Latest News

കല്ലട്ര മാഹിന്‍ ഹാജിയുടെ രാജി കത്ത്; ലീഗിലെ വിഭാഗിയത മറനീക്കി പുറത്ത് വരുന്നു

കാസര്‍കോട്: കല്ലട്ര മാഹിന്‍ ഹാജി മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചു കൊണ്ടുള്ള കത്ത് നല്‍കിയതോടെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിററിയില്‍ ഉരുണ്ടു കൂടിയ വിഭാഗിയത മറ നീക്കി പുറത്ത് വന്നു.

കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗത്തില്‍ കല്ലട്ര മാഹിന്‍ ഹാജിയും പാര്‍ട്ടിയുടെ പ്രധാന ഭാരവാഹിയും തമ്മില്‍ വക്കേററം നടക്കുകയും കയ്യങ്കാളിയിലെത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം പുറത്തു വന്ന ഒരു ഓഡിയോ ക്ലിപ്പാണ് മഹിന്‍ ഹാജിക്ക് രാജി കത്ത് നല്‍കാന്‍ പ്രേരണ നല്‍കിയത്.

കല്ലട്ര മാഹിന്‍ ഹാജിയുടെ പിതാവും പൗര പ്രമുഖനും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയെ വില കുറച്ചു കാണിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങളാണ് ഈ ഓഡിയോ ക്ലിപ്പിലുളളത്.

കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയെ തളങ്കരയില്‍ നിന്നും ഒരു ചടങ്ങില്‍ വെച്ച് അടിച്ചോടിച്ചതാണെന്നും പിതാവിന് കഴിയാത്ത കാര്യം മകന് കഴിയില്ലെന്നും മറ്റുമുള്ള ജില്ലാ ഭാരവാഹിയുടെ പരാമര്‍ശമാണ് ഓഡിയോ ക്ലിപ്പിലുള്ളതെന്നാണ് വിവരം. 

തളങ്കരയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയുടെ സംസ്ഥാന നേതാവ് മററ് ചിലരുമായി അബ്ദുല്‍ഖാദര്‍ ഹാജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചിലര്‍ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് മാഹിന്‍ ഹാജിയെ കേള്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെളളിയാഴ്ച വൈകുന്നേരം 7 മണിയോടെ പ്രത്യേക ദൂതന്‍ മുഖേന മാഹിന്‍ ഹാജി രാജികത്ത് ജില്ലാ കമ്മിററി ഓഫീസ് സെക്രട്ടിക്ക് എത്തിച്ചു കൊടുത്തത്. 

ഈ കത്ത് ജില്ലാ കമ്മിററിയുടെ ഭാരവാഹികളുടെ കൈയ്യിലെത്തുന്നതിന് മുമ്പ് തന്നെ കാസര്‍കോട്ടെ ഒരു ഓണ്‍ലൈന്‍ പത്രം രാജി വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു. ഈ വാര്‍ത്ത പറത്ത് വന്ന ഉടനെ യൂത്ത്‌ലീഗ് നേതാവിന്റെ ഉടമസ്ഥതയിലുളള മറെറാരും ഓണ്‍ലൈന്‍ പത്രത്തില്‍ നിന്നും ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയെ ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു സംഭവമേയില്ലെന്നാണ് പറഞ്ഞത്. പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടെന്ന് വരുത്തി നേതാക്കളെ തമ്മിലടിപ്പിക്കാന്‍ ചിലര്‍ കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ പ്രചാരമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീനും പ്രഖ്യാപിക്കുകയുണ്ടായി.
എന്നാല്‍ ജില്ലാ കമ്മിററി ഓഫീസില്‍ എത്തിയ രാജി കത്ത് ജില്ലാ പ്രസിഡണ്ടിനും, സെക്രട്ടറിക്കും ലഭിക്കുന്നതിന് മുമ്പ് പുറത്തായത് ലീഗില്‍ പുതിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
അതേ സമയം രാജികത്ത് നല്‍കിയെന്ന വാര്‍ത്ത കല്ലട്ര മാഹിന്‍ ഇതുവരെ നിഷേധിച്ചിട്ടുമില്ല.

അതിനിടെ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിക്കെതിരെ മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയ ലീഗ് ഭാരവാഹിക്കെതിരെ അണികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മരിക്കുന്നത് വരെ ചന്ദ്രിക ഡയറക്ടറായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി പാര്‍ട്ടിക്ക് വേണ്ടി ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും ഓഡിയോ കാസറ്റില്‍ പരാമര്‍ശമുണ്ട്.

കാസര്‍കോട് മണ്ഡലം കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം നല്‍കിയത് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയാണെന്നും കാഞ്ഞങ്ങാട്ട് പാര്‍ട്ടി ഓഫീസും സ്ഥലവും സംഭാവന ചെയ്തത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മഹാമനസ്‌ക്കതയാണെന്നും ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചു കൊണ്ടാണ് ലീഗ് ഭാരവാഹി അപകീര്‍ത്തികരമായതും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടുന്നതുമായ രീതിയില്‍ പരാമര്‍ശം നടത്തിയിട്ടുള്ളതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ അനാരോഗ്യം മൂലം സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാന്‍ സാധിക്കാത്ത ചെര്‍ക്കളം അബ്ദുല്ലയെ പ്രസിഡണ്ട് സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ വര്‍ക്കിംഗ് പ്രസിഡണ്ടായി കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് സംഘടനയെ കാര്യമായി ബാധിക്കുന്ന രീതിയിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അരങ്ങേറിയിരിക്കുന്നത്.

നേരത്തെ യൂത്ത് ലീഗ് നേതൃത്വവുമായി ജില്ലാ മുസ്ലിം ലീഗിലെ പ്രധാന ഭാരവാഹികള്‍ ഇടഞ്ഞതും പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബാര്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയവും ലീഗിന് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. യൂത്ത്‌ലീഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു വിധം പരിഹരിച്ചും ബാര്‍ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെട്ട് പരിഹാരം കാണുകയും സംഘടനയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനം സജീവമായിരിക്കുമ്പോഴാണ് പ്രവര്‍ത്തകരെയും അണികളെയും നിരാശരാക്കുന്ന സംഭവ വികാസങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തെ പിടിച്ചുകുലുക്കുന്നത്. 

സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗിയത കൂടുതല്‍ ശക്തമായേക്കും. അതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന നേതൃത്വം മാഹിന്‍ ഹാജിയെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ തുടങ്ങി. പ്രശ്‌നം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കുന്നതിന് വേണ്ടി രണ്ട് ദിവസത്തിനകം സംസ്ഥാന നേതാക്കള്‍ കാസര്‍കോട്ടെത്തുമെന്നാണ് അറിയുന്നത്.


Keywords: Kasaragod, Kallatra Mahin Haji, Kallatra Abdul Khader Haji, Muslim Leegu, Kasaragod iuml, Cherkkulam Abdulla, MC Qamarudheen, Indian union Muslim Leegu, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.