Latest News

മുക്കുപണ്ടം പണയം വച്ച് 60 ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍

തൃശൂര്‍: മുക്കപണ്ടം പണയം വച്ച് 60 ലക്ഷത്തോളം തട്ടിയെടുത്ത പിടികിട്ടാപ്പുള്ളിയെ ക്രൈംബ്രാഞ്ച് ടെംപിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം പറമ്പ്രക്കാട്ടില്‍ ഗോപിയെ (46) വൈറ്റില ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണു പിടികൂടിയത്. വിവിധ ജില്ലകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ ജൂലൈ 16നു നൂറോളം കേസുകളില്‍ ഉള്‍പ്പെട്ട പൂവരണി ജോയിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജോയ് മോഷ്ടിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി മുക്കുപണ്ടമാക്കി വില്‍പന നടത്തി വരികയായിരുന്നു ഗോപി. തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി ഏജന്റുമാര്‍ മുഖേന വിവിധ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി പണം തട്ടുകയായിരുന്നു ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു.

സഹകരണ ബാങ്കുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണു മുക്കുപണ്ടം പണയപ്പെടുത്തിയിരുന്നത്. കൂറ്റനാട് തൊഴുക്കാട് കണ്ണംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നു പൂവരണി ജോയ് നടത്തിയ മോഷണ മുതലുകള്‍ വാങ്ങിയ കേസില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

മുനിസിപ്പല്‍ ഓഫിസ് റോഡില്‍ വച്ചു കാട്ടൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് 5,35,000 രൂപയും സ്വര്‍ണ ബിസ്‌ക്കറ്റുകളും കവര്‍ന്ന കേസില്‍ ഈസ്റ്റ് സ്‌റ്റേഷനിലും കൂടാതെ തൊടുപുഴ, പോത്താനിക്കാട്, മൂവാറ്റുപുഴ, കോലഞ്ചേരി, ആലുവ, ചാലക്കുടി സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ വിവിധ കേസുകളുണ്ട്. എസ്‌ഐ കെ.ജെ. ചാക്കോ, എഎസ്‌ഐമാരായ കെ. ജയകുമാര്‍, ടി.ആര്‍. ഗ്ലാഡ്‌സ്റ്റണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. സൂരജ്, ലിന്റോ ദേവസി, സി.സി. സുഭാഷ്, സിവില്‍ പൊലീസ് ഓഫിസര്‍ കെ. സുബീര്‍ കുമാര്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.


Keywords: Kerala News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.