Latest News

മഴനൂലുകള്‍ക്കിടയില്‍ കാഴ്ചയൊളിപ്പിച്ച് റാണിപുരം

കാഞ്ഞങ്ങാട്:  മഴനൂലുകള്‍ക്കിടയിലൂടെ കോടമഞ്ഞു പുതച്ചുകടക്കുന്ന റാണിപുരത്തിന്റെ കുളിര്‍മയും മനോഹാരിതയും അനുഭവിച്ചറിയാന്‍ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി.

പച്ചപ്പില്‍ മൂടിക്കിടക്കുന്ന മാനിമലയുടെ നെറുകയിലെത്തിയ സഞ്ചാരികള്‍ ലോകംകീഴടക്കിയ സന്തോഷത്തോടെയാണ് മടങ്ങുന്നത്. മഴക്കാടുകളും ചോലവനങ്ങളും പുല്‍മേടുകളും പ്രകൃതി അനുഗ്രഹിച്ചുനല്‍കിയ ഇവിടം വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുകയാണ്. ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള റാണിപുരം മണ്‍സൂണ്‍ ടൂറിസത്തിനും സാഹസികയാത്രകള്‍ക്കും ഏറെ അനുയോജ്യമാണ്.

സമുദ്രനിരപ്പില്‍ നിന്നു 2500 അടിയോളം ഉയരത്തിലാണു റാണിപുരം സ്ഥിതിചെയ്യുന്നത്. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് റാണിപുരത്തുനിന്നും മാനിമലയിലേക്ക് ട്രക്കിംഗ് നടത്താന്‍ ഒന്നരമണിക്കൂറോളം സമയം വേണം. 

കുന്നിനുമുകളില്‍നിന്നും ഒഴുകിവരുന്ന അരുവിയും വിവിധ ഇനത്തില്‍പ്പെട്ട ഇരുന്നൂറോളം പക്ഷികളും ഉഗ്രവിഷമുള്ള രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങിയ പാമ്പുകളും അപൂര്‍വങ്ങളായ ഔഷധസസ്യങ്ങളും വന്‍മരങ്ങളും ഇവിടെ ധാരാളമായി കണ്ടുവരുന്നു. ഒപ്പം വന്യമൃഗങ്ങളുടെ ആവാസകേന്ദ്രവുമാണ് റാണിപുരം. ഇവകള്‍ക്കിടയിലൂടെയുള്ള യാത്ര വിനോദസഞ്ചാരികള്‍ക്കു പുതിയ അനുഭവം പകര്‍ന്നുനല്‍കുന്നു. സാഹസിക വഴികളിലൂടെ സഞ്ചരിച്ച് മാനിമലയുടെ മുകളിലെത്തിയാല്‍ കാണുന്ന മനോഹര ദൃശ്യങ്ങള്‍ തേടിയാണ് സഞ്ചാരികളില്‍ ഭൂരിഭാഗവും ഇവിടേക്ക് എത്തുന്നത്. സഞ്ചാരികളുടെ എണ്ണം കൂടിയതിനാല്‍ വനംവകുപ്പ് പാതതെളിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുമുണ്ട്.

പക്ഷി നിരീക്ഷണത്തിനും സാഹസിക യാത്രകള്‍ക്കുമായി നിരവധി ആളുകളും ഇവിടേയ്‌ക്കെത്താറുണ്ട്. പച്ചവിരിച്ച കുന്നുകളും താഴ്‌വരയുടെ ഭംഗിയും അതിര്‍ത്തി പങ്കിടുന്ന തലക്കാവേരി വന്യജീവി സങ്കേതത്തിലെ കുടക് മലനിരകളുടെ മനോഹാരിതയും ഇവിടെനിന്നാല്‍ അനുഭവിച്ചറിയാം. 

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണു ട്രക്കിംഗിനും സാഹസിക വിനോദസഞ്ചാരികള്‍ക്കും അനുയോജ്യമായ സമയം. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ താമസ-ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പശ്ചിമഘട്ട മലനിരകളില്‍ പെടുന്ന റാണിപുരം കാസര്‍ഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണു സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാതയിലെ പനത്തടി ടൗണില്‍ നിന്നു പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാടു നിന്നും 45 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു ഈ പ്രകൃതിരമണീയതയുടെ മടിത്തട്ടിലെത്താന്‍.

കര്‍ണാടകയില്‍ നിന്നും വരുന്ന വിനോദസഞ്ചാരികള്‍ക്ക് റാണിപുരത്തെത്താന്‍ മടിക്കേരി ബാഗമണ്ഡലം വഴി നൂറു കിലോമീറ്റര്‍ സഞ്ചരിക്കണം. ഇവരുടെ സൗകര്യം പരിഗണിച്ചു പാണത്തൂരില്‍ നിന്നും റാണിപുരത്തേക്കെത്താന്‍ പുതുതായി റോഡ് നിര്‍മിക്കാനുള്ള രൂപരേഖ തയാറാക്കിവരുന്നതായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി നാഗേഷ് തെരുവത്ത് പറഞ്ഞു.



Keywords: Kasaragod, Ranipuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,  റാണിപുരം 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.