Latest News

ആറ് വര്‍ഷമായിട്ടും സഫിയ വധക്കേസ് വിചാരണ ആരംഭിച്ചിട്ടില്ല

കാസര്‍കോട്: കാസര്‍കോടിന്റെ സമര ചരിത്രത്തിന് പുതി അധ്യായം കുറിച്ച സഫിയ കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. പ്രധാന കേസുകളെല്ലാം സമയബന്ധിതമായി വിചാരണ നടക്കുമ്പോഴാണ് ക്രൂരമായി കൊലചെയ്യപ്പെട്ട കൊടക് ബാലികയായ സഫിയയുടെ കൊലപാതകത്തിന്റെ വിചാരണ ഇഴഞ്ഞു നീങ്ങുന്നത്. 

കര്‍ണാടക കൊടക് അയ്യങ്കേരിയിലെ മൊയ്തു-ആയിഷ ദമ്പതികളുടെ മകള്‍ സഫിയ എന്ന 14 കാരിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ഇതുവരെ ആരംഭിക്കാത്തത്. 2008ല്‍ കാസര്‍കോട്ട് നടന്ന 110 ദിവസം നീണ്ടുനിന്ന സമരത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും കുട്ടിയുടെ മൃതദേഹം മഡ്‌ഗോവയിലെ ഒരു കനാലില്‍വച്ച് വീണ്ടെടുക്കുകയും ചെയ്തിരുന്നു. 

മുളിയാര്‍ മാസ്തികുണ്ടിലെ കരാറുകാരന്‍ കെ സി ഹംസ, ഭാര്യ മൈമൂന എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് ആയിശയും ഈ സമരത്തില്‍ കണ്ണിയായിരുന്നു. 

2006 ഡിസംബര്‍ 15നാണ് കേസിലെ സുപ്രധാനമായ സംഭവം നടന്നത്. ഗോവയിലെ പ്രതിയുടെ ഫ്‌ളാറ്റില്‍ വച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സഫിയയുടെ ദേഹത്തേക്ക് പാത്രം മറിയുകയും പൊള്ളലേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ മൊഴി. പിന്നീട് പരിഭ്രാന്തനായ ഹംസ കുട്ടിയുടെ ശരീരത്തിലേക്ക് പച്ചവെള്ളം കോരിയൊഴിച്ചു. ഇതേത്തുടര്‍ന്ന് സഫിയ നിലവിളിച്ചപ്പോള്‍ ശബ്ദം ഫ്‌ളാറ്റിലെ മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ സഫിയയെ ബാത്ത്‌റൂമിലിട്ട് പൂട്ടി. ചെറിയ ചില മരുന്നുകള്‍ പുരട്ടിയിരുന്നു. വൈകുന്നേരത്തോടെ ഭാര്യ മൈമുന എത്തിയപ്പോള്‍ വിവരം പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ അടുക്കളയില്‍ കൊണ്ട് കിടത്തി. രാത്രിയില്‍ പെണ്‍കുട്ടി കൂടുതല്‍ അവശയാകുകയും ബോധം നശിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടി മരിച്ചുവെന്ന് കരുതി പുലര്‍ച്ചെയോടെ കുട്ടിയെ മൂന്നായി വെട്ടിമുറിച്ച് ബിഗ്‌ഷോപ്പറിലാക്കി പുഴയരികില്‍ കുഴിച്ചിട്ടു. അതിനു ശേഷം ഹംസ ഭാര്യയെയും കൂട്ടി കാസര്‍കോട്ടേക്ക് വന്നു.
2006 ഡിസംബര്‍ 21 ന് മുളിയാറിലെ ഹംസയുടെ വീട്ടിലെത്തിയ പിതാവ് മൊയ്തുവിനോട് തലേന്നാള്‍ രാത്രി സഫിയയെ കാണാതായതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹംസ തന്നെ മൊയ്തുവിനെയും കൂട്ടി ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. ഒന്നര വര്‍ഷം നീണ്ട പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 2007 ഡിംസംബര്‍ 12ന് എസ്.പി ഓഫിസിനു മുമ്പില്‍ മാതാപിതാക്കള്‍ നിരാഹാര സമരം ആരംഭിച്ചു.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഐ.ജി പത്മകുമാറിന്റെ നിര്‍ദേശ പ്രകാരം എസ്.പി കെ പി ഫിലിപ്പ്, ഡി.വൈ.എസ്.പി കെ വി സന്തോഷ്‌കുമാര്‍, എ.എസ്.ഐ കെ മുസ്തഫ, വിജയഗോപാലന്‍, ബാലകൃഷ്ണന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ പി സി ജനാര്‍ദ്ദനന്‍, കോണ്‍സ്റ്റബിള്‍മാരായ കെ വി മധുസൂദനന്‍, സജീവന്‍, ഭാസ്‌കരന്‍ എന്നിവരടങ്ങുന്ന സംഘം അന്വേഷണം നടത്തുകയും മൃതദേഹം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നത്. 

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാമെന്നും വീട് നിര്‍മിച്ചുനല്‍കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും ഇനിയും പാലിക്കപ്പെട്ടിട്ടില്ല. മകളുടെ മരണത്തോടെ തളര്‍ന്ന വീണ മൊയ്തുവും മാതാവ് ആയിശയും ഇനിയും ദുരന്തത്തില്‍ നിന്ന് മോചിതമായിട്ടില്ല. ഉന്നതര്‍ പ്രതികളായ കേസില്‍ വിചാരണ പോലും നടക്കാത്തത് ആക്ഷന്‍ കമ്മിറ്റിയേയും കുടുംബത്തേയും ആശങ്കയിലാക്കിയിട്ടുണ്ട്.



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.