Latest News

കാസര്‍കോട്ട് സൗജന്യ ഡയാലിസിസ് പദ്ധതിയുമായി കെ.എം.സി.സി

ദുബൈ: ആതുര സേവന രംഗത്ത് പുതുചരിത്രം കുറിക്കുകയാണ് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി. അശരണര്‍ക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിര്‍ധനരും നിരാലംബരുമായ വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതിയാണ് കെ.എം.സി.സി നടപ്പിലാക്കുന്നത്. സ്‌നേഹ സാന്ത്വനം എന്നപേരിലുള്ള പദ്ധതി നവംബറോടെ നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത്.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നത്.

സ്‌നേഹ സാന്ത്വന പദ്ധതി നടപ്പില്‍ വരുത്തുന്നതിന് വേണ്ടി മണ്ഡലം സെക്രട്ടറി പി.ടി നൂറുദ്ദീന്‍ ആറാട്ടുകടവിനെ ചുമതലപ്പെടുത്തി. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഗഫൂര്‍ എരിയാല്‍, ഷരീഫ് പൈക്ക, സലീം ചേരങ്കൈ, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ.ബി അഹമ്മദ്, റഹീം ചെങ്കള, സത്താര്‍ ആലംപാടി എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി ജാതിമത ഭേദമന്യേയുള്ള നിര്‍ധനരും നിരാലംബരുമായ വൃക്ക രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാകും.

മണ്ഡലത്തിലെ തൊഴില്‍ രഹിതരായ എട്ട് യുവാക്കള്‍ക്ക് സൗജന്യമായി ഓട്ടോ റിക്ഷകള്‍ നല്‍കിയും നിര്‍ധനരായ യുവതികള്‍ക്ക് 100 തയ്യല്‍ മെഷീന്‍ നല്‍കിയും ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മാതൃകയായിരുന്നു. വീടില്ലാത്ത പാവങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ചു നല്‍കുന്ന ബൈത്തു റഹ്മ പദ്ധതി വിജയകരമായി മുന്നേറുന്നതിനിടയിലാണ് വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്ന സ്‌നേഹ സാന്ത്വനം പദ്ധതി ആവിഷ്‌കരിച്ചത്.

കെ.എം.സി.സിയുടെ സഹായഹസ്തം പാവപ്പെട്ട രോഗികളിലേക്ക് കൂടി നീളുന്നതോടെ അത് നിരാലംബരായ അനവധി പേര്‍ക്ക് ജീവിതത്തിലേക്കുള്ള പ്രതീക്ഷ നല്‍കും. നിലവില്‍ പാവപ്പെട്ട രോഗികള്‍ക്ക് ഭാരിച്ച ചെലവില്‍ മംഗലാപുരത്തെയും കാസര്‍കോട്ടെ ചില സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. ചില സ്ഥലങ്ങളില്‍ ഇടയ്ക്കിടെ സേവനം തകരാറിലാകുന്ന സ്ഥിതിയും ഉണ്ട്. പ്രവാസികളുടെ കൂട്ടായ്മ ഈ രംഗത്തേക്ക് കൂടി കടന്നുവരുന്നതോടെ അത് നിരവധി പേരുടെ പ്രതീക്ഷകള്‍ക്ക് തിരിതെളിക്കും.


Keywords: Kasaragod, KMCC, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.