Latest News

പ്രധാനമന്ത്രിയെ അപഹസിക്കുന്ന ഇ-മെയില്‍: സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപഹസിച്ചു കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ ലാപ്‌ടോപ്പില്‍നിന്നു മറ്റു സ്‌കൂളുകളിലേക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഇ-മെയില്‍ സന്ദേശം അയച്ച കേസില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി. ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.

ലാപ്‌ടോപ് മോഷ്ടിച്ച് ഒരു കുട്ടി മറ്റേ കുട്ടിക്കു കൈമാറുകയും വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ചു രണ്ടാമന്‍ ഇ-മെയില്‍ അയയ്ക്കുകയും ചെയ്‌തെന്നാണു പൊലീസ് കണ്ടെത്തല്‍. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ബിജെപി സ്‌കൂളിലേക്കു നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ഒരു ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹിയുടെ മകന്‍ തന്നെയാണത്രെ സന്ദേശമയച്ചത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: നാലു ലാപ്‌ടോപ്പുകളാണ് സ്‌കൂളിലുള്ളത്. ഇതില്‍ ഒന്നു കേടായതിനാല്‍ ബാഗിലാക്കി മാറ്റിവച്ചിരിക്കുകയായിരുന്നു. മറ്റു മൂന്നു ലാപ്‌ടോപ്പുകളും ബാഗിനു പുറത്താണു വച്ചിരുന്നത്. വ്യാഴാഴ്ച കുട്ടികളില്‍ ഒരാള്‍ കേടായ ലാപ്‌ടോപ് ബാഗില്‍നിന്ന് എടുത്തു പുറത്തു വയ്ക്കുകയും പ്രവര്‍ത്തിക്കുന്ന മൂന്നു ലാപ്‌ടോപ്പുകളില്‍ ഒന്ന് എടുത്തു വീട്ടിലേക്കു കടത്തുകയും ചെയ്തു. സ്‌കൂള്‍ അധികൃതര്‍ വൈകിട്ടു പരിശോധിച്ചപ്പോള്‍ മൂന്നു ലാപ്‌ടോപ്പുകള്‍ കണ്ടതിനാല്‍ മോഷണ വിവരം അറിഞ്ഞില്ല. വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതിനാല്‍ മോഷണം നടത്തിയ കുട്ടി രണ്ടാമനു ലാപ്‌ടോപ് കൈമാറി. ഈ കുട്ടി വീട്ടില്‍നിന്നു ഞായറാഴ്ച ലാപ്‌ടോപ് പ്രവര്‍ത്തിപ്പിച്ചു സൈന്‍ ഔട്ട് ചെയ്യാത്ത ഇ-മെയില്‍ അക്കൗണ്ട് പരിശോധിച്ചു.

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം സ്‌കൂളുകളില്‍ അവതരിപ്പിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സന്ദേശമുണ്ടായിരുന്നതു തുറന്നു നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശമടങ്ങിയ ഫെയ്‌സ് ബുക്ക് ചിത്രങ്ങള്‍ ചേര്‍ത്തു മറുപടി സന്ദേശമായി അയയ്ക്കുകയായിരുന്നു.

വിവാദമായതോടെ മോഷ്ടിച്ച കുട്ടി ലാപ്‌ടോപ് തിരികെ വാങ്ങി തല്ലിപ്പൊളിച്ചു സമീപത്തെ തോട്ടില്‍ എറിഞ്ഞു. സഹപാഠികളില്‍നിന്നു ലഭിച്ച സൂചനയെ തുടര്‍ന്നു താമരശേരി സിഐ എം.പി. സുനിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ലാപ്‌ടോപ് മണല്‍വാരല്‍ തൊഴിലാളികള്‍ കണ്ടെടുത്തു പൊലീസിനു കൈമാറി.



Keywords:  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.