Latest News

സഫീദയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി

കാസര്‍കോട്:  ഭര്‍തൃവീട്ടിനടുത്ത കിണറ്റില്‍ ആദൂര്‍ മുഗുളി സ്വദേശിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല അറിയിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി.

ഞായറാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ മന്ത്രിയ്ക്കു യുവതിയുടെ പിതാവും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ എ.കെ.ശങ്കര്‍, മുഹമ്മദ് പട്ടാങ്ക് തുടങ്ങിയവരും നിവേദനം നല്‍കാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആദൂര്‍ മുഗുളി ഹൗസിലെ എ.എം.ഹമീദിന്റെ മകളായ ഫാത്തിമത്ത് സഫീദ(19)യെ ഒക്ടോബര്‍ മൂന്നിനാണ് അമ്പലത്തറ പാറപ്പള്ളിയിലെ ഭര്‍ത്താവ് ജാസിറിന്റെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ഏറെ ദുരൂഹത ഉയര്‍ന്നിരുന്നു.

നാലു മാസം മുമ്പായിരുന്നു സഫീദയും ജാസിറും വിവാഹിതരായത്. ഭര്‍തൃവീട്ടില്‍ സഫീദയ്ക്കു നിരന്തരം പീഡനം ഏറ്റിരുന്നതായി പരാതി ഉയര്‍ന്നിരുന്നു. സഫീദയുടെ മൃതദേഹം കാണപ്പെട്ട കിണറിനടുത്ത് ജാസിറിന്റെ ചെരുപ്പുകള്‍ കാണപ്പെട്ടതു സംശയം വര്‍ധിപ്പിച്ചിരുന്നു.

ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണന്‍ കുണ്ടാര്‍, സെക്രട്ടറി എം.ടി. ശാഫി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.