Latest News

സുധീരന്റെ ജനപക്ഷയാത്ര നവംബര്‍ നാലിനു കുമ്പളയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്ര കാസര്‍കോട്‌ ജില്ലയിലെ കുമ്പളയില്‍ നവംബര്‍ നാലിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒമ്പതിനു റാലിയോടെ തിരുവനന്തപുരത്തു യാത്ര സമാപിക്കും. വെളളിയാഴ്ച ചേര്‍ന്ന കെപിസിസിയുടെ വിവിധ യോഗങ്ങളില്‍ യാത്രയുടെ വിശദാംശങ്ങള്‍ക്കു രൂപം നല്‍കി.

ബൂത്ത് തലം മുതല്‍ കെപിസിസി വരെയുള്ള വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്കുള്ള പ്രവര്‍ത്തന ഫണ്ടു സ്വരൂപിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അറിയിച്ചു. മതേതര കേരളം, അക്രമരഹിതകേരളം, ലഹരിവിമുക്തകേരളം, വികസിത കേരളം എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിയായിരിക്കും യാത്ര നടത്തുക. ജനപക്ഷ യാത്ര വമ്പിച്ച ജനമുന്നേറ്റമായി മാറുമെന്നു സുധീരന്‍ പറഞ്ഞു. യാത്രയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു.

കാസര്‍കോട്‌, വയനാട് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നു യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വയനാട്ടില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ഇടുക്കിയിലെ പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇതിന്റെ മേല്‍നോട്ടത്തിനായി ഒരു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. റബര്‍ വിലയിടിവു തടയുന്നതിനും തീരപരിപാലന നിയമം നടപ്പിലാക്കിയതു മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും അടിയന്തരനടപടികള്‍ സ്വീകരിക്കണം. ശബരിമല തീര്‍ഥാടനത്തിനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നടത്തണം.

സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാനപരിധി ഉയര്‍ത്തിയതു സംബന്ധിച്ചുണ്ടായിട്ടുള്ള അതൃപ്തി പരിഹരിക്കാന്‍ നടപടി വേണമെന്നു യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വേണ്ടത്ര ചര്‍ച്ച നടത്താതെ നികുതിവര്‍ധന നടപ്പാക്കിയതു ശരിയായില്ലെന്നു വി.ഡി. സതീശന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കെപിസിസി വ്യക്തമായ നിലപാടെടുത്തില്ല. കെപിസിസിയുടെ അഭിപ്രായം വിശദമായ കുറിപ്പായി സര്‍ക്കാരിനു മുമ്പുതന്നെ നല്‍കിയിരുന്നതായി സുധീരന്‍ ചൂണ്ടിക്കാട്ടി.

കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച നേതാക്കള്‍ക്കു പിന്നീടു പാര്‍ട്ടിയില്‍ അര്‍ഹമായ പദവി കിട്ടാത്ത പ്രശ്‌നം ടി. സിദ്ദിഖ്, എം. ലിജു തുടങ്ങിയവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ എന്തു നടപടി സാധ്യമാണെന്ന കാര്യം പരിശോധിക്കാമെന്ന് സുധീരന്‍ യോഗത്തില്‍ പറഞ്ഞു.

നീര ഉത്പാദനവുമായി ബന്ധപ്പെട്ട് കര്‍ഷക പ്രതിനിധികളും കൃഷി വകുപ്പുമായി ഉണ്ടായിട്ടുള്ള തര്‍ക്കം മുഖ്യമന്ത്രി ഇടപെട്ടു പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.


Keywords: Kerala News, VM Sudeeran, KPCC, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.