Latest News

ഏഴ് വയസ്സുകാരിയുടെ കുടലിലെ പഴുപ്പ് കാഞ്ഞങ്ങാടും നിന്നും മംഗലാപുരത്തെത്തിയപ്പോള്‍ കാണാനില്ല..!!!


കാഞ്ഞങ്ങാട് : വയറുവേദനക്ക് ചികിത്സക്കെത്തിയ ഏഴ് വയസുകാരിക്ക് കുടലില്‍ പഴുപ്പാണെന്ന് ഡോക്ടര്‍ 'വിധിച്ചു.' വിധി ഉറപ്പിക്കാന്‍ ഡോക്ടര്‍ തന്നെ നിര്‍ദ്ദേശിച്ച ലാബോറട്ടറിയില്‍ നിന്ന് പരിശോധന ഫലവും ഉറപ്പിച്ചു. 35, 000 രൂപ പ്രതിഫലം നിശ്ചയിച്ച് ശസ്ത്രക്രിയക്ക് കത്തിയെടുത്ത ഡോക്ടറുടെ അമിതാവേശത്തില്‍ സംശയം തോന്നിയ കുട്ടിയുടെ പിതാവ് ഏഴു വയസുകാരിയെ ഉടന്‍ മംഗലാപുരത്തെത്തിച്ച് വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ കുട്ടിയുടെ വയറ്റില്‍ അസുഖത്തിന്റെ യാതൊരു ലക്ഷണവും കണ്ടെത്തിയതുമില്ല.

അതിഞ്ഞാല്‍ ജുമാമസ്ജിദിനടുത്ത് താമസിക്കുന്ന അബ്ദുള്‍ സക്കീര്‍-ഉമീറ ദമ്പതികളുടെ മകള്‍ സിദാന യെയാണ് ഇല്ലാത്ത രോഗം പറഞ്ഞ് കാഞ്ഞങ്ങാട്ടെ ഡോ. ഗിരിധര്‍ റാവു ശസ്ത്രക്രിയക്ക് വിധേയയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
വയറു വേദനയെ തുടര്‍ന്ന് സിദാനയെ ആഗസ്റ്റ് 29 നാണ് രക്ഷിതാക്കള്‍ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തെത്തിച്ചത്. കുട്ടിക്ക് അപ്പന്റിക്‌സൈസ് രോഗമാണെന്നും അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍ വിധി പ്രഖ്യാപിച്ചു. രക്ത പരിശോധനയ്ക്കായി കുട്ടിയെ കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിനടുത്തുള്ള കാര്‍ഡിയോവിഷന്‍ ലാബോറട്ടറിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് അപ്പന്‍ിക്‌സൈസ് ബാധിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് ഡോ. ഗിരിധര്‍ റാവുവിനെ കാണിച്ചപ്പോള്‍ ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തണമെന്ന ആവേശത്തോടെയാണ് ഡോക്ടര്‍ രക്ഷിതാക്കളോട് പ്രതികരിച്ചത്. ഡോക്ടറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടിയുടെ രക്ഷിതാക്കള്‍ പിറ്റേന്ന് സിദാനയെ മംഗലാപുരത്തെ ഇന്ത്യാന ഹോസ്പിറ്റലിലെ ഡോക്ടര്‍ അലി കുമ്പളയുടെ അടുത്തേക്ക് പരിശോധനക്ക് കൊണ്ടുപോയി.
ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് സാധാരണ രീതിയിലുള്ള വയറുവേദനമാത്രമാണെന്നും ഗുളിക കഴിച്ചാല്‍ മാറാവുന്ന രോഗം മാത്രമാണിതെന്നും ഡോക്ടര്‍ അറിയിക്കുകയും ചെയ്തു. എങ്കിലും ലാബോറട്ടറി പരിശോധനക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.
അവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് സാധാരണ വയറു വേദനയാണെന്ന് തെളിയുകയും ചെയ്തു. എങ്കിലും സംശയ നിവാരണത്തിന് കുട്ടിയെ മണിക്കൂറുകളോളം നിരീക്ഷണ വിധേയയാക്കിയ ശേഷം കുട്ടിയെ രക്ഷിതാക്കളോടൊപ്പം തിരിച്ചയക്കുകയുമായിരുന്നു.
ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സിദാനക്ക് കാഞ്ഞങ്ങാട്ടെ ഡോക്ടറുടെ 'പരീക്ഷണത്തെ തുടര്‍ന്ന് ' ഒരു ദിവസത്തെ ഓണപരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.
ശസ്ത്രക്രിയയുടെ പേരില്‍ കാഞ്ഞങ്ങാട്ടെ ചില ഡോക്ടര്‍മാര്‍ രോഗികളെ കൊല്ലാക്കൊല ചെയ്യുകയും വന്‍ തുക കീശയിലാക്കുകയും ചെയ്യുന്നുണ്ട്. ഇല്ലാത്ത രോഗത്തിനു പോലും ശസ്ത്രക്രിയ വിധിക്കുന്ന നിരവധി ഡോക്ടര്‍ക്കെതിരെ ഇതിനു മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നു വന്നതാണ്. ഡോ. ഗിരിധര്‍ റാവുവിനെതിരെ സിദാനയുടെ പിതാവ് അബ്ദുള്‍ ഷക്കീര്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.