Latest News

വാട്ടര്‍ അതോറിറ്റി ഭൂമി പതിച്ചുനല്‍കല്‍: മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശൂര്‍: പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കളമശേരിയിലെ വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കാന്‍ ഉത്തരവിട്ടതിലൂടെ സര്‍ക്കാരിന് അഞ്ച് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ഹരജിയിലാണ് അന്വേഷണം. എറണാകുളം വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല.

ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടി ഏറ്റെടുത്തതും ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതുമായ 50 സെന്‍റ് ഭൂമി അഞ്ച് കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കിയെന്നാണ് ആരോപണം. വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വി. അശോക്, മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ ഷേഖ് പരീത്, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ടി. രാജു, കണയന്നൂര്‍ താലൂക്ക് മുന്‍ തഹസില്‍ദാര്‍ ടി.എ. റഷീദ്, തൃക്കാക്കര നോര്‍ത്ത് മുന്‍ വില്ളേജ് ഓഫീസര്‍ കെ.എസ് സാബു, പള്ളിലംകര സ്വദേശികളായ എം.കെ അബ്ദുള്‍ അസീസ്, പ്രസന്നന്‍, ബിന്ദു അയ്യന്‍, വര്‍ഗീസ് എന്ന ഉബൈദ്, നൗഷാദ് എന്നിവരടങ്ങുന്ന 12 പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ജനുവരി ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. എറണാകുളം കളമശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജി കെ. ഹരിപാല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കളമശേരി മുനിസിപ്പാലിറ്റിയില്‍ പള്ളിലാംകര ഭാഗത്ത് ആലുവ-എറണാകുളം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ഏറ്റെടുത്ത വാട്ടര്‍ അതോറിറ്റിയുടെ ഒരു ഏക്കര്‍ ഭൂമിയില്‍ കയ്യേറി താമസിക്കുന്നവര്‍ക്കാണ് മന്ത്രി പതിച്ചു നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. പി.കെ. സുരേഷ് ബാബു ഹാജരായി.



Keywords: Kerala News,Ibarahim Kunhi, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.