Latest News

  

ഗായത്രി ആര്‍. സുരേഷ് കേരളത്തിന്റെ സൗന്ദര്യറാണി

ആലപ്പുഴ: കേരളത്തിന്റെ സൗന്ദര്യറാണിയായി തൃശൂരിലെ ഗായത്രി ആര്‍. സുരേഷ് കിരീടമണിഞ്ഞു. ഫസ്റ്റ് റണ്ണര്‍അപ് ആയി കൊഞ്ജിത ജോണും ( തൃശൂര്‍) സെക്കന്‍ഡ് റണ്ണര്‍അപ് ആയി ജനിതാ തോമസും (കൊച്ചി) തിരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ വിജയ കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററിലെ റാംപില്‍ നൂറുകണക്കിന് ആസ്വാദകര്‍ക്കു മുന്നില്‍ ചുവടുവെച്ച, കേരളത്തിലും പുറത്തുമുള്ള 22 മലയാളി സുന്ദരികളില്‍ നിന്നാണ് ഗായത്രി വിജയിയായത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി സുരേഷ്‌കുമാറിന്റെയും രേഖയുടെയും മകളായ ഗായത്രി ആര്‍. സുരേഷ് (22) സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. മുംബൈയില്‍ കമ്പനി സെക്രട്ടറിഷിപ്പിനു പഠിക്കുന്ന കൊഞ്ജിത ജോണ്‍ (20) തൃശൂര്‍ സ്വദേശിയായ ജോണിന്റെയും ഷേര്‍ലിയുടെയും മകളാണ്. കൊച്ചി തോപ്പുംപടി സ്വദേശി തോമസ് ചാര്‍ലിയുടെയും മരിയ ഫാമിലയുടെയും മകളായ ജനിതാ തോമസ് (20) ബികോം പഠനം പൂര്‍ത്തിയാക്കി.

മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, പെര്‍ഫെക്ട് ടെന്‍ കിരീടങ്ങള്‍ കൊഞ്ജിത ജോണും ബെസ്റ്റ് ക്യാറ്റ് വാക്ക്, ബ്യൂട്ടിഫുള്‍ ഐയ്‌സ് കിരീടങ്ങള്‍ ജനിതാ തോമസും നേടി.

മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ ആയി ജനനി മരിയ ആന്റണിയും ബ്യൂട്ടി ഫുള്‍ സ്‌മൈല്‍ ആയി പ്രിയങ്ക മേനോനും കണ്‍ജീനിയാലിറ്റിയായി ഷാരോണ്‍ സോബി വര്‍ഗീസും ഫോട്ടോജെനിക് ആയി സുകന്യ സുധാകരനും ടാലന്റഡ് ആയി വര്‍ണ സമ്പത്തും തിരഞ്ഞെടുക്കപ്പെട്ടു.

ഇംപ്രസാരിയോയും റിലയന്‍സ് ട്രെന്‍ഡ്‌സും ചേര്‍ന്നൊരുക്കിയ മിസ് കേരള 2014 ന്റെ ഫലപ്രഖ്യാപനം ഇന്നലെ രാത്രി 12.15 ആണു നടന്നത്.

ദുബായ് ഇന്റര്‍നാഷനല്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ജോര്‍ജ് ജോണ്‍, ചലച്ചിത്രസംവിധായകന്‍ ഡോ. സോഹന്‍ റോയ്, പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ വി.എ. ശ്രീകുമാര്‍, നാടകപ്രവര്‍ത്തകന്‍ മുരളി മേനോന്‍, ചലച്ചിത്രതാരങ്ങളായ സിജോയ് വര്‍ഗീസ്, രഞ്ജിനി ഹരിദാസ്, വി സ്റ്റാര്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പഴ്‌സന്‍ ഷീല കൊച്ചൗസേപ്പ്, നൃത്തസംവിധായിക സജ്‌ന നജം, തിരക്കഥാകൃത്ത് വൈ.വി. രാജേഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.




Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.