Latest News

ഏഴു വയസ്സുകാരിയില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 202 പല്ലുകള്‍

ന്യൂഡല്‍ഹി: ഏഴു വയസ്സുകാരിയില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 202 പല്ലുകള്‍. ഗുഡ്ഗാവ് സ്വദേശിനിയായ പെണ്‍കുട്ടിയില്‍ നിന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാരാണ് ഇത്രയും പല്ലുകള്‍ നീക്കം ചെയ്തത്.

മോണവീക്കവും പല്ലുവേദനയും മൂലമാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എക്‌സ്‌റേയിലൂടെ കോംപൗണ്ട് ഓഡോന്റോം എന്ന തകരാറാണ് എന്നു കണ്ടെത്തുകയായിരുന്നു. പല്ലിന്റെ കോശങ്ങള്‍ ക്രമരഹിതമായി വളരുന്ന അവസ്ഥയാണിത്. വായുടെ ഉള്‍ഭാഗത്തു മാത്രമാണ് ഇത് കാണാന്‍ സാധിക്കുന്നത്.

രണ്ടു മണിക്കൂറോളമെടുത്താണ് ഇത്രയും പല്ലുകള്‍ നീക്കം ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷന്‍ വളരെ ലളിതമാണെങ്കിലും വളരെ ശ്രദ്ധ ആവശ്യമാണ്. സമീപത്തുള്ള മറ്റേതെങ്കിലും കലകളിലോ താടിയെല്ലിലോ മുറിവു പറ്റിയാല്‍ ഭേദമാകാന്‍ നീണ്ട കാലയളവ് തന്നെ വേണ്ടി വരും എന്നതിനാലാണിത്. പ്രത്യേകതരത്തിലുള്ള ഉപകരണം ഉപയോഗിച്ചാണ് അസ്ഥിയില്‍ നിന്നും പല്ലുകള്‍ നീക്കം ചെയ്തത്.

ചിലരില്‍ ഇത്തരത്തിലുള്ള മൂന്നോ നാലോ പല്ലുകള്‍ കാണപ്പെടാറുണ്ടെങ്കിലും ഒരു ഏഴു വയസ്സുകാരിയില്‍ 202 പല്ലുകള്‍ കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടിക്ക് കട്ടിയാഹാരങ്ങള്‍ കഴിച്ചു തുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയുടെ ജന്മദിനത്തിന്റെ അടുത്ത ദിവസമായിരുന്നു ഓപ്പറേഷന്‍. ആശുപത്രിയില്‍ വെച്ച് പിറന്നാള്‍ കേക്ക് മുറിച്ച ശേഷമായിരുന്നു ഓപ്പറേഷന്‍ നടത്തിയത്.

നേരത്തെ മൂംബൈയില്‍ പതിനേഴുകാരനില്‍ നിന്നും 232 പല്ലുകള്‍ നീക്കം ചെയ്തിരുന്നു. 10 മുതല്‍ 18 വരെ പ്രായമുള്ളവരിലാണ് ഈ അവസ്ഥ കാണുന്നത്.


Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.