Latest News

യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കുറവിലങ്ങാട് : വിവാഹനിശ്ചയ ചടങ്ങിന്റെ ഒരുക്കങ്ങള്‍ നടത്താനെത്തിയ ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിലെ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

ആലപ്പുഴ പാതിരപ്പള്ളി തുമ്പോളി വികസനം വാര്‍ഡില്‍ വാലയില്‍ മേരിദാസിന്റെ മകന്‍ മിഥിന്‍ (18) കൊല്ലപ്പെട്ട കേസിലാണ് കൊല്ലം മാങ്കോട് ജയഭവനത്തില്‍ ജയകൃഷ്ണന്‍ (27), എറണാകുളം കുന്നുകര ലതാഭവനത്തില്‍ മധുസൂദനന്‍ നായര്‍ (മധു-43) എന്നിവരെ എസ്‌ഐ കെ. എന്‍. ഷാജിമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയില്‍ കുറവിലങ്ങാട് പള്ളിക്കവലയിലെ സ്വകാര്യ ലോഡ്ജിലായിരുന്നു സംഭവം. വിവാഹ നിശ്ചയ ചടങ്ങിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ലോഡ്ജിലെ മുറിയില്‍ വിശ്രമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

കേസിലെ ഒന്നാം പ്രതിയായ ജയകൃഷ്ണന്‍ പേനാക്കത്തി ഉപയോഗിച്ച് മിഥിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ മിഥിനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മിഥിന്‍ മരിച്ച വിവരം അറിയിക്കാതെ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. മിഥിന്‍ ഉള്‍പ്പെട്ട സംഘം ഡെക്കറേഷന്‍ ജോലികള്‍ക്കും ജയകൃഷ്ണനും മധുസൂദനന്‍ നായരും ഉള്‍പ്പെട്ട സംഘം വൈദ്യുതി അലങ്കാര ജോലികള്‍ക്കുമാണ് കുറവിലങ്ങാട്ട് എത്തിയത്.

ഞായാറാഴ്ച വൈകിട്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങ്. അഞ്ചുമണിയോടെ ജോലികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ താമസസ്ഥലത്തേക്ക് പോയി. പള്ളിക്കവലയിലെ ലോഡ്ജിലായിരുന്നു ഇവര്‍ക്ക് താമസമൊരുക്കിയിരുന്നത്. ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മിഥിന്‍ സുഹൃത്തുക്കളായ അരുണ്‍, കിരണ്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് പോകാനായി ഏറ്റുമാനൂരിലെത്തി. ബസ് ലഭിക്കാത്തതിനാല്‍ രാത്രി എട്ടിന് മൂവരും തിരികെ കുറവിലങ്ങാട്ടെ ലോഡ്ജില്‍ എത്തി.

മുറികളെല്ലാം നിറഞ്ഞതിനാല്‍ ഡോര്‍മെട്രിയില്‍ കിടക്കാനായിരുന്നു തീരുമാനം. 13 പേര്‍ ഇവിടെ ഉണ്ടായിരുന്നു. ഡോര്‍മെട്രിയുടെ വാതിലില്‍ മുട്ടിവിളച്ചപ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവിടെ വിശ്രമിക്കുകയായിരുന്ന മധുസൂദനന്‍ നായരുമായി വാക്ക്തര്‍ക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന തൊഴിലാളികള്‍ തമ്മിലുള്ള വാക്ക്തര്‍ക്കം ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടെ മുറിയിലുണ്ടായിരുന്ന മറ്റുള്ളവരും പുറത്തിറങ്ങി.

മധുസൂദനന്‍ നായരും മിഥിനും തമ്മിലുള്ള തര്‍ക്കം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴാണ് ജയകൃഷ്ണന്‍ എത്തിയത്. സംഘര്‍ഷത്തിനിടെ മുറിയിലേക്ക് കയറിപ്പോയ ജയകൃഷ്ണന്‍ ബാഗില്‍നിന്ന് എടുത്ത കത്തി ഉപയോഗിച്ച് മിഥിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ചോരവാര്‍ന്ന് മിഥിന്‍ വീണതോടെ ജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മിഥിനെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് പൊലീസ് സഹായത്തോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മിഥിന്‍ മരിച്ച വിവരം ജയകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറിയിച്ചില്ല. ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. തുടര്‍ന്ന് ജയകൃഷ്ണനെയും മധുസൂദനന്‍ നായരെയും പിടികൂടുകയായിരുന്നു.



Keywords:  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.