Latest News

ദിയയെ കാണാതായിട്ട് രണ്ടു മാസം; പൊന്നുമോളുടെ തിരിച്ചു വരവ് കാത്ത് കുടുംബത്തോടൊപ്പം ഒരു ഗ്രാമവും പ്രാര്‍ഥനയില്‍

ഇരിട്ടി: കീഴ്പ്പള്ളി കോഴിയോടെ ദിയയെന്ന ഒന്നര വയസുകാരിയെ കാണാതായിട്ട് രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. പൊന്നുമോളുടെ തിരിച്ചു വരവ് കാത്ത് കുടുംബത്തോടൊപ്പം ഒരു ഗ്രാമവും പ്രാര്‍ഥനയോടെ കഴിയുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു രാവിലെ 9.30 ഓടെയാണ് കനത്തമഴയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ദിയയെ കാണാതായത്. 

വീടിനു നൂറ് മീറ്റര്‍ അകലെയുള്ള കൈത്തോട്ടില്‍ കുട്ടി ഒഴുക്കില്‍പെട്ടോയെന്ന സംശയത്തെ തുടര്‍ന്ന് ദിവസങ്ങളോളം വീട്ടുകാരും നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു.

കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നു ആറളം പോലീസിനൊപ്പം ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ വി.വി. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡും അന്വേഷണത്തിനായി രൂപീകരിച്ചു. കമ്പിളി പുതപ്പ് കച്ചവടം നടത്തുന്നവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും തമിഴ്‌നാട്ടില്‍ കുട്ടിയെ കണ്ടെത്തിയെന്നുമെല്ലാം പ്രചാരണം നടന്നുവെങ്കിലും പോലീസ് അന്വേഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ല. 

ശരീരത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ അപഹരിക്കാനായി ആരെങ്കിലും ദിയയെതട്ടികൊണ്ടു പോയതാകമെന്ന സംശയത്തില്‍ പോലീസ് കമ്പിളി കച്ചവടക്കാര്‍ താമസിക്കുന്ന വീടുകളിലും, സമീപത്തെ ചിലരുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിട്ടില്ല.

കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുട്ടി വീടിനു സമീപത്തെ കൈത്തോട്ടില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്നുമാണ് സിഐ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ഡിവൈഎസ്പി പി. സുകുമാരനോട് നേരിട്ടു ഹാജരായി ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ഷുഹൈലും ഫാത്തിമയും ദിയയുടെ ഏകസഹോദരന്‍ നാലര വയസുകാരന്‍ സിയാനും ചേര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ്. 

കുട്ടി ഒഴുക്കില്‍പ്പെട്ടതാണോ, മറ്റാരെങ്കിലും തട്ടികൊണ്ടു പോയതാണോയെന്ന ദുരൂഹത നീക്കാന്‍ ഇതുവരെയും പോലീസിനു കഴിയാത്തതിനാല്‍ മകള്‍ക്കായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ഷുഹൈലും ഫാത്തിമയും.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.