Latest News

സി.പി.എം സര്‍വേക്കെതിരെ മുസ്ലിം ലീഗ്

കോഴിക്കോട്: ഓണത്തിനിടെ സി.പി.എം നടത്തുന്ന കുടുംബ സര്‍വേക്കെതിരെ മുസ്ലിം ലീഗ്. സര്‍വേ വ്യക്തി സ്വാതന്ത്രത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശ പ്രശ്നമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി. നേരത്തേ ആധാറിനെ എതിര്‍ത്ത സി.പി.എം ഒരു കുടുംബവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ശേഖരിക്കുന്ന സര്‍വേയുമായി രംഗത്തത്തെിയത് രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതിയും കൂലിയുമടക്കം ചോദിച്ചുള്ള സി.പി.എം സര്‍വേ നേരത്തേ വാര്‍ത്തയായിരുന്നു. പാര്‍ട്ടി അംഗങ്ങളിലെ കൊഴിഞ്ഞുപോക്ക് തടയാനും പാര്‍ട്ടിയുടെ ജനകീയത വീണ്ടെടുക്കാനും തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായുമാണ് പാര്‍ട്ടി സര്‍വേ നടത്തുന്നത്. മുഴുവന്‍ വീടുകളിലും കയറിയിറങ്ങി വിശദാംശങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. 21 മുതല്‍ 23 വരെയുള്ള ചോദ്യങ്ങള്‍ ജാതിയുമായി ബന്ധപ്പെട്ടതാണ്. മിശ്രവിവാഹിതരാണോ എന്ന് അറിയാനാണ് ഈ ചോദ്യമെന്നാണ് വിശദീകരണം

ഹിന്ദുമതം, ഇസ്ലാംമതം, ക്രിസ്തുമതം, മറ്റുള്ളവ എന്നിങ്ങനെയാണ് ചോദ്യം. ഇതിന് അനുബന്ധമായി ജാതിരഹിത വിവാഹങ്ങളുടെ എണ്ണം, മതരഹിത വിവാഹങ്ങളുടെ എണ്ണം എന്നിവ വേര്‍തിരിച്ചും ചോദിച്ചിട്ടുണ്ട്. ആറ് മുതല്‍ 10 വരെയുള്ള ചോദ്യങ്ങളാണ് കൂലിയുമായി ബന്ധപ്പെട്ടത്. തൊഴിലുള്ളവര്‍, ഇല്ലാത്തവര്‍, വിദ്യാര്‍ഥികള്‍, വിദേശത്ത് തൊഴില്‍ ചെയ്യന്നവര്‍, വിദേശത്തുനിന്ന് തിരിച്ചുവന്നവര്‍ എന്നീ വിഭാഗങ്ങളാക്കി തിരിച്ചാണ് ചോദ്യം.

കുടുംബവരുമാനം, ശമ്പളം, കൃഷി, കച്ചവടം, കൂലിവേല, സ്വയംതൊഴില്‍, പെന്‍ഷന്‍ എന്നിങ്ങനെ പ്രത്യേകേ വരുമാന സ്രോതസ്സുകള്‍ ചോദിച്ചിട്ടുണ്ട്. കൈവശമുള്ള ഭൂമി, വാഹനം, ഫോണ്‍ കണക്ഷന്‍ തുടങ്ങിയ ചോദ്യങ്ങളുമുണ്ട്. 26ാമത്തെ ചോദ്യം മുതലാണ് രാഷ്ട്രീയം വരുന്നത്. മറ്റ് പാര്‍ട്ടിയിലേക്ക് പോയവര്‍, ഏത് പാര്‍ട്ടിയിലേക്കാണ് പോയത്, പുതുതായി പാര്‍ട്ടിയില്‍ വന്നവര്‍, നിഷ്ക്രിയരായവര്‍ എന്നിങ്ങനെയാണ് കോളങ്ങള്‍. മറ്റ് പാര്‍ട്ടിയില്‍നിന്ന് സി.പി.എമ്മിലേക്ക് വന്നവരുടെ രാഷ്ട്രീയ ഇടപെടലുകള്‍, സി.പി.എം അംഗങ്ങളുള്ള വീടുകളുടെ എണ്ണം, വീടുകളില്‍ വരുത്തുന്ന പത്രങ്ങള്‍ തുടങ്ങിയ വിവരങ്ങളോടെ സര്‍വേ പൂര്‍ണമാകുന്നു. ഈമാസം 15നകം സര്‍വേ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. പരിശീലനം നല്‍കിയ സ്ക്വാഡംഗങ്ങളാണ് സര്‍വേ നടത്തുന്നത്.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.