Latest News

  

മേല്‍പ്പറമ്പയിലെ മുക്കുപണ്ട പണയത്തട്ടിപ്പ്: ഒന്‍പതു പ്രതികള്‍ക്കു കഠിന തടവും പിഴയും



കൊച്ചി: മേല്‍പറമ്പ് നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ മുക്കുപണ്ടം പണയത്തട്ടിപ്പ് കേസില്‍ പ്രതികളായ ഒമ്പത് പേര്‍ക്ക് എറണാകുളം സി.ബി.ഐ (രണ്ട്) കോടതി രണ്ട് വര്‍ഷം വീതം തടവും 20,000 രൂപ വീതം പിഴയും വിധിച്ചു. 

പ്രതികളില്‍ ആറ് പേര്‍ വനിതകളാണ്. 2000-2001 കാലയളവില്‍ 10 ഇടപാടുകളിലായി 1.36 കോടി രൂപയ്ക്ക് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് ശിക്ഷ. സി.ബി.ഐ കോടതി സ്‌പെഷ്യല്‍ ജഡ്ജ് കെ.ബാലചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി ഗ്രാമീണ്‍ ബാങ്ക് മാനേജരായിരുന്ന പി.വി കുഞ്ഞിരാമന്‍, നാലാം പ്രതി ബാങ്കിലെ അപ്രൈസര്‍ കെ.വി ശങ്കരന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. 

അഞ്ച് മുതല്‍ ഏഴ് വരെയും ഒമ്പത് മുതല്‍ 14 വരെയുമുള്ള പ്രതികളെയാണ് ശിക്ഷിച്ചത്. രണ്ടും മൂന്നും പ്രതികളെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. 

മേല്‍പറമ്പ് ഒറവങ്കരയിലെ റാബിയ, കടവത്ത് കെ.എ അന്‍വര്‍, പി.എസ് സക്കീന, ഉദുമ വെസ്റ്റിലെ ബീഫാത്വിമ, മേല്‍പറമ്പിലെ എം. മുഹമ്മദ് കുഞ്ഞി. മേല്‍പറമ്പ് മഠത്തിലെ എച്ച്. അബ്ദുല്‍ സലാം, മാങ്ങാട്ടെ നഫീസ, ഉദുമ സ്വദേശിനി നബീസ, മേല്‍പറമ്പ് വള്ളിയോട്ടെ മൈമൂന എന്നിവരെയാണ് ശിക്ഷിച്ചത്.
കുറ്റകരമായ ഗൂഢാലോചനക്കും അഴിമതി നിരോധന നിയമപ്രകാരവുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 10 ഇടപാടുകളിലായി മുക്കുപണ്ടം പണയം വെച്ച് 1,36,72,000 രൂപ നഷ്ടമുണ്ടാക്കിയതായി കോടതി കണ്ടെത്തി. പ്രതികളുടെ പേരിലുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇടപാടുകള്‍ നടത്തിയത്.




Keywords: Kasaragod, Melparamba, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.