Latest News

വ്യാജസന്ദേശം നല്‍കി ലക്ഷങ്ങള്‍ തട്ടിയ ആഫ്രിക്കന്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: അവകാശികളില്ലാതെ മരിച്ച അമേരിക്കന്‍ കോടീശ്വരന്റെ സ്വത്ത് പാവങ്ങള്‍ക്കു വിതരണം ചെയ്യാനുണെ്ടന്ന വ്യാജസന്ദേശം മൊബൈല്‍ ഫോണിലേക്ക് അയച്ചു ലക്ഷങ്ങള്‍ തട്ടിയ ആഫ്രിക്കന്‍ യുവാവ് അറസ്റ്റിലായി. ഐവറികോസ്റ്റ് സ്വദേശി സബാലി റോളണ്ടനാണു (32) മലപ്പുറത്തു പിടിയിലായത്.

മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അമേരിക്കയില്‍ മരിച്ച കോടീശ്വരന് അനന്തരവകാശികളില്ലാത്തതിനാല്‍ ഒന്നേമുക്കാല്‍ കോടി ഡോളര്‍ പാവങ്ങള്‍ക്കു നല്‍കാനുണെ്ടന്നു കാണിച്ചായിരുന്നു മൊബൈല്‍ ഫോണ്‍ സന്ദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഊര്‍ങ്ങാട്ടിരി സ്വദേശി സബാലിയുമായി ബന്ധപ്പെട്ടു. തുടര്‍ന്നു തുക ഡല്‍ഹിയില്‍വച്ചു കൈമാറുമെന്നും ഇന്ത്യയിലേക്കു പണം കൈമാറുന്നതിനു നികുതിചെലവുകള്‍ക്കായി അഞ്ചു ലക്ഷം രൂപ മുന്‍കൂര്‍ നല്‍കണമെന്നും സബാലി ആവശ്യപ്പെട്ടു. ഇതുപ്രകാരം സെപ്റ്റംബര്‍ 26നു ഡല്‍ഹിയില്‍ വെച്ചു അഞ്ചു ലക്ഷം രൂപ കൈമാറി. 

തുടര്‍ന്ന് 76 കോടി ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ ഡോളര്‍ അടങ്ങിയ പ്രത്യേക പെട്ടി സബാലി നല്‍കി. പെട്ടി തുറന്നു ഡോളറാണെന്ന് ഉറപ്പുവരുത്തുകയും അതില്‍നിന്നു ഡോളറെടുത്തു വിനിമയം നടത്തി കാണിക്കുകയും ചെയ്തതോടെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള തട്ടിപ്പും ഫലം കണ്ടു. ഈ പെട്ടിയിലെ ഡോളറുകള്‍ മാത്രമായിരുന്നു യഥാര്‍ഥത്തിലുള്ളത്. പെട്ടിക്കുള്ളിലെ കറന്‍സിയില്‍ പ്രത്യേക രാസപദാര്‍ഥം ഉപയോഗിച്ചിട്ടുണെ്ടന്നും അതുകൊണ്ട് കറന്‍സിയായി വിനിമയം നടത്തണമെങ്കില്‍ മറ്റൊരു രാസദ്രാവകം ഉപയോഗിക്കേണ്ടിവരുമെന്നും അറിയിച്ചു.

ഈ രാസവസ്തു നല്‍കാന്‍ വീണ്ടും 60 ലക്ഷം കൂടി ആവശ്യപ്പെട്ടു. ഈ തുക നല്‍കുമ്പോള്‍ ഇതേ തുകയടങ്ങിയ രണ്ടു പെട്ടി ഡോളര്‍കൂടി നല്‍കുമെന്നും അറിയിച്ചു. ഒപ്പം ഡോളറുകള്‍ ഉപയോഗിക്കുന്ന വിധത്തിലാക്കാന്‍ രാസവസ്തുവും. മൂന്നു പെട്ടിയിലും കൂടി 1.25 ബില്യന്‍ ഡോളറാണ് മൊത്തമുണ്ടാവുക.

പക്ഷേ, ജിപിഎസ് വഴി ബന്ധിപ്പിച്ചിട്ടുള്ള ഈ പെട്ടികള്‍ തുറന്നുപയോഗിക്കണമെങ്കില്‍ അമേരിക്കയില്‍നിന്നു പാസ്‌വേര്‍ഡ് ലഭിക്കണമെന്നും വിശ്വസിപ്പിച്ചു. അര്‍ഹതപ്പെട്ടവര്‍ തന്നെയാണ് ഇതുപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണു പാസ്‌വേര്‍ഡ് നല്‍കുന്നതെന്നാണ് അറിയിച്ചത്. പെട്ടികള്‍ മറ്റു മാര്‍ഗങ്ങളുപയോഗിച്ചു തുറന്നാല്‍ ഡോളറുകള്‍ വൈറസ് കയറി നശിക്കും. താന്‍ രാജ്യം വിടുന്നതുവരെ പെട്ടികള്‍ തുറക്കാതിരിക്കാനായി ആഫ്രിക്കന്‍ യുവാവ് നടത്തിയ തന്ത്രമായിരുന്നു അത്. അതേസമയം, അഞ്ചു ലക്ഷം നല്‍കി കോടികള്‍ കരസ്ഥമാക്കാന്‍ പോയവര്‍ പെട്ടി തല്ലിപ്പൊളിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. പെട്ടിക്കുള്ളില്‍ കറന്‍സി രൂപത്തില്‍ അടുക്കി വച്ചത് കടലാസുകളായിരുന്നു. അതേസമയം, വ്യാജ ഡോളറുകള്‍ ഓരോ കെട്ടിലും പുറത്തുകാണുന്ന രൂപത്തില്‍ വച്ചിരുന്നു.

പണം നല്‍കാമെന്നു വിശ്വസിപ്പിച്ചു വിദേശിയായ പ്രതിയെ വിദഗ്ധമായി മലപ്പുറത്തെത്തിച്ചായിരുന്നു അറസ്റ്റ്. മലപ്പുറം ഡിവൈഎസ്പി അഭിലാഷിന്റെ നിര്‍ദേശ പ്രകാരം സിഐ ആര്‍. ആശോകന്‍, എസ്‌ഐ മനോജ് പറയറ്റ, സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമംഗങ്ങളായ ശശി കുണ്ടറക്കാട്, അബ്ദുല്‍ അസീസ്, സത്യനാഥന്‍, എഎസ്‌ഐ ഉമ്മര്‍ മേമന, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സാബുലാല്‍, അജിത് കുമാര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഞ്ചനക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. സബാലിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Keywords: Kerala News, Malappuram, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.