Latest News

കാന്തപുരത്തിന്റെ കര്‍ണാടകയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗുല്‍ബര്‍ഗ: 'മാനവ സമൂഹത്തെ മാനിക്കുക' എന്ന പ്രമേയത്തില്‍ അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന കര്‍ണാടക യാത്രക്ക് ശനിയാഴ്ച ഗുല്‍ബര്‍ഗയില്‍ തുടക്കമാവും. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ രണ്ട് യാത്രകള്‍ നടത്തി ചരിത്രം കുറിച്ച ആഗോള പണ്ഡിത പ്രതിഭയും മര്‍കസ് ചാന്‍സലറുമായ കാന്തപുരം കര്‍ണാടക യാത്ര നടത്തുന്ന ആദ്യ മുസ്‌ലിം പണ്ഡിതനാണ്.

യാത്രയെ വരവേല്‍ക്കുന്നതിന് വന്‍സജ്ജീകരണമാണ് കര്‍ണാടകയിലുടനീളം ഒരുക്കയിട്ടുള്ളത്. യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ എല്ലായിടത്തും നിറഞ്ഞിട്ടുണ്ട്. 150 സ്ഥിരാംഗങ്ങളാണ് യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഗുല്‍ബര്‍ഗ ഖാജാ ബന്തേനവാസ് മഖാം സിയാറത്തോടെയാണ് യാത്ര തുടങ്ങുക. ഉള്ളാള്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സിയാറത്തിന്ന് നേതൃത്വം നല്‍കും. ബന്തേനവാസ് സജ്ജാദെ നശീന്‍ സയ്യിദ് ഖുസ്‌റോ അല്‍ ഹുസൈനിയുടെ അധ്യക്ഷതയില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന കാര്‍ഗെ ഉദ്ഘാടനം ചെയ്യും. മന്ത്രി ഖമറുല്‍ ഇസ്‌ലാം 'കാന്തപുരം കാലത്തിന്റെ കാവലാള്‍' ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിക്കും. മൗലാനാ മുഫ്തി സ്വാദിഖലി ചിശ്തി മലേഗാവ്, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, കുടക് ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പലം, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, ഇഖ്ബാല്‍ അഹ്മദ് സര്‍ദഗി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ, ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്ജ്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, എച്ച് വിശ്വനാഥ്, ഗതാഗത മന്ത്രി രാംലിംഗ റെഡ്ഢി, നിയമമന്ത്രി ഡി പി ജയചന്ത്ര തുടങ്ങിയ പ്രമുഖര്‍ പ്രസംഗിക്കും.
കര്‍ണാടകയിലെ 18 ജില്ലകളിലൂടെ കടന്ന് പോകുന്ന യാത്ര നവംബര്‍ രണ്ടിന് വൈകിട്ട് 3 മണിക്ക് മംഗലാപുരം നെഹ്‌റു മൈതാനിയില്‍ സമാപിക്കും. സമാപന സമ്മേളനം യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദാരാമയ്യ ഉദ്ഘാടനം ചെയ്യും. 

വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ ബോധവല്‍കരണവുമായി കടന്ന് പോകുന്ന കര്‍ണാടക യാത്ര മതസൗഹാര്‍ദം വളര്‍ത്തുന്നതിനുള്ള ക്രിയാത്മക കൂട്ടായ്മക്ക് വേദിയാകും. കര്‍ണാടകയില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് ഈ കാലയളവില്‍ തുടക്കം കുറിക്കും.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി ദഅ്‌വത്തെ ഇസ്‌ലാമി തുടങ്ങിയ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന യാത്ര കര്‍ണാടക എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ മുന്നോടിയായാണ് സംഘടിപ്പിക്കുന്നത്.


Keywords: National, Karndaka, Kandapuram, Karnadaka Yathra,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.