Latest News

അശ്വതിക്ക് ജീവിതത്തിലേക്ക് മടങ്ങണം; ഒരു കൈ സഹായിക്കാമോ?

മാവുങ്കാല്‍: ദുരിതങ്ങളുടെയും വേദനകളുടെയും ലോകത്ത് പിറന്ന് അര്‍ബുദമെന്ന മാരക രോഗത്തിന്റെ കരാള ഹസ്തത്തിലമര്‍ന്ന പതിനൊന്നുകാരി ഉദാരമതികളുടെ കനിവ് തേടുന്നു. 

മാവുങ്കാല്‍ കോട്ടപ്പാറയിലെ പരേതനായ പത്മനാഭ വാര്യര്‍-ജ്യോതി ദമ്പതികളുടെ മകളും പനയാല്‍ ഗവ: ഹൈസ്‌കൂളിലെ 6-ാം തരം വിദ്യാര്‍ത്ഥിനിയുമായ ടി വി അശ്വതിയാണ് തലയ്ക്ക് ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്.
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ വലിയ സാമ്പത്തിക ചിലവു വരുന്ന വിദഗ്ധ ചികിത്സ തന്നെ വേണ്ടിവരും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കടുത്ത തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അശ്വതിയെ നിരവധി ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും രോഗ നിര്‍ണയം നടത്താന്‍ സാധിച്ചിരുന്നില്ല. 

ഒടുവില്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അശ്വതിക്ക് തലച്ചോറിന് മാരകരോഗം ബാധിച്ചതായി തെളിഞ്ഞത്. ഇവിടത്തെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അശ്വതിയെ തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് പത്മനാഭ വാര്യരുടെ മരണശേഷം മക്കളായ അശ്വതിയുടെയും അമൃതയുടെയും സംരക്ഷണ ചുമതല ജ്യോതിയില്‍ വന്നുചേരുകയായിരുന്നു. അമൃത മാവുങ്കാല്‍ സ്വാമി രാംദാസ് സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയാണ്. 

അശ്വതിയുടെ ചികിത്സ ചിലവിന് പണം കണ്ടെത്താന്‍ നിലവില്‍ ജ്യോതിക്ക് യാതൊരു നിര്‍വ്വാഹവുമില്ല. അരവയര്‍ നിറക്കാന്‍ പാടുപെടുന്ന കുടുംബത്തിന് മുന്നില്‍ അശ്വതി ഒരു ചോദ്യ ചിഹ്നമായി മാറിക്കഴിഞ്ഞു.
ചികിത്സിക്കാന്‍ എവിടെ നിന്ന് എങ്ങിനെ പണം കണ്ടെത്താനാകുമെന്ന് ആ കുടുംബത്തിന് യാതൊരു ഊഹവുമില്ല. ഇതിനിടയിലാണ് ഈ കുടുംബത്തിന്റെ ദൈന്യത പുറംലോകം അറിഞ്ഞത്. അശ്വതിയുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് എല്ലാം മറന്ന് നാട്ടുകാര്‍ രംഗത്ത് വന്നു. 

നാട്ടുകാര്‍ അശ്വതി ചികിത്സ സഹായസമിതിക്ക് രൂപം നല്‍കി. 
ചികിത്സാ സഹായസമിതി വിജയാ ബാങ്ക് കോട്ടപ്പാറ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍ 208601011000552 . ചികിത്സാ സഹായസമിതിയുമായി 9447466842,9544007526 എന്നീനമ്പറുകളില്‍ ബന്ധപ്പെടാം.



Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.