Latest News

പ്രസവം വാട്‌സ്ആപ്പില്‍: ഡോക്‌ടര്‍മാര്‍ക്കു മുന്‍കൂര്‍ ജാമ്യം

കൊച്ചി: വാട്ട്‌സ്‌ആപ്പിലൂടെ പ്രസവരംഗം പ്രചരിപ്പിച്ചെന്ന കേസില്‍ പയ്യന്നൂര്‍ താലൂക്ക്‌ ആശുപത്രിയിലെ മൂന്നു ഡോക്‌ടര്‍മാര്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥര്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്നു കോടതി ഇവര്‍ക്ക്‌ നിര്‍ദേശം നല്‍കി. 

പ്രതികള്‍ക്കെതിരേ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണു നിലനില്‍ക്കുന്നതെന്നു പ്രോസിക്യൂഷന്‍ വ്യക്‌തമാക്കിയ സാഹചര്യത്തിലാണു ജസ്‌റ്റിസ്‌ വി.കെ. മോഹനന്‍ ജാമ്യം നല്‍കിയത്‌. ഡോക്‌ടര്‍മാരായ മനോജ്‌കുമാര്‍, സുനില്‍, മധുസൂദനന്‍ എന്നിവരാണു മുന്‍കൂര്‍ ജാമ്യം തേടിയത്‌. 

സ്‌ത്രീത്വത്തെ അവഹേളിച്ചതിനും ചിത്രങ്ങള്‍ വാട്ട്‌സ്‌ ആപ്പിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു കേസ്‌.
ഇതിനിടെ, കേസില്‍ സീനിയര്‍ ട്രീറ്റ്‌മെന്റ്‌ സൂപ്പര്‍വൈസര്‍ സുബൈറിനെ പോലീസ്‌ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌തു. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്‌. ഈ ലാപ്‌ടോപ്പിലൂടെയാണു ദൃശ്യങ്ങള്‍ വാട്‌സ്‌അപ്പിലേക്കു കൈമാറിയതെന്നാണു സൂചന. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ വിവാദ ദൃശ്യം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. 

ദൃശ്യങ്ങള്‍ മായ്‌ച്ചു കളഞ്ഞതാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്‌. ഇതിനായി ലാപ്‌ടോപ്പ്‌ വിദഗ്‌ധ പരിശോധനയ്‌ക്ക്‌ അയയ്‌ക്കും. കേസില്‍ സീനിയറായ നഴ്‌സിംഗ്‌ അസിസ്‌റ്റന്റിനെയും ചോദ്യം ചെയ്യുന്നുണ്ട്‌. തൃക്കരിപ്പൂര്‍ സ്വദേശിനിയായ യുവതിയുടെ പ്രസവരംഗമാണ്‌ ആശുപത്രിയില്‍ ചിത്രീകരിച്ചത്‌. മൂന്നു കുട്ടികള്‍ക്കു ജന്മം നല്‍കിയ യുവതിയുടേതു സിസേറിയന്‍ പ്രസവമായിരുന്നു. ഇതു മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രീകരിച്ച്‌ വാട്‌സ്‌ അപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 



Keywords: Payyannur, Kannur, Kerala News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.