Latest News

സഫ്‌ന വധക്കേസ്: പ്രതി കുറ്റക്കാരന്‍. ശിക്ഷ വ്യാഴാഴ്ച

തലശ്ശേരി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ കോളേജ് വിദ്യാര്‍ഥിനിയെ വെട്ടിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജി വി.ജയറാം വിധിച്ചു. ശിക്ഷ വ്യാഴാഴ്ച പറയും. 

തലശ്ശേരി ചിറക്കര കെ.ടി.പി.മുക്ക് സംജാസില്‍ ഷഫ്‌നയെ(18) വെട്ടിക്കൊന്ന കേസില്‍ തലശ്ശേരി മോറക്കുന്ന് തൗഫീഖ്മന്‍സില്‍ ചെറിയപറമ്പത്ത് മുഹമ്മദ് അഫ്‌സലിനെയാണ്(36) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 

കൊലപാതകം,വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി വിധിച്ചു.
ശിക്ഷയിന്‍മേല്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. 2004 ജനവരി 23-ന് ഉച്ചയ്ക്കാണ് കേസിനാസ്​പദമായ സംഭവം.

തലശ്ശേരി ക്രൈസ്റ്റ് കോളേജ് ബിരുദവിദ്യാര്‍ഥിനിയായ ഷഫ്‌ന ക്ലാസുകഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അക്രമത്തിനിരയായത്. വീടിനുസമീപം കാത്തുനിന്ന പ്രതി വീട്ടുമുറ്റത്തുവെച്ചാണ് പെണ്‍കുട്ടിയെ കൊടുവാള്‍കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.

സംഭവദിവസം വൈകിട്ട് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് കടന്നു. എട്ടുവര്‍ഷത്തിനുശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ബാംഗ്ലൂര്‍വഴിയാണ് വിദേശത്തേക്കുകടന്നത്.

കുവൈത്തിലായിരുന്ന പ്രതി പലയിടങ്ങളിലായി ജോലിചെയ്തുവരികയായിരുന്നു. ഒക്ടോബര്‍ നാലിനാണ് വിചാരണ തുടങ്ങിയത്. പെണ്‍കുട്ടിയുടെ അമ്മ ജമീലയാണ് കേസിലെ ഏക ദൃക്‌സാക്ഷി. വിചാരണവേളയില്‍ പ്രതിയെ ജമീല കോടതിയില്‍ തിരിച്ചറിഞ്ഞു.
പ്രണയനൈരാശ്യത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് മകളെ പ്രതി വെട്ടിക്കാന്നതെന്ന് ജമീല മൊഴി നല്കി. അമ്മയുള്‍പ്പെടെ 20 പേരെ വിസ്തരിച്ചു. 

വിദേശത്തുനിന്ന് പിടികൂടി നാട്ടിലേക്ക് കൊണ്ടുവന്ന പ്രതി വിചാരണവേളയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ സമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. പ്രതി ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ടതു മുതല്‍ മന്ത്രിമാര്‍ക്കും പോലീസിലും കോടതിയിലും പരാതിയുമായി കയറിയിറങ്ങുകയായിരുന്നു സമ്മൂട്ടി.

മകള്‍ കൊല്ലപ്പെട്ടതിനുശേഷം ചിറക്കരയിലെ വീട് ഒഴിവാക്കി സമ്മൂട്ടി പൊന്ന്യം സ്രാമ്പിക്കുസമീപം ഷഫ്‌നാസിലാണ് താമസം. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.വിശ്വന്‍ ഹാജരായി.


Keywords: Kerala News, Kannur, Safna Murder Case, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.