കാഞ്ഞങ്ങാട് : അനശ്വര ത്യാഗത്തിന്റെ അനുസ്മരണയുമായി കടന്ന് വരുന്ന ബലിപെരുന്നാള്‍ ആഘോഷം മാനവ ചരിത്രത്തിലെ ഐതിഹാസികമായ ദൈവാര്‍പ്പണ സന്നദ്ധതയോട് നീതി പുലര്‍ത്തുന്ന വിധം ചൈതന്യപൂര്‍ണവും സൗഹൃദപരവുമായി നിര്‍വ്വഹിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനം ചെയ്തു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അനന്യമായ ത്യാഗത്തിന്റെ അത്ഭുതഗാഥയിലെ നായകരായ ഹസ്രത്ത് ഇബ്രാഹിമും മകന്‍ ഇസ്മായിലും മാതാവ് ഹാജിറയും അനുഷ്ഠിച്ച കര്‍മ്മങ്ങളെ അനുധാവനത്തിലൂടെ അനുസ്മരിച്ച് നാല്‍പ്പത് ലക്ഷത്തിലധികം വിശ്വാസികള്‍ ദേശ- ഭാഷാ-വേഷ-വര്‍ണ വൈജാത്യങ്ങളില്ലാതെ വിശ്വമാനവികത വിളംബരം ചെയ്യുന്ന അറഫാസംഗമത്തിന്റെ പിറ്റേന്ന് കടന്നു വരുന്ന പെരുന്നാള്‍ അതിരുകളില്ലാത്ത മനുഷ്യ സാഹോദര്യത്തിന്റെ ആഘോഷം കൂടിയാണ്.
ആഘോഷമെന്ന പദത്തിന് നവകാലത്ത് വന്ന് ചേര്‍ന്ന അവദ്രംശത്തിന്റെ ഫലമായി ആത്മീയമായ ആഘോഷങ്ങളെയും ആഭാസമാക്കുന്ന പ്രവണത ഏറിവരികയാണ്. പെരുന്നാള്‍ എല്ലാ ആഭാസങ്ങളെയും ക്രമരാഹിത്യത്തെയും അസാന്മാര്‍ഗികതയെയും നിരാകരിക്കുകയാണ്.
ബൈക്ക് റൈസിംഗും സദാചാരത്തിന് നിരക്കാത്ത കലാപ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും പാര്‍ക്കുകളിലും ബീച്ചുകളിലും പൂവാലന്‍മാരെ ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള അഴിഞ്ഞാട്ടങ്ങളുമെല്ലാം ഒഴിവാക്കി ഇബ്രാഹിമി ത്യാഗത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്ന പെരുന്നാളാക്കി ഈ ആഘോഷത്തെ മാറ്റണമെന്ന് മൂവരും പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു.


No comments:
Post a Comment