Latest News

യന്ത്രത്തില്‍ കുടുങ്ങി കൈ നഷ്ടമായ മലയാളിക്ക് 58 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബൈ: കമ്പനിയില്‍ യന്ത്രം വൃത്തിയാക്കുന്നതിനിടയിലുണ്ടായ അപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ട യുവാവിന് മൂന്നര ലക്ഷം ദിര്‍ഹം (58 ലക്ഷം രൂപ) നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി.

ദുബൈയില്‍ റൂഫിങ് മെറ്റീരിയല്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ ജോലിക്കാരനായ തൃശുര്‍ സ്വദേശി അഷ്റഫ് അബൂബക്കറിനാണ് നഷ്ടപരിഹാരം ലഭിക്കുക. 2012 മേയ് അഞ്ചിനായിരുന്നു സംഭവം. യന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ മറ്റൊരു തൊഴിലാളി അശ്രദ്ധമായി സ്വിച്ച്ഓണാക്കിയതാണ് അപകടത്തിന് കാരണമായത്.
വലതുകൈക്ക് സാരമായി പരിക്കേറ്റ അഷറഫിനെ ഹെലികോപ്റ്ററില്‍ ഉടന്‍ തന്നെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചെങ്കിലും വലതു കൈ മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. അശ്രദ്ധമായി യന്ത്രം പ്രവര്‍ത്തിച്ച തൊഴിലാളിക്ക് ക്രിമിനല്‍ കോടതി ശിക്ഷ നല്‍കിയിരുന്നു.
ചികിത്സക്കുശേഷം നാട്ടിലേക്ക് പോകുന്നതിന് മുമ്പ് ദുബൈ അല്‍കബ്ബാന്‍ അഡ്വക്കേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന 20 ലക്ഷം ദിര്‍ഹം നഷ്ടപരിഹരം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസിലാണ് ദുബൈ പ്രാഥമിക സിവില്‍ കോടതി മൂന്നര ലക്ഷം ദിര്‍ഹവും ഒമ്പത് ശതമാനം പലിശയും നല്‍കാന്‍ എതിര്‍ കക്ഷിയായ കമ്പനിയോട് ഉത്തരവിട്ടത്. എന്നാല്‍ ഈ തുക മതിയായ നഷ്ടപരിഹാരമല്ലാത്തതിനാല്‍ വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.
ഈ കേസില്‍ കോടതിയില്‍ അടക്കേണ്ട കോര്‍ട്ട് ഫീസ് നല്‍കിയതും കേസിന്‍െറ നടത്തിപ്പിന് വേണ്ട സഹായങ്ങള്‍ അഷ്റഫിന് ചെയ്യുന്നതും അയല്‍വാസിയായ കാസിമാണ്.



Keywords: International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.