Latest News

തിന്മക്കെതിരെ ജനശക്തി- എസ് വൈ എസ് സെമിനാര്‍ നവം.4 ന്

കാസര്‍കോട് : തിന്മക്കെതിരെ ജനശക്തി എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നംവബര്‍ 1 മുതല്‍ 30 വരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നവംബര്‍ 4 നു തിന്മ അനിവാര്യമായ ജാഗ്രത എന്ന പ്രമേയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി കെ പി സി സി പ്രസിഡണ്ട് വി എം സുധാരന്‍ ഉദ്ഘാടനം ചെയ്യും. ധൂര്‍ത്തും അഴിമതിയും എന്ന വിഷയത്തില്‍ അബ്ദുല്‍റഹ്മാന്‍ രണ്ടത്താണി, ചൂഷണ മുക്ത ആത്മീയത എന്ന വിഷയത്തില്‍ പിണങ്ങോട് അബൂബക്കര്‍, ലഹരി എന്ന പൈശാചികത എന്ന വിഷയത്തില്‍ സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ വിഷയാവതരണം നടത്തും.

ജില്ലാ കാമ്പയിന്റെ ഭാഗമായി മണ്ഡല തലത്തില്‍ നടത്താനുള്ള സമഗ്രമായ പ്രവര്‍ത്തന പദ്ധതി എസ് വൈ എസ് ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി അവതരിപ്പിക്കും. സെമിനാറില്‍ മുസ്ലിംലീഗ്, കോണ്‍ഗ്രസ്, സി പി എം തുടങ്ങിയ മുന്‍ നിര രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ സംബന്ധിക്കും.

ധൂര്‍ത്ത്, അഴിമതി, കപട ആത്മീയത, ലഹരി തുടങ്ങി സമൂഹത്തെ നശിപ്പിക്കുന്ന വിപത്തുകള്‍ക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എം എ ഖാസിം മുസ്ലിയാര്‍, സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, ട്രഷറര്‍ മെട്രോ മുഹമ്മദ്ഹാജി, അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.