Latest News

മകളെ കൊലപ്പെടുത്തിയത് കാമുകിയുമായുള്ള ബന്ധത്തിനു തടസ്സം നിന്നത് കാരണം

ഇരിങ്ങാലക്കുട: മകളെ കൊലപ്പെടുത്തിയത് കാമുകിയുമായുള്ള ബന്ധത്തിനു തടസ്സം നിന്നത് കാരണം. പൊറത്തിശ്ശേരി പള്ളിക്കാട് റോഡില്‍ പള്ളന്‍ വീട്ടില്‍ ഫെമിയെ (14) കൊലപ്പെടുത്തി റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച കേസില്‍ പിതാവ് ബെന്നി (42), ബെന്നിയുടെ കാമുകി തിരൂര്‍ വെട്ടം സ്വദേശി കുറ്റിക്കാട്ടില്‍ വീട്ടില്‍ വിനിത (38), വിനിതയുടെ 16 വയസുകാരനായ മകന്‍, ബെന്നിയുടെ പന്ത്രണ്ട് വയസുകാരനായ മകന്‍ എന്നിവരാണു പിടിയിലായത്. 

ചൊവ്വാഴ്ച രാത്രി എട്ടോടെ കോഴിക്കോട് വെള്ളയില്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്നാണു ഡിവൈഎസ്പി പി.എ. വര്‍ഗീസ്, സിഐ ആര്‍. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. 18 വര്‍ഷം മുന്‍പു വിവാഹിതനായ ബെന്നി രണ്ടു വര്‍ഷമായി ഭാര്യ ജൂലിയില്‍നിന്ന് അകന്നു കുട്ടികളോടൊപ്പം പൊറത്തിശ്ശേരിയിലുള്ള വീട്ടിലാണു താമസിച്ചിരുന്നത്.

എന്നാല്‍ മാര്‍ച്ച് 20 മുതല്‍ ബെന്നിയും മക്കളും വീട്ടില്‍നിന്ന് അപ്രത്യക്ഷരായിരുന്നു. ജൂലിയുമായുള്ള വിവാഹമോചന കേസില്‍ ബെന്നിയും മക്കളും കോടതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്നു ജൂലി പൊലീസില്‍ പരാതി നല്‍കി. നാലു മാസമായിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം ബെന്നിയുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ സഹിതം 19നു പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.

പരസ്യം നല്‍കി അടുത്ത ദിവസം തിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ചമ്രവട്ടത്ത് ബെന്നിയുണ്ടെന്ന് ഇരിങ്ങാലക്കുട പൊലീസിന് അറിവ് ലഭിച്ചു. തുടര്‍ന്നു തിരൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. പിന്നീട് ഇരിങ്ങാലക്കുടയിലെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 

പൊറത്തിശ്ശേരിയില്‍നിന്നു മക്കളെയും കൊണ്ടുപോയ പ്രതി ചമ്രവട്ടത്തുള്ള വിനിതയുടെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. വിനിതയുമായുള്ള ബെന്നിയുടെ ബന്ധത്തെ എതിര്‍ത്തതും അമ്മയായ ജൂലിയെ കാണണമെന്നു വാശിപിടിച്ചതുമാണു മകളെ കൊലപ്പെടുത്താനുള്ള കാരണമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് 20നാണു കൊലപാതകം നടന്നത്. കൊലപ്പെടുത്തുന്നതിന് ഒരാഴ്ച മുന്‍പു പ്രതികള്‍ തിരിച്ചറിയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ തലമുടി വടിച്ചു കളഞ്ഞിരുന്നു. കുട്ടിയെ കൊലപ്പെടുത്തുന്നതിനു 20നു കോഴിക്കോട് വെള്ളയില്‍ ബീച്ചിലെത്തിയെങ്കിലും ജനത്തിരക്കു മൂലം കഴിഞ്ഞില്ല. തുടര്‍ന്നു മെഡിക്കല്‍ഷോപ്പില്‍നിന്ന് ഉറങ്ങാനുള്ള ഗുളിക വാങ്ങി കുട്ടി കാണാതെ പാനീയത്തില്‍ കലര്‍ത്തി നല്‍കി. മയങ്ങിയ കുട്ടിയെ ബീച്ചിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി വിനിതയുടെയും മക്കളുടെയും സഹായത്തോടെ ബെന്നി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം റയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. 

റയില്‍വേ ട്രാക്കില്‍നിന്നു മൃതദേഹം ലഭിച്ചെങ്കിലും തല മുണ്ഡനം ചെയ്തതിനാലും ട്രെയിന്‍ കയറി മൃതദേഹം വികൃതമായതിനാലും തിരിച്ചറിയാനായില്ല. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. 

രക്ഷപ്പെട്ടെന്നു കരുതിയിരിക്കുന്നതിനിടെയാണു പത്രപരസ്യം പ്രതികളെ കുടുക്കിയത്. എസ്‌ഐ എം.ജെ. ജിജോ, എഎസ്‌ഐ കെ. പ്രദീപ്, സീനിയര്‍ സിപിഒമാരായ ടി.യു. സുരേഷ്, എന്‍.കെ. അനില്‍കുമാര്‍, അനില്‍ തോപ്പില്‍, സി.പി. വിജു, വി.കെ., അബൂബക്കര്‍, സിപിഒമാരായ സി.ആര്‍. രാജേഷ്, മുഹമ്മദ് സാലി, ടി.ബി. വഹദ്, വനിതാ സിപിഒ അപര്‍ണ ലവകുമാര്‍ എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.