Latest News

ഫേസ്ബുക്കിലൂടെ കഞ്ചാവ് വില്‍പന: യുവാവ് പിടിയില്‍

കൊച്ചി: ഹൈടെക്ക് ബിരുദം പാസായ യുവാവ് മയക്കുമരുന്നു വില്പനയ്ക്കു തെരഞ്ഞെടുത്തതു ഹൈടെക്ക് രീതി. എന്‍ജിനീയറിംഗ് ബിരുദധാരിയായ പൂണിത്തുറ പേട്ട ജംഗ്ഷനില്‍ കോളത്തേരി റോഡില്‍ അനുപമ വീട്ടില്‍ ഷുനുലാല്‍ (22) ആണു കഞ്ചാവ് വില്പന നടത്താന്‍ ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയയെ ആശ്രയിച്ചത്.

ഫേസ് ബുക്കിലൂടെ സുഹൃത്തുക്കളെ സമ്പാദിച്ച ശേഷം അവരുമായി ചാറ്റിംഗ് നടത്തിയാണ് യുവാവ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഫേസ്ബുക്കിലൂടെ സുഹൃത്തായ ശേഷം കുറച്ചുനാള്‍ ചാറ്റു ചെയ്ത് അവരെ മനസിലാക്കിയ ശേഷം വിശ്വസ്തര്‍ എന്നു തോന്നുന്നവര്‍ക്കു മാത്രമാണ് യുവാവ് കഞ്ചാവ് നല്‍കിയിരുന്നത്.

കഞ്ചാവ് കൈമാറാന്‍ ഇയാള്‍ ഫോണ്‍വഴി ആരെയും ബന്ധപ്പെട്ടിരുന്നില്ല. ചാറ്റിംഗിലൂടെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് കൃത്യസമയത്ത് എത്തി പരിസരം വീക്ഷിച്ച് സേഫ് ആണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇയാള്‍ കഞ്ചാവ് കൈമാറിയിരുന്നത്. ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍ക്കു മാത്രമാണു ഷുനുലാല്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്നു പാലാരിവട്ടം പോലീസ് എസ്‌ഐ എം.കെ. സജീവന്‍ പറഞ്ഞു. പാലാരിവട്ടം ആലിന്‍ചുവടു ഭാഗത്തു നിന്നാണു ഷുനുലാലിനെ പിടികൂടിയത്. സേഫ് കാമ്പസ്, ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള സ്‌പെഷല്‍ ടീമും ഷാഡോ പോലീസും പാലാരിവട്ടം പോലീസും ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 200 രൂപ നിരക്കില്‍ വിറ്റിരുന്ന 225 പാക്കറ്റ് കഞ്ചാവ് കണ്ടെടുത്തു. ഷുനുലാല്‍ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നുവെന്നു സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ അനന്തലാല്‍ പറഞ്ഞു.

കഞ്ചാവ് വില്പന നടത്തുമ്പോള്‍ പോലീസ് പിടിയിലാകാതിരിക്കാന്‍ ഷുനു അതീവ ശ്രദ്ധചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ഒഴിവാക്കി. പകരം പുറത്തുള്ള ഫോണ്‍ബൂത്തിനെ ആശ്രയിച്ചു. ആവശ്യക്കാരോടു ഷുനുവുമായി ഫേസ്ബുക്കില്‍ സൗഹൃദം പുലര്‍ത്താന്‍ നിര്‍ദേശിക്കും. തുടര്‍ന്നു വിശ്യാസ്വത ഉറപ്പുവരുത്തിയതിനു ശേഷം ഫേസ്ബുക്കിലൂടെ ആശയവിനിമയം നടത്തും. ഇതായിരുന്നു ഷുനുവിന്റെ ഓപ്പറേഷന്‍ രീതി. തൃശൂരില്‍ നിന്നുള്ള ഒരാളാണു കഞ്ചാവു ഷുനുവിനു നല്കിയിരുന്നത്. ഇയാളെക്കുറിച്ചു പോലീസിനു വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ്, ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീക്ക്, നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സാജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ അനന്തലാല്‍, പാലാരിവട്ടം എസ്‌ഐ സജീവന്‍, പോലീസുകാരായ മുഹമ്മദ് ഇസഹാക്ക്, ബിജു തോമസ്, ജോഷ് കുമാര്‍, ഉമ്മര്‍, ഹുസൈന്‍, യൂസഫ്, സന്ദീപ്, ഷിബു ജോര്‍ജ്, പീതാംബരന്‍, അനില്‍ പൗലോസ് എന്നിവരാണു പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പീതാംബരന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. പാലാരിവട്ടം പോലീസ് കേസ് എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.