Latest News

യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തെ 15 വര്‍ഷം പിന്നോട്ടടിപ്പിച്ചു: എളമരം കരീം

കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തെ 15 വര്‍ഷം പിന്നോട്ടേക്ക് നയിച്ചിരിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 653 കോടി രൂപ ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനം ഇപ്പോള്‍ 153 കോടി രൂപ നഷ്ടത്തിലാണ്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. ഇടതുപക്ഷം പിന്തുണയോടെ ഭരിച്ച യു.പി.എ സര്‍ക്കാര്‍ കേരളത്തില്‍ വ്യവസായങ്ങള്‍ കൊണ്ടുവന്നത് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ശക്തമായ സമ്മര്‍ദ്ദംമൂലമാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളോട് യു.പി.എയേക്കാള്‍ കൂടുതല്‍ വിധേയത്വം പ്രകടിപ്പിക്കുകയാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് കോര്‍പ്പറേറ്റുകളുടെ 36 ലക്ഷം കോടി രൂപയാണ് എഴുതിതള്ളിയതെങ്കില്‍ ഈ സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ തന്നെ 15,30,000 കോടി രൂപയാണ് എഴുതിതള്ളിയത്. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയിലൂടെ മാത്രമേ തൊഴിലാളി പ്രസ്ഥാനത്തെ രക്ഷിക്കാനാവുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.


കേന്ദ്രം ഭരിച്ച യു.പി.എ സര്‍ക്കാറും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയും യു.എ.പി.എ നിയമം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് മുസ്‌ലിംകള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ യു.എ.പി.എ നിയമം ചുമത്തപ്പെട്ടും അല്ലാതെയും വിചാരണത്തടവുകാരായി കഴിയുന്നതില്‍ ഭൂരിഭാഗവും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതേ നിയമമാണ് കതിരൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരിക്കല്‍ ഈ നിയമം പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് കേരളത്തില്‍ പ്രയോഗിച്ചത്. പി രാഘവന്‍ അധ്യക്ഷതവഹിച്ചു. ടി കെ രാജന്‍, പി നന്ദകുമാര്‍, എം. ഇബ്രാഹിം കുട്ടി, കെ ബാലകൃഷ്ണന്‍ സംസാരിച്ചു



Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.