ പദ്ധതി വിജയകരമായി നടപ്പിലാക്കുന്നത്.
തന്റെ ഇരകളാകുന്നവരുടെ കുടുംബ പശ്ചാത്തലം വരെ മനസ്സിലാക്കിയാണ് തട്ടിപ്പുമായി യുവാവ് രംഗത്തുവരുന്നത്. മധ്യവയസ്‌ക്കരെയാണ് യുവാവ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഇത്തരം ആളുകളെ സമീപിക്കുന്ന യുവാവ് ആദ്യം പരിചയപ്പെടുകയും തുടര്‍ന്ന് സൗഹൃദവും സ്‌നേഹവും നടിച്ച് പൊതുവായ കാര്യങ്ങളും കുടുംബകാര്യങ്ങളും സംസാരിക്കുകയും ചെയ്യും . തുടര്‍ന്ന് ഗള്‍ഫിലുളള നിങ്ങളുടെ മകന്‍ എന്റെ സുഹൃത്താണെന്നും നിങ്ങളെ ഏല്‍പ്പിക്കാന്‍ വന്‍ തുകയും സാധനങ്ങളും എന്റെ കൈവശം തന്നയച്ചിട്ടുണ്ടെന്നും സാവകാശം അത് നല്‍കാമെന്നും അറിയിക്കും.
തന്റെ സഹോദരി ആശുപത്രിയിലാണെന്നും ബില്ലടക്കാന്‍ ഇപ്പോള്‍ കൈയില്‍ പണമില്ലെന്നും അതു കൊണ്ട് പണമുണ്ടെങ്കില്‍ നല്‍കണമെന്നും മകന്‍ അയച്ച പണത്തോടൊപ്പം ഈ ഈ പണവും കൂട്ടിച്ചേര്‍ത്ത് നല്‍കാമെന്നും സങ്കട ഭാവത്തില്‍ യുവാവ് അറിയിക്കും.
ഇതു വിശ്വസിച്ച് നല്‍കുമ്പോള്‍ ഉടന്‍ കാണാമെന്ന് പറഞ്ഞ് യുവാവ് ബൈക്കുമായി സ്ഥലം വിടും. പിന്നെ യുവാവിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കുകയുമില്ല. 4000 രൂപ മുതല്‍ 8000 രൂപ വരെ പലരില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ഹെല്‍മെററ് ധരിച്ചാണ് യുവാവ് ബൈക്കില്‍ കറങ്ങാറുളളത്. 

ഇത്തരത്തിലുളള തട്ടിപ്പ് യുവാവ് പതിവാക്കുകയും പലരും കബളിപ്പിക്കപ്പെടുകയും ചെയ്തതോടെയാണ് പോലീസില്‍ പരാതിയെത്തിയത്. ഹൊസ്ദുര്‍ഘ് സി.ഐ. കെ. ബിജുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



Keywords: Kasaragod, Udma, Kanhangad, Police, Cash, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.