കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രി നേഴ്‌സും ഭര്‍ത്താവും അപകടത്തില്‍പ്പെട്ടുവെന്ന് വിശ്വസിപ്പിച്ച് തോയമ്മലിലെ ജില്ലാ ആശുപത്രി കോംപൗണ്ടില്‍ തന്നെ സ്ഥിതിചെയ്യുന്ന ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാരില്‍ നിന്ന് യുവതി പതിനായിരം രൂപ തട്ടിയെടുത്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
യുവതിയുടെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടത് കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ ജി ഒ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയും ബ്രാഞ്ച് പ്രസിഡണ്ടും അടക്കമുള്ള നേതാക്കള്‍ക്ക്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നാടകീയ പണം തട്ടല്‍ സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ കോട്ടച്ചേരി നഗര ഹൃദയത്തിലുള്ള എം ഡി എക്‌സ് എന്ന രക്ത പരിശോധന സ്ഥാപനത്തില്‍ എത്തിയ ഏതാണ്ട് 25 വയസ്സ് പ്രായമുള്ള യുവതി എം ഡി എക്‌സിലെ ലാബ് ടെക്‌നീഷ്യനായ രാജുവിനെ സമീപിച്ച് താന്‍ ജില്ലാ ആശുപത്രിയിലെ നേഴ്‌സായ ജിഷയാണെന്നും താനും ഭര്‍ത്താവ് വിനോദും വാഹനാപകടത്തില്‍പ്പെട്ടുവെന്നും ഭര്‍ത്താവിനെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഭര്‍ത്താവിന് ഗുരുതര പരിക്കുള്ളതിനാല്‍ മംഗലാപുരത്തേക്ക് മാറ്റണമെന്നും കൈയ്യില്‍ കാശില്ലെന്നും യുവതി രാജുവിനെ ധരിപ്പിച്ചു.
രാജു തന്റെ സുഹൃത്തായ പള്ളിക്കര പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാറിനോട് വിവരം പറഞ്ഞു. കൃഷ്ണകുമാറാകട്ടെ ഉടന്‍ തന്നെ ജില്ലാ ആശുപത്രി കോംപൗണ്ടിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാരനും എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അശോക് കുമാര്‍ കോടോത്തിനെ ബന്ധപ്പെട്ടു. തല്‍സമയം കോടോത്ത് പുതിയ വീടിന്റെ നിര്‍മാണ സ്ഥലത്തുണ്ടായിരുന്ന അശോക് കുമാര്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ ബന്ധപ്പെട്ട് ജിഷ എന്ന നേഴ്‌സ് ജോലി ചെയ്യുന്നുണ്ടോ എന്ന് അന്വേഷിച്ചു.
ജിഷ ആശുപത്രിയിലെ നേഴ്‌സ് തന്നെയാണെന്നും രണ്ട് ദിവസമായി ലീവിലാണെന്നും വിവരം ലഭിച്ചതോടെ അശോകന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിളിച്ച് സഹപ്രവര്‍ത്തകയും ഭര്‍ത്താവും അപകടത്തില്‍പ്പെട്ടുവെന്നും അടിയന്തിര സഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിലെ ക്യാഷ്യറും എന്‍ ജി ഒ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് പ്രസിഡണ്ടുമായ ബ്രിജേഷും ക്ലാര്‍ക്ക് ശ്രീകുമാറും മറ്റൊരു ജീവനക്കാരനായ ഗോപിയും യുവതി പറഞ്ഞതനുസരിച്ച് ഉടന്‍ തന്നെ കോട്ടച്ചേരി സണ്‍റൈസ് ആശുപത്രി പരിസരത്തെത്തി.
തല്‍സമയം ബ്രിജേഷിനെയും ശ്രീകുമാറിനെയും ഗോപിയെയും സണ്‍റൈസ് ആശുപത്രി പരിസരത്ത് കാത്ത് നിന്ന യുവതി താന്‍ ജിഷയുടെ അനുജത്തി അമൃതയാണെന്നും ചേച്ചി ആശുപത്രിയില്‍ രക്തം നല്‍കുകയാണെന്നും പണം തന്നെ ഏല്‍പ്പിക്കാന്‍ പറഞ്ഞുവെന്നും മൂവരെയും അറിയിച്ചു. തുടര്‍ന്ന് എത്ര പണം വേണമെന്ന് ബ്രിജേഷും ശ്രീകുമാറും ചോദിച്ചപ്പോള്‍ പതിനായിരം രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതനുസരിച്ച് പതിനായിരം രൂപ യുവതിയെ ഏല്‍പ്പിച്ച് ബ്രിജേഷും ശ്രീകുമാറും ഗോപിയും ജിഷയുടെ ഭര്‍ത്താവ് വിനോദ് ചികിത്സയില്‍ കഴിയുന്ന മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലേക്ക് തിരിച്ചു.
അവിടെയെത്തി അന്വേഷിച്ചപ്പോള്‍ വിനോദ് എന്ന പേരില്‍ ആരും ആശുപത്രിയിലില്ലെന്ന് വ്യക്തമായതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരം അസോസിയേഷന്‍ നേതാക്കള്‍ക്ക് ബോധ്യമായത്. ഉടന്‍ തന്നെ യുവതി ബന്ധപ്പെട്ടിരുന്ന മൊബൈല്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജിഷ എന്ന പേരില്‍ ജില്ലാ ആശുപത്രിയില്‍ നേഴ്‌സ് ജോലി ചെയ്യുന്നുണ്ട്. അവരുടെ ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ്. ഇവരാകട്ടെ അപകടത്തില്‍പ്പെടുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വൈകാതെ ബോധ്യപ്പെടുകയും ചെയ്തു.
എം ഡി എക്‌സ് രക്ത പരിശോധന സ്ഥാപനത്തിലെ ടെക്‌നീഷ്യന്‍ രാജുവിനെ പറ്റിക്കാനാണ് യുവതി പദ്ധതി തയ്യാറാക്കിയതെങ്കിലും ഇവരുടെ കെണിയില്‍ വീണത് സ്ഥിരമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന എന്‍ ജി ഒ അസോസിയേഷന്‍ നേതാക്കളാണ്. ഏതാണ്ട് രണ്ട് ലക്ഷം രൂപയുമായാണ് 'അത്യാഹിതത്തില്‍പ്പെട്ട്' ആശുപത്രിയിലായ സഹപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും സഹായിക്കാന്‍ എന്‍ ജി ഒ അസോസിയേഷന്‍ നേതാക്കള്‍ ആശുപത്രിയിലെത്തിയത്. പതിനായിരം രൂപ മതിയെന്ന് യുവതി പറഞ്ഞതിനാല്‍ കൂടുതല്‍ പണം നഷ്ടപ്പെടാതെ നേതാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
അതീവ സുന്ദരിയാണ് നേഴ്‌സ് ജിഷ ചമഞ്ഞ് തട്ടിപ്പിനിറങ്ങിയ 25 കാരി. വിലകൂടിയ മൊബൈല്‍ഫോണ്‍ യുവതിയുടെ കൈവശമുണ്ടായിരുന്നു. സിന്ദൂരത്തിലകമണിഞ്ഞ് ഏറെ കുലീനതയോടെ എത്തിയ യുവതി ജില്ലാ ആശുപത്രിയിലെ സകല ജീവനക്കാരുടെയും പേരു വിവരങ്ങളൊക്കെ മനപാഠമാക്കിയ ആളുകൂടിയാണ്.


No comments:
Post a Comment