Latest News

ഒളിച്ചോടി കോടതിയില്‍ ഹാജരാവാന്‍ പോകുകയായിരുന്ന കമിതാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാന്‍ സഹോദരന്‍ നല്‍കിയ ക്വട്ടേഷനില്‍ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. ഇതില്‍ രണ്ടുപേര്‍ക്ക് പരിേക്കറ്റു. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

നടക്കാവ് പ്ലാറ്റിനം മാനറില്‍ ഫ്ലാറ്റ് നമ്പര്‍-2ലെ നൗല്‍(19) ആണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന പത്തു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ക്വട്ടേഷന്‍സംഘം സഞ്ചരിച്ച കാറില്‍നിന്ന് രണ്ടു വടിവാളും കത്തിയും പോലീസ് കണ്ടെടുത്തു.
സ്‌നേഹിച്ച ആളാടൊപ്പം ഒളിച്ചോടിയ സഹോദരിയെ വീണ്ടുകിട്ടാനായി സഹോദരന്‍ നല്കിയ ക്വട്ടേഷനിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ഫ്രാന്‍സിസ് റോഡ് മനന്തലപ്പാലം സ്വദേശിനിയായ 19-കാരിയെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ മാത്തോട്ടം സ്വദേശി ഷബീബ്(21) തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ചെമ്മങ്ങാട് പോലീസില്‍ പരാതി നല്കിയിരുന്നു.

ഇതറിഞ്ഞ ഇരുവരും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിനുമുമ്പില്‍ ഹാജരാകാന്‍ വരുന്നതിനിടയിലാണ് ആക്രമണം. ഇന്നോവ കാറില്‍ ഇവരുടെ കൂടെ ഷബീബിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. സ്വിഫ്റ്റ് കാറിലും ബൈക്കിലുമായി എത്തിയ ക്വട്ടേഷന്‍ സംഘം വൈകിട്ട് അഞ്ചുമണിയോടെ ബാങ്ക് റോഡിലെ ഗള്‍ഫ് ബസാറിനു മുമ്പില്‍ വെച്ച് ഇവരെ തടഞ്ഞു.

കൈയേറ്റത്തെത്തുടര്‍ന്ന് ഷബീബിനും കൂടെയുണ്ടായിരുന്ന മാത്തോട്ടം സ്വദേശി ഫിറോസ് മാമുവിനും പരിക്കേറ്റു. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘം നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ചിതറിയോടി. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തിലെ നൗലിനെ പിടികൂടിയത്. ചെമ്മങ്ങാട് പോലീസില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

നഗരത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന 10 പേര്‍ക്കായി തെരച്ചില്‍ ശക്തമാക്കും. കേസന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഷബീബിന്‍റെയും പെണ്‍കുട്ടിയുടെ കൂടെ കാറിലും ഉണ്ടായിരുന്നവര്‍ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണോ എന്നും അന്വേഷിക്കും.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.