Latest News

മദ്യവും വിവാഹധൂര്‍ത്തും വൈകി വന്ന വിവേകവും

സാമൂഹിക വിപത്തും തിന്‍മയുമായ മദ്യപാനശീലത്തിനും വിവാഹധൂര്‍ത്തിനുമെതിരെ പ്രബല രാഷ്ട്രീയ കക്ഷിയായ മുസ്ലിംലീഗിന്റെ നേതാക്കന്‍മാരും യുവജന പ്രസ്ഥാനവും മറ്റ് രാഷ്ട്രീയ മത സംഘടനകളും മാധ്യമങ്ങളുമൊക്കെ തന്നെ സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് കൊണ്ട് രംഗത്തിറങ്ങിയത് സ്വാഗതം ചെയ്യുന്നു.

അതോടൊപ്പം തന്നെ മദ്യനിരോധന നിയമം നടപ്പിലാക്കിക്കൊണ്ടിരിക്കെ തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ബിവറേജുകളിലും കൂടെ മദ്യം ലഭ്യമായിക്കൊണ്ടിരിക്കുന്ന അവസ്ഥ തുടരുകയും ചെയ്യുന്ന നിലയ്ക്ക് മദ്യനിരോധന ആശയം എങ്ങനെ പൂര്‍ണ്ണമാകും?

അതുപോലെ തന്നെയാണ് വിവാഹധൂര്‍ത്തിന്റെ പേരില്‍ ശക്തമായ സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കുലറുകളും ഇറക്കി ഉത്ഭോധനം നടത്തിക്കൊണ്ടിരിക്കെ ഒരു ഭാഗത്ത് ആര്‍ഭാടവും മാമൂലുകളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നതായി കാണുന്നു. എന്തെല്ലാം കാരണങ്ങളാണ് വിവാഹധൂര്‍ത്തിന് കാരണമാകുന്നുവെന്ന കാര്യം ആരുടെ ഭാഗത്ത് നിന്നും ഇതുവരെയും വ്യക്തമാക്കുന്നതായി കാണുന്നില്ല.

ബന്ധുമിത്രാദികളെയും മറ്റും ക്ഷണിച്ച് വരുത്തിക്കൊണ്ട് ആരോഗ്യത്തിന് ഹാനികരമാകുന്നത് നാവിന് സ്വാദിഷ്ടവുമായ ഭക്ഷണവും കല്ല്യാണത്തിന് പങ്കെടുക്കുന്നവരുടെ ബാഹുല്യമാണോ? അതിഥികള്‍ക്ക് ഇരിപ്പിടം ഭംഗിയാക്കുന്ന പന്തലും കസേരയുമാണോ? ഭക്ഷണ വിഭവങ്ങളുടെ എണ്ണവും മാരക വിഷങ്ങളടങ്ങിയ കോള, പെപ്‌സി പോലെയുള്ള പാനീയമാണോ? നേരത്തെ ഭക്ഷണത്തിന് ആവശ്യമില്ലാത്ത ഭക്ഷണത്തോടൊപ്പം നല്‍കുന്ന ഐസ്‌ക്രീമാണോ? ഭക്ഷണം ദഹിപ്പിക്കാനാവശ്യമായ ഫ്രൂട്ടാണോ? അതിഥികളെ ക്ഷണിച്ച് വരുത്തിക്കൊണ്ട് അഭയാര്‍ത്ഥി ക്യാമ്പിലും ഹോസ്പിറ്റലിലും ജയിലുകളിലും അനാഥാലയങ്ങളിലും മറ്റും നല്‍കുന്ന ഭക്ഷണസംവിധാനമാണോ? ഇസ്ലാമിലും ഭാരതീയ സംസ്‌കാരത്തിലും അന്യമാക്കപ്പെട്ട പാശ്ചാത്യസംസ്‌കാര രീതിയായ ബൊഫെയാണോ? വിവാഹം നടത്തുന്ന വീട്ടില്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹം നടത്തുന്നതാണോ? വിവാഹ പന്തലില്‍ സ്റ്റേജ് കെട്ടി ഒപ്പനയും ഓര്‍ക്കഷ്ട്രയുമായി പാട്ട് പാടുന്നതാണോ? ഉല്‍സവക്കാഴ്ചയ്ക്ക് സമാനമായി വരനെ ആനയിച്ച് കൊണ്ട് പോകുന്ന രീതിയാണോ? ഗതാഗത തടസ്സം സൃഷ്ടിക്കുന്ന മോട്ടോര്‍ ബൈക്ക് പ്രകടനവും റൈസുമാണോ? ആരോഗ്യത്തിന് ഹാനികരവും വായുമലിനീകരണം വരുത്തി വെക്കുന്നതുമായ പടക്കങ്ങളും കളറു വെടികളും സ്‌പ്രേകളുമാണോ ?കാടത്തരവും മൃഗീയവുമായ പ്രവണതകള്‍ നടത്തിക്കൊണ്ട് മാനസികവും സാമ്പത്തികവുമായി പീഡിപ്പിക്കുന്ന റാഗിംഗ് പ്രവണതയാണോ ആവശ്യമില്ലാത്ത കാര്യങ്ങളും ഇഷ്ടപ്പെടാത്തവരുടെയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണോ? മഹറിന് മുമ്പായി വില പേശുന്ന ഇസ്ലാമില്‍ അന്യമാക്കപ്പെട്ട സ്ത്രീധന സമ്പ്രദായമാണോ? ഇതര സമുദായത്തിന്റെ വിവാഹ വേളയില്‍ കാണാത്തതും ഇസ്ലാമില്‍ അന്യമാക്കപ്പെട്ടതുമായ ഇത്തരം കാര്യങ്ങളില്‍ ഏതാണ് വിവാഹ ധൂര്‍ത്ത എന്ന കാര്യം വ്യക്തമായിട്ടുള്ള സര്‍ക്കുലറുകളും സന്ദേശങ്ങളും നല്‍കേണ്ടതും നേതൃത്വം മാതൃകയാക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വിവാഹധൂര്‍ത്തിനെതിരെയുള്ള നീക്കം ലക്ഷ്യം കാണുകയുള്ളൂ.

നേതൃത്വം കൊടുക്കുന്നവരുടെ വീട്ടില്‍ നടക്കുന്ന വിവാഹവേളകളില്‍ ആദര്‍ശവും ആശയവും സൃഷ്ടി കര്‍ത്താവിന്റെ വിധി വിലക്കുകളും പ്രവാചകന്റെ ജീവിതരീതിയും സന്ദേശവും മാറ്റിവെച്ച് കൊണ്ടും വിസ്മരിച്ച് കൊണ്ടുമാവരുത് എന്ന കാര്യം നേതൃത്വം കൊടുക്കുന്നവരെ ഓര്‍മ്മപ്പെടുത്തുകയാണ്. യഥാര്‍ത്ഥ മതവിശ്വാസി എല്ലാ കാര്യത്തിലും സൃഷ്ടി കര്‍ത്താവിന്റെ വിലക്കുകളും സാമൂഹ്യ നിയമവും പാലിക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യേണ്ടവരാണെന്ന കാര്യം നാം വിസ്മരിക്കരുത്.

ഇബ്രാഹിം മാണിക്കോത്ത്



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.