Latest News

പത്രപ്പരസ്യം നല്‍കി വിവാഹം തട്ടിപ്പ്: യുവാവും ആദ്യ ഭാര്യയും പിടിയില്‍

ഉദയംപേരൂര്‍: പത്രപ്പരസ്യം നല്‍കി രണ്ടാം വിവാഹം നടത്തിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെയും ആദ്യ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ ചേലക്കര പഴയന്നൂര്‍ സ്വദേശി രാജീവ് (36), ആദ്യ ഭാര്യ വിനീത (29) എന്നിവരെയാണ് ഉദയംപേരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ഏഴു വര്‍ഷം മുന്‍പ് വിനീതയെ വിവാഹം കഴിച്ച രാജീവ്, കഴിഞ്ഞ വര്‍ഷം പത്രപ്പരസ്യം നല്‍കിയാണ് സൗത്ത് പറവൂര്‍ സ്വദേശിനിയെ പരിചയപ്പെട്ടത്.

തുടര്‍ന്ന് വീട്ടില്‍ പോയി വിവാഹാലോചന നടത്തി. തന്റെ വീട്ടുകാര്‍ എതിര്‍ക്കുന്നതിനാല്‍ രഹസ്യമായി ക്ഷേത്രത്തില്‍ വിവാഹം നടത്താമെന്ന് അറിയിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ചു. ഈ സമയത്ത് വിനീത രാജീവിന്റെ സഹോദരിയാണെന്നു പറഞ്ഞ് ഒപ്പമുണ്ടായിരുന്നു. വിനീതയാണ് താലി കെട്ടുന്നതിന് സഹായിയായി നിന്നത്.

വിവാഹശേഷം വിവിധ ആവശ്യങ്ങള്‍ പറഞ്ഞു മൂന്നു തവണയായി അഞ്ചു ലക്ഷം രൂപ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയില്‍നിന്നു വാങ്ങി. വിവാഹത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞ് പെണ്‍കുട്ടിയെ സൗത്ത് പറവൂരിലെ വീട്ടിലാക്കി മടങ്ങിയ ഇയാള്‍ പിന്നീട് പണം വാങ്ങുന്നതിനു മാത്രമാണ് ഇവിടേക്ക് വന്നിരുന്നത്. കഴിഞ്ഞ ദിവസം 50,000 രൂപ ആവശ്യപ്പെട്ടു വിളിച്ച ശേഷം പണം വാങ്ങുന്നതിന് ചമ്പക്കരയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.

ആദ്യ ഭാര്യയില്‍ ഇയാള്‍ക്കു രണ്ടു കുട്ടികളുണ്ട്. ഇതില്‍ ഒരു കുട്ടിയെ ഇയാള്‍ ദത്തു നല്‍കിയിരിക്കുകയാണ്. ഉദയംപേരൂര്‍ എസ്‌ഐ ബിജോയ് ചന്ദ്രനും സംഘവും ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Keywords: Kerala News,Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.